|    Jan 20 Fri, 2017 1:21 pm
FLASH NEWS

ദേശീയപാത വികസനം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും: പൊതുമരാമത്ത് മന്ത്രി

Published : 17th June 2016 | Posted By: mi.ptk

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയപാതയുടെ വികസനം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ നടപടി. തര്‍ക്കങ്ങളെല്ലാം ചര്‍ച്ചചെയ്തു പരിഹരിക്കുമെന്നും സര്‍ക്കാര്‍ ഏകപക്ഷീയമായി ഒന്നും ചെയ്യില്ലെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനങ്ങളും ജനപ്രതിനിധികളുമായും ചര്‍ച്ചനടത്തി അവരുടെ പിന്തുണയോടെയാവും പാത വികസനം പൂര്‍ത്തിയാക്കുക. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യത്തിനു മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. വീതി കൂട്ടുമ്പോള്‍ മതസ്ഥാപനങ്ങള്‍ നീക്കംചെയ്യുന്നതു സംബന്ധിച്ച തര്‍ക്കങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത്പരിഹരിക്കും. ക്ഷേത്രമതില്‍ നീക്കുന്നതില്‍ പ്രശ്‌നമുണ്ടാവില്ല, പക്ഷേ, പ്രതിഷ്ഠതന്നെ മാറ്റുമ്പോഴാണു പ്രശ്‌നമുണ്ടാവുന്നത്. റോഡരികിലെ മതാചാരസ്ഥാപനങ്ങള്‍ നീക്കണമെന്നാ ണ് സുപ്രിംകോടതി വിധി. എന്നാല്‍, സര്‍ക്കാര്‍ ഇതിനൊന്നും മുതിരുന്നില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പണം മുഴുവന്‍ ദേശീയപാത അതോറിറ്റിയാണു മുടക്കുന്നത്. ദേശീയപാത വികസനം സംബന്ധിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതലയോഗം ചര്‍ച്ചചെയ്തിരുന്നു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. റോഡുകളുടെ വികസനത്തിനും സുരക്ഷയ്ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായംതേടും. മരാമത്ത് വകുപ്പിലെ എല്ലാ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ജൂലൈ ഒമ്പതിനു രാവിലെ തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ വരെ 1,500 ഓളം പേര്‍ പങ്കെടുക്കും. സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈ യോഗത്തില്‍ വിശദീകരിക്കും. ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരനെയും ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലെ പല റോഡുകള്‍ക്കും വൈരൂപ്യമായ രൂപകല്‍പ്പനയാണുള്ളത്. ഇതിലൊക്കെ മാറ്റം അനിവാര്യമാണ്. തിരുവനന്തപുരം-കളിയിക്കാവിള എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിന്റെ നിര്‍ദേശം വിശദമായി ചര്‍ച്ചചെയ്യും. കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ടിവരില്ലെങ്കിലും നിര്‍മാണച്ചെലവ് സാധാരണ പാതയുടെ മൂന്നിരട്ടിയാണ്. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ഇക്കാര്യം ചര്‍ച്ചചെയ്തശേഷം തീരുമാനമെടുക്കും. റോഡ് സുരക്ഷയ്ക്കായി ഇ ശ്രീധരന്‍ തയ്യാറാക്കിയ പദ്ധതി ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക