|    Mar 26 Sun, 2017 2:50 pm
FLASH NEWS

ദേശീയപാത വികസനം: നാലുമടങ്ങുവരെ നഷ്ടപരിഹാരം നല്‍കാമെന്ന് ദേശീയപാത അതോറിറ്റി

Published : 19th July 2016 | Posted By: sdq

തിരുവനന്തപുരം: ദേശീയപാത വികസനത്തിനു സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് രണ്ടുമുതല്‍ നാലുമടങ്ങുവരെ നഷ്ടപരിഹാരം നല്‍കാമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ടെന്നു മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. വീട്, ആരാധനാലയങ്ങള്‍, വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങിയവ നഷ്ടപ്പെടുന്നവര്‍ പകരം ഇവ പുനര്‍നിര്‍മിച്ചുനല്‍കണമെന്ന ആവശ്യമാണു പ്രധാനമായും മുന്നോട്ടുവച്ചിട്ടുള്ളത്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചുവരികയാണ്.
സ്ഥലമേറ്റെടുക്കുമ്പോള്‍ റോഡിന്റെ ഇരുവശവും തുല്യ അളവില്‍ എടുക്കണമെന്ന പരാതിയാണ് ഇപ്പോള്‍ ഏറെയും സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇക്കാര്യത്തില്‍ നീതിനിഷേധമുണ്ടാവില്ല. പരാതികള്‍ ഗൗരവമായി പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, അലൈന്‍മെന്റിന്റെ ഭാഗമായി വളവുകളിലും തിരിവുകളിലും ഒരുവശത്തു കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവന്നേക്കാം. സ്ഥലം ഏറ്റെടുപ്പും നഷ്ടപരിഹാരം നല്‍കുന്നതും പരാതികള്‍ പരിഹരിക്കുന്നതും സംബന്ധിച്ച ചുമതല പൂര്‍ണമായും കലക്ടര്‍മാര്‍ക്കാണ്.
പരാതികള്‍ പരിഹരിച്ച് എത്രയും വേഗം ദേശീയപാതാ വികസനത്തിലേക്കു കടക്കാനാണു സര്‍ക്കാര്‍ തീരുമാനം. ശുദ്ധീകരിച്ച പ്ലാസ്റ്റിക് മിശ്രണം കൊണ്ടുള്ള റോഡ് നിര്‍മാണമാണു പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നത്. 100 കിലോമീറ്റര്‍ റോഡ് ഇത്തരത്തില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ ശുദ്ധീകരിച്ച പ്ലാസ്റ്റിക് നല്‍കുന്നതിന് ക്ലീന്‍ കേരള എന്ന സ്ഥാപനം തയ്യാറാണ്. പൊതുമരാമത്തുവകുപ്പ് നിലവില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലായി 27.45 കിലോമീറ്റര്‍ ശുദ്ധീകരിച്ച പ്ലാസ്റ്റിക് മിശ്രണംകൊണ്ട് റോഡ് നിര്‍മിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകളിലും ഇതു പരീക്ഷിക്കും. റോഡ് നിര്‍മാണത്തിനു നിലവിലെ സാങ്കേതികവിദ്യ പരിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈനിങ്, ആര്‍കിടെക്ചര്‍ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തും. ഈ വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെങ്കില്‍ മറ്റ് ഏജന്‍സികളുടെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക