|    Jul 23 Mon, 2018 11:18 pm
FLASH NEWS

ദേശീയപാത സ്ഥലമെടുപ്പ്‌ : സര്‍വേ നാട്ടുകാര്‍ തടഞ്ഞു

Published : 14th September 2017 | Posted By: fsq

 

വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വ്വേ നടപടികള്‍ നാട്ടുകാര്‍ തടഞ്ഞു. പുതുപ്പണം എസ്പി ഓഫിസിന് സമീപമാണ് സര്‍വ്വേ നടപടികള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞത്. അതിനിടെ സര്‍വ്വെ നടപടികള്‍ നടക്കുന്നുണ്ടെന്നറിഞ്ഞെത്തിയ കര്‍മ സമിതി നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥന്‍മാരുമായി ചര്‍ച്ച നടത്തുന്നതിനിടയിലാണ് കര്‍മ്മസമിതി നേതാക്കളായ ഏഴു പേരെ അറസ്റ്റ് ചെയ്തതെന്ന് നേതാക്കള്‍ പറഞ്ഞു. കര്‍മ്മസമിതി ചോറോട് പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ നാദാപുരം റോഡിലെ വികെ ഭാസ്‌കരന്‍(68), സെക്രട്ടറി ചോറോട് സക്കറിയാ നിവാസില്‍ സുഹൈല്‍(42), താലൂക്ക് വൈസ്പ്രസിഡണ്ട് ചോറോട് കാളിയത്ത് കെസി സജീവന്‍(53), പുഞ്ചിരിമില്ലിലെ ഗ്രീഷ്മത്തില്‍ ജനാര്‍ദ്ദനന്‍(54), പുതുപ്പണം ഏരിയ പ്രസിഡണ്ട് മൂരാട് പിവി മുസ്തഫ(37), മേഖലാ പ്രസിഡണ്ട് മൂരാട് തലക്കല്‍ ശ്രീധരന്‍(53), താലൂക്ക് കമ്മറ്റി അംഗം നാദാപുരം റോഡിലെ അര്‍പ്പംപള്ളി താഴ രാജേഷ്(40) എന്നിവരെയാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കാലത്ത് 11 മണിയോടെ ദേശീയപാത നാലുവരിയായി വികസിപ്പിക്കാനുള്ള വ്യക്തിഗത സര്‍വ്വേക്ക് എത്തിയ ഉദ്യോഗസ്ഥ സംഘം വന്ന വിവരം സ്ഥലവാസികള്‍ തടഞ്ഞത് അറിഞ്ഞാണ് കര്‍മസമിതി നേതാക്കള്‍ എത്തിയത്. പുതുപ്പണത്ത് എല്‍എ, എന്‍എച്ച്് തഹസില്‍ദാര്‍ മോഹന്‍കുമാറുടെ നേതൃത്വത്തിലാണ് സര്‍വ്വെ നടപടികള്‍ നടത്തിയത്. എന്നാല്‍ സംഭവത്തെ കുറിച്ച് അറിയാന്‍ എത്തിയ നേതാക്കളെയാണ് യാതൊരു പ്രകോപനവുമില്ലാതെ പോലിസ് അറസ്റ്റ് ചെയ്തതെന്ന് കര്‍മസമിതി നേതൃത്വം ആരോപിച്ചു. എന്നാല്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതടക്കമുള്ള എല്‍എ തഹസില്‍ദാരുടെ പരാതിപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പോലിസ് പറഞ്ഞു. കര്‍മസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ദേശീയപാത സ്വകാര്യവത്കരിക്കാന്‍ അതോറിറ്റിയുടെ ഗൂഢനീക്കത്തെ സഹായിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ താല്‍പര്യങ്ങളാണെന്ന് കര്‍മസമിതി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സമരം ചെയ്യുന്നവരോട് ചര്‍ച്ചയില്ലെന്ന നയം ഇടതുപക്ഷം ഭരിക്കുമ്പോള്‍ നടക്കുന്നത് വേദനാജനകമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ സിവി ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. എടി മഹേഷ്, പ്രദീപ് ചോമ്പാല, സി സുരേഷ്, കെപിഎ വഹാബ്, രാധാകൃഷ്ണ കുറുപ്പ് കൈനാട്ടി സംസാരിച്ചു. ചര്‍ച്ചക്കെത്തിയവരെ അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് സമരസമിതി താലൂക്ക് ചെയര്‍മാന്‍ സി സത്യന്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss