|    Sep 20 Thu, 2018 8:23 am
FLASH NEWS

ദേശീയപാത വികസനം : നടപടി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം: ജില്ലാ കലക്ടര്‍

Published : 20th January 2017 | Posted By: fsq

 

മലപ്പുറം: ദേശീയപാതാ വികസനം അത്യാവശ്യമാണെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ദേശീയപാത കടന്നുപോവുന്ന പ്രദേശത്തെ ജനപ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. ജനങ്ങളെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ആരാധനാലയങ്ങള്‍, ശ്മശാനങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കികൊണ്ടായിരിക്കും പാത നിര്‍മിക്കുക. അഞ്ച് പ്രധാന ടൗണുകളില്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ബൈപാസുകള്‍ വേണ്ടി വരും. ഇതിന് പരമാവധി നഷ്ടങ്ങള്‍ കുറച്ചുകൊണ്ടുള്ള ബൈപാസുകളുടെ രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. ചേളാരി, വളാഞ്ചേരി, പുത്തനത്താണി, കോട്ടക്കല്‍, ഇടിമുഴിക്കല്‍ എന്നിവിടങ്ങളിലാണ് പ്രാഥമികമായി ബൈപാസുകള്‍ പരിഗണിച്ചിരിക്കുന്നത്. കണ്‍സള്‍ട്ടന്‍സ് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ രൂപരേഖയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. മാപ്പ് ജനപ്രതിനിധികള്‍ക്കായി യോഗത്തില്‍ അവതരിപ്പിച്ചു. ഇതില്‍ കൂടുതല്‍ സര്‍വേ നടത്തി കൃത്യമായ സ്ഥലങ്ങളും കെട്ടിടങ്ങളുടെ നാശനഷ്ടങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. 45 മീറ്ററിലാണ് ദേശീയപാത ഇപ്പോള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. മേല്‍ പറഞ്ഞ ബൈപാസുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള ദേശീയപാത വീതികൂട്ടി മുന്നോട്ടുപോവും. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പായി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിപ്പിക്കുമെന്നും പരാതിയുള്ളവര്‍ക്ക് ബോധിപ്പിക്കാന്‍ സമയം അനുവദിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സി രാജേഷ്, സഫിയാ റസാഖ്, കുട്ടശ്ശേരി ഷരീഫ, എം പി കുഞ്ഞിമൊയ്തീന്‍, പി ഫാത്തിമ, ഡെപ്യൂട്ടി കലക്ടര്‍മാരായ ജെ ഒ അരുണ്‍, കെ സി മോഹനന്‍, ഡിവൈഎസ്പി എ ജെ ബാബു പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss