|    Jan 21 Sat, 2017 7:53 am
FLASH NEWS

ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ

Published : 22nd July 2016 | Posted By: SMR

വടകര: കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഒറ്റപ്പെട്ട പ്രതിഷേധ സമരം നടക്കുന്നുണ്ടെങ്കിലും ദേശീയപാത 45 മീറ്ററില്‍ നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള നടപടി തടസം കൂടാതെ മുന്നേറുന്നു. ജില്ലയില്‍ മിക്കഭാഗത്തും അക്വിസിഷന്‍ പുരോഗമിക്കുകയാണ്. വടകര മേഖലയില്‍ സര്‍വേക്കെതിരേ എതിര്‍പ് ഉയരുന്നുണ്ടെങ്കിലും തടസമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോവുന്നതായാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.
വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ലാന്റ് അക്വിസി ഷന്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ സര്‍വേയര്‍മാരും റവന്യൂ ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘങ്ങള്‍ സജീവമായി തന്നെയാണ് ജോലിയില്‍ മുഴുകിയിരിക്കുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രതിഷേധ സമരത്തിന്റെ മുന ഒടിഞ്ഞെന്ന മട്ടിലാണ് കാര്യങ്ങളുടെ അവസ്ഥ.
മാഹി-തലശേരി ബൈപാസ്, നന്തി-ചെങ്ങോട്ട്കാവ് ബൈപാസ് എന്നിവ ഉള്‍പ്പെടെ അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ഭൂമിയാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ ഏറ്റെടുക്കുന്നത്. ഇതില്‍ വടകര, കൊയിലാണ്ടി താലൂക്കുകളില്‍ റോഡിന്റെ ഇരുവശങ്ങളിലും വേണ്ട ഭൂമിയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മാഹി-തലശേരി ബൈപ്പാസിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സര്‍വേ നേരത്തെ കഴിഞ്ഞതാണ്. കെട്ടിടങ്ങള്‍, മരങ്ങള്‍ തുടങ്ങിയവ വില നിശ്ചയിക്കുന്ന പ്രവൃത്തി പുരോഗമിച്ചുവരികയാണ്.
സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്ത് സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തിയാണ് അടുത്ത ഘട്ടത്തില്‍ നടക്കുക. തിരുവനന്തപുരം കളിയിക്കാവിള മാതൃകയില്‍ മുപ്പത് മീറ്ററില്‍ നാലുവരി പാത പണിയുക എന്ന ആവശ്യ—മാണ് പ്രതിഷേധക്കാര്‍ മുന്നോട്ടു വെക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക