|    Jun 27 Tue, 2017 9:07 am
FLASH NEWS

ദേശീയപാത വികസനം: അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കും

Published : 25th October 2016 | Posted By: SMR

പയ്യന്നൂര്‍: കാലിക്കടവ് മുതല്‍ എമ്പേറ്റ് വരെയുള്ള ദേശീയപാത വികസനപ്രവൃത്തിക്കു വേണ്ടി ദേശീയ പാതയോരത്തെ അനധികൃത പരസ്യബോര്‍ഡുകളും അനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കാന്‍ തീരുമാനം. പെരുമ്പ മാപ്പിള യുപി സ്‌കൂളില്‍ ജനപ്രതിനിധികള്‍, നാട്ടുകാര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. റോഡ് സുരക്ഷാ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി 6.68 കോടി രൂപയാണ് ദേശീയപാത വികസനത്തിനായി പയ്യന്നൂര്‍ മണ്ഡലത്തില്‍ അനുവദിച്ചത്. കോത്തായിമുക്ക്, കണ്ടോത്ത്, പെരുമ്പ ബൈപാസ് മുതല്‍ പിഡബ്ല്യുഡി ഓഫിസ് വരെ ഓവുചാല്‍ നിര്‍മാണം, കരിവെള്ളൂര്‍, ഓണക്കുന്ന്, കോത്തായിമുക്ക്, കണ്ടോത്ത് എന്നിവിടങ്ങളില്‍ രണ്ടു വശങ്ങളിലുമായി ബസ് ബേ, കോത്തായിമുക്ക് മുതല്‍ പെരുമ്പ ബൈപാസ് വരെ ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ റോഡ് വീതി കൂട്ടല്‍, പെരുമ്പ ബൈപാസ് മുതല്‍ പിഡബ്ല്യുഡി ഓഫിസ് വരെ നിലവിലുള്ള റോഡിനെ 14 മീറ്ററാക്കി മാറ്റാനുമാണു പദ്ധതി. കണ്ടോത്ത് ഓവുചാല്‍ നിര്‍മാണം പുരോഗമിക്കുകയാണെന്നു അസി. എന്‍ജിനീയര്‍ യമുന യോഗത്തില്‍ അറിയിച്ചു. സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ പങ്കെടുത്തു. അതേസമയം, ദേശീയപാത 17ലെ കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്ഥലം കൈയേറി പെട്ടിക്കടകളും ലോട്ടറിസ്റ്റാളുകളും മറ്റ് വ്യാപാര സാമഗ്രികളും വച്ച് കച്ചവടം നടത്തുന്നവര്‍ 31നകം എല്ലാ കൈയേറ്റങ്ങളും ഒഴിയണമെന്ന് അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കൈയേറ്റം ഒഴിയുന്നതിനായി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും പലരും ഒഴിയാത്ത സാഹചര്യത്തിലാണു നിര്‍ദേശം. 31നകം കൈയേറ്റം ഒഴിഞ്ഞില്ലെങ്കില്‍ ഹൈവേ പ്രൊട്ടക്ഷന്‍ ആക്റ്റ് അനുസരിച്ച് അതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതേത്തുടര്‍ന്നുണ്ടാവുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും കൈയേറ്റക്കാര്‍ മാത്രമായിരിക്കും ഉത്തരവാദികളെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക