|    Nov 17 Sat, 2018 10:39 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേശീയ അവാര്‍ഡ് വിതരണം: ജയരാജനും യേശുദാസിനും എതിരേ കടുത്ത വിമര്‍ശനം

Published : 5th May 2018 | Posted By: kasim kzm

തിരുവനന്തപുരം/പത്തനംതിട്ട: ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ കനക്കുന്നു. മലയാള സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ നടന്ന വിവേചനത്തിനെതിരേ പരസ്യമായി രംഗത്തെത്തി.
പുരസ്‌കാരസമര്‍പ്പണ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചശേഷം അവസാനനിമിഷം അതില്‍ പങ്കെടുത്ത സംവിധായകന്‍ ജയരാജനും ഗായകന്‍ യേശുദാസിനുമെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നു. ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ യുവതലമുറ കാണിച്ച ആര്‍ജ്ജവം മാതൃകയാണെന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന കലാകാരന്‍മാരുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണ്.
യുവതലമുറയുടെ ആര്‍ജ്ജവം മുതിര്‍ന്നവര്‍ മനസ്സിലാക്കുമെന്നാണു കരുതുന്നതെന്നും കമല്‍ അഭിപ്രായപ്പെട്ടു. കലാകാരന്‍മാരുടെ ആത്മാഭിമാനം അടിയറവയ്ക്കാന്‍ തയ്യാറാവാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളെന്നും ജയരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നുവെന്നും സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു.
വാങ്ങാന്‍ പുരസ്‌കാരങ്ങളും ബഹുമതികളും മാത്രം ജീവിതത്തില്‍ ബാക്കിയുള്ളവര്‍ക്കെന്ത് ബഹിഷ്‌കരണം എന്നാണു സംഗീത സംവിധായകന്‍ ബിജിപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വ്യക്തിപരമായ കാര്യത്തിന് വേണ്ടിയുള്ള യേശുദാസിന്റെയും ജയരാജിന്റെയും സമീപനത്തില്‍ ദുഃഖമുണ്ടെന്ന് മുന്‍ പുരസ്‌കാരജേതാവും ചിത്രസംയോജകയുമായ ബീന പോള്‍ പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിച്ചവരെ പരിഹസിച്ച നടനും സംവിധായകനുമായ ജോയ് മാത്യുവിന് മറുപടിയുമായി സംവിധായകന്‍ ഡോ. ബിജു രംഗത്തെത്തി. 2012ല്‍ തന്റെ സിനിമയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയില്ലെന്ന് പറഞ്ഞ് അന്ന് ജൂറിയില്‍ അംഗമായിരുന്ന തന്നെ തെറിവിളിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ജോയ് മാത്യുവിന്റെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്ന് ഡോ. ബിജു വിമര്‍ശിച്ചു. കേരളത്തില്‍ നിന്ന് യേശുദാസും ജയരാജുമാണ് അവാര്‍ഡ് സ്വീകരിച്ച പ്രമുഖര്‍. ഫഹദ് ഫാസിലും പാര്‍വതിയും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു. എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി വിതരണം ചെയ്യില്ലെന്ന നിലപാട് സര്‍ക്കാരെടുത്തതോടെയാണ് അവര്‍ ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. വാര്‍ത്താവിതരണ മന്ത്രാലയത്തിനു കൈമാറാനായി തയ്യാറാക്കിയ പരാതിയില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നു. ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ആരും തീരുമാനിച്ചിട്ടില്ലെന്നും രാഷ്ട്രപതി പുരസ്‌കാരം നല്‍കണമെന്ന നിവേദനത്തില്‍ ഒപ്പുവയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് യേശുദാസിന്റെ അവകാശവാദം.
അതേസമയം, രാഷ്ട്രപതി ആരോഗ്യവാനായിട്ടും ഡല്‍ഹിയിലെ സിനിമാ അവാര്‍ഡ് വിതരണത്തില്‍ കണ്ടത് മോദി സര്‍ക്കാരിന്റെ അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് വിതരണം ചെയ്യുന്നതിനു വേണ്ടി രാഷ്ട്രപതിയെ അപമാനിക്കരുതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ദേശീയ ചലച്ചിത്രപുരസ്‌കാരച്ചടങ്ങ് വന്‍ വിവാദമാക്കി രാജ്യത്തിന് അപമാനം വരുത്തിവച്ച കേന്ദ്രസര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നു കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss