|    Nov 21 Wed, 2018 1:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേശീയപാത 17ന് വേണ്ടി പ്രളയബാധിതരെ കുടിയൊഴിപ്പിക്കുന്നതിനെതിരേ പ്രതിഷേധം

Published : 8th November 2018 | Posted By: kasim kzm

കൊച്ചി: ദേശീയപാത 17ന് വേണ്ടി 30 മീറ്റര്‍ വീതിയില്‍ ഭൂമി എടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുകയും പ്രളയദുരന്തത്തിന് ഇരയാവുകയും ചെയ്ത ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള പ്രദേശത്തെ ജനങ്ങളെ ബിഒടി പദ്ധതിക്കുവേണ്ടി വീണ്ടും കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ പറവൂര്‍ മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധസമരം നടത്തി.
എന്‍എച്ച് 17 സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം നടത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനത്തില്‍ സര്‍ക്കാര്‍ നിലപാട് പുനപ്പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി നടക്കുന്ന ജനകീയ സമരത്തെ അവഗണിച്ച് ഏകപക്ഷീയമായ നിലപാടിലൂടെ ജനങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
പ്രളയാനന്തര കേരളത്തില്‍ മണ്ണ്, ചരല്‍, മെറ്റല്‍, ഇഷ്ടിക, എന്നിവയ്‌ക്കെല്ലാം ദൗര്‍ലഭ്യം ഉണ്ട്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങളെ രണ്ടാമതും കുടിയൊഴിപ്പിച്ച് തെരുവാധാരമാക്കുന്നത് ഗുരുതരമായ സാമൂഹിക ആഘാതം സൃഷ്ടിക്കും. നിലവിലുള്ള 30 മീറ്ററില്‍ ആറുവരിപ്പാത നിര്‍മിക്കണം. അതിന്റെ നിര്‍മാണം പൂര്‍ത്തിയായ ശേഷം ആവശ്യമെങ്കില്‍ രണ്ടാംഘട്ടമായി സര്‍വീസ് റോഡിന് ഭൂമിയെടുത്ത് നിര്‍മിക്കാനുമാവും. അതുമല്ലെങ്കില്‍ നിലവിലുള്ള 30 മീറ്ററില്‍ ഭാവി പ്രളയസാധ്യതയും സുരക്ഷയും വേഗതയും കണക്കിലെടുത്ത് എലവേറ്റഡ് പാത നി ര്‍മിക്കുകയോ മാത്രമാണ് പോംവഴി. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ പറവൂര്‍ താലൂക്ക് സെക്രട്ടറി വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ഹാഷിം ചെന്നാമ്പിള്ളി അധ്യക്ഷതവഹിച്ചു.
പ്രഫ. കെ എന്‍ നാണപ്പന്‍ പിള്ള, സി വി ബോസ്, പോള്‍ തിരുമുപ്പം, ടോമി അറക്കല്‍, വി കെ സുബൈര്‍, ജാഫര്‍ മംഗലശ്ശേരി, രവീന്ദ്രന്‍ നായര്‍, കെ എസ് സക്കരിയ, അഷ്‌റഫ് ഇടപ്പള്ളി, കെ കെ തമ്പി, രാജേഷ് കാട്ടില്‍, ഉബോള്‍ഡിന്‍, സുഗുണന്‍, കെ വി സത്യന്‍, രാജന്‍ ആന്റണി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss