|    Aug 23 Wed, 2017 4:07 am
FLASH NEWS

ദേശീയപാത വികസനം: മാര്‍ച്ചില്‍ നിര്‍മാണം ആരംഭിക്കാന്‍ നടപടി

Published : 23rd August 2016 | Posted By: SMR

കാസര്‍കോട്: ജില്ലയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാത-17 നാല് വരിയാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ പൊതുമരാമത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി  സുബ്രതോ ബിശ്വാസ് നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പദ്ധതി അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.
ദേശീയപാത വികസന—ത്തിനായി 80 ശതമാനം ഭൂമി ഏറ്റെടുക്കലിന്റെ സര്‍വെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 69 ഹെക്ടറാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്.   അവശേഷിക്കുന്ന 28 ഹെക്ടറിന്റെ സര്‍വെ നടപടികള്‍ക്ക് വിജ്ഞാപനമായി.
ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരങ്ങളുള്‍പ്പെടെ നല്‍കി. ഈ വര്‍ഷം ഡിസംബര്‍ 31നകം ദേശീയപാത നാല് വരിയാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പാതയുടെ നിര്‍മാണം 2017 മാര്‍ച്ചില്‍ ആരംഭിക്കണം.
ഏറ്റെടുത്ത ഭൂമിയിലുള്ള മരങ്ങളുടെയും കെട്ടിടങ്ങളുടെയും കാര്‍ഷിക വിളകളുടെയും മൂല്യ നിര്‍ണ്ണയം റവന്യൂ, വനം, കൃഷി വകുപ്പുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പുനരധിവാസം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ജില്ലയില്‍ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ദേശീയ പാതയുടെ നവീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു.
വടക്കെ മലബാറിന്റെ സമഗ്രമായ വികസനത്തിന് ദേശീയപാത വികസനം അനിവാര്യമാണ്. പദ്ധതിയുടെ ഡിപിആര്‍ സപ്തംബര്‍ 30നകം സമര്‍പ്പിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ചീഫ് കണ്‍സള്‍ട്ടന്റിന് നിര്‍ദ്ദേശം നല്‍കി.
എഡിഎം കെ അംബുജാക്ഷന്‍, എല്‍എ (എന്‍ എച്ച്) ഡെപ്യൂട്ടി കലക്ടര്‍ വൈ എം സി സുകുമാരന്‍, എന്‍എച്ച് എക്‌സിക്യുട്ടീവ് എന്‍ജനീയര്‍ പി കെ മിനി, കണ്‍സള്‍ട്ടന്റ് വി രവി, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ എം പ്രദീപന്‍, ദേശീയപാത അതോറിറ്റി റിസര്‍ച്ച് ഓഫിസര്‍ പ്രിന്‍സ് പ്രഭാകരന്‍, കെ മനോരഞ്ജന്‍, സാമൂഹികവനവല്‍ക്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ എ പി ഇംത്യാസ്, എക്‌സി. എന്‍ജിനീയര്‍ കെട്ടിടവിഭാഗം സി സുരേശന്‍, ലെയ്‌സണ്‍ ഓഫിസര്‍ കെ സേതുമാധവന്‍ നായര്‍, ജില്ലാ സര്‍വെ സൂപ്രണ്ട് ബിനു മാത്യു പണിക്കര്‍, എല്‍എ (എന്‍എച്ച്) സ്‌പെഷല്‍ തഹസില്‍ദാര്‍മാരായ ബി എം ജോര്‍ജ്, ബി സുധാകരന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക