|    Oct 23 Tue, 2018 7:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേശീയപാത വികസനം;പാറ പൊട്ടിക്കുന്നതിന് വിലക്ക്‌

Published : 18th January 2017 | Posted By: fsq

 

കൊച്ചി: ദേശീയപാത വികസനത്തിന്റെ ഭാഗമായി തൃശൂര്‍ വടക്കഞ്ചേരി റൂട്ടില്‍ പാറപൊട്ടിക്കുന്നത് ഹൈക്കോടതി വിലക്കി. റോഡിന് വേണ്ടി പാറ പൊട്ടിക്കുന്നത് സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി തൃശൂര്‍ പട്ടിക്കാട് സ്വദേശി  ബഷീര്‍ ഉള്‍പ്പെടെ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ജിയോളജിസ്റ്റിന്റെയും അനുമതി വാങ്ങുന്നതുവരെ പാറ പൊട്ടിക്കല്‍ നിര്‍ത്തിവയ്ക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, വടക്കഞ്ചേരി വരെയുള്ള റൂട്ടില്‍ പാറ പൊട്ടിക്കാന്‍ എഡിഎം നല്‍കിയ അനുമതി കരാറുകാരായ തൃശൂര്‍ എക്‌സ്പ്രസ് വേ ലിമിറ്റഡ് അധികൃതര്‍ ഹാജരാക്കി. റോഡ്, പാലം തുടങ്ങിയവയുടെ നിര്‍മാണത്തിനായി പാറ പൊട്ടിക്കാന്‍ അനുവദിക്കുമ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ വച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്നും അത് ഇവിടെ പാലിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. സമീപവാസികള്‍ക്കുള്ള ബുദ്ധിമുട്ട് പരമാവധി കുറച്ച് രേഖാമൂലമുള്ള അനുമതിയോടെ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പാറപൊട്ടിക്കാനാണ് വ്യവസ്ഥയുള്ളത്. വികസനത്തിനാണ് പ്രാഥമിക പരിഗണനയെങ്കിലും നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍പറത്തി പൗരന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന പ്രവൃത്തികള്‍ നടത്തുന്നത് അനുവദിക്കാനാവില്ല. പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും റോഡു നിര്‍മാണത്തിന്റെ കാര്യത്തിലും ബാധകമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പാറപൊട്ടിക്കരുത്. പാറ പൊട്ടിക്കുന്നതു മൂലമുള്ള ആഘാതം വിദഗ്ധരെ നിയോഗിച്ച് പഠിക്കണം. ദേശീയപാത വികസനത്തിനുള്ള പാറ പൊട്ടിക്കലിന് കേരള മൈനിങ് ആന്റ് മിനറല്‍സ് കണ്‍സെഷന്‍സ് റൂള്‍ പ്രകാരം ജിയോളജിസ്റ്റില്‍ നിന്നുള്ള അനുമതിയും വാങ്ങണമെന്നും പാരിസ്ഥിതികാനുമതി വേണമോ എന്നത് ജിയോളജിസ്റ്റ് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss