|    Aug 16 Wed, 2017 8:43 pm
FLASH NEWS

ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നീക്കം: മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Published : 22nd November 2016 | Posted By: SMR

കണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ പേരില്‍ മുഴപ്പിലങ്ങാട്, എടക്കാട് മേഖലകളിലെ പള്ളി, മദ്‌റസ, ഖബര്‍സ്ഥാന്‍ എന്നിവ പൊളിക്കാനുള്ള തീരുമാനത്തിനെതിരേ എടക്കാട് ശാദുലിയ പള്ളി സംരക്ഷണസമിതി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വികസനത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്നും ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അഹമ്മദ് തേര്‍ളായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വന്‍ നഗരങ്ങളില്‍ പോലും റോഡരികിലുള്ള ആരാധനാലയങ്ങള്‍ സര്‍ക്കാരുകള്‍ തന്നെ സംരക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാതയ്ക്കു 45 മീറ്റര്‍ വീതി എന്നതു എല്ലായിടത്തും പ്രായോഗികമല്ല. പാലങ്ങള്‍ക്കും റെയില്‍വേ മേല്‍പാലങ്ങള്‍ക്കും ഇളവുനല്‍കിയതു പോലെ ആരാധനാലയങ്ങള്‍ക്കും ഇളവ് വേണം. ഇത്തരം സ്ഥലങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംരക്ഷണസമിതി ചെയര്‍മാന്‍ പി ഹമീദ് അധ്യക്ഷത വഹിച്ചു. അന്‍സാരി തില്ലങ്കേരി, സി രഘുനാഥ്, പി പി മോഹനന്‍, പര്‍വീസ്, പോള്‍ ടി സാമുവല്‍, ബഷീര്‍ കളത്തില്‍, ആബിദ് ദാരിമി, ടി സി സലീം സംസാരിച്ചു. ബത്തയില്‍ മൂസക്കുട്ടി, ഇബ്രാഹിം മഠം, നവീദ് ബദര്‍പള്ളി, മുഹമ്മദ് കുളംബസാര്‍ നേതൃത്വം നല്‍കി. സ്‌റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു. ദേശീയപാതാ വികസനത്തിന്റെ പേരില്‍ എടക്കാട് ശാദുലിയ മസ്ജിദ്, മദ്‌റസ, ഖബര്‍സ്ഥാന്‍, കുളംബസാര്‍ പള്ളി, ചാല ബൈപാസിലെ ഷേണിയാറത്ത് പള്ളി എന്നിവ പൊളിച്ചുമാറ്റാനുള്ള ദേശീയാപാത അതോറിറ്റിയുടെ നീക്കത്തിനെതിരേയായിരുന്നു സമരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക