|    Jan 23 Mon, 2017 4:07 pm

ദേശീയപാത ബൈപാസ്: പദ്ധതിച്ചെലവിന്റെ 10 ശതമാനം അധികമായി വകയിരുത്തും

Published : 15th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: കഴക്കൂട്ടം- മുക്കോല ദേശീയപാത ബൈപാസ് റോഡില്‍ മൂന്നിടത്തുകൂടി അടിപ്പാത നിര്‍മിക്കും. വെണ്‍പാലവട്ടം, ഈഞ്ചയ്ക്കല്‍, കല്ലുംമൂട് ജികെ ജങ്ഷന്‍ എന്നിവിടങ്ങളിലാണ് പുതുതായി അടിപ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ദേശീയപാത വികസന പദ്ധതിയനുസരിച്ച് ചാക്കയില്‍ അടിപ്പാത നിര്‍മിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതുകൂടാതെയാണു ബൈപാസ് കടന്നുപോകുന്ന തിരക്കേറിയ മൂന്നിടങ്ങളില്‍ കൂടി അടിപ്പാത നിര്‍മിക്കാനുള്ള പുതിയ തീരുമാനം. ദേശീയപാത അതോറിറ്റി ആസ്ഥാനത്ത് പദ്ധതിയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി കിട്ടിയാലുടന്‍ പണി ആരംഭിക്കാനാണു ദേശീയപാത വിഭാഗത്തിന്റെ തീരുമാനം. ബൈപാസ് വികസനം പൂര്‍ത്തിയാക്കുന്ന മുറയ്ക്കു തന്നെ അടിപ്പാതകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കും. ബൈപാസിലെ വാഹനത്തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ അടിപ്പാത കൂടി നിര്‍മിച്ചു തിരക്ക് കുറയ്ക്കുക എന്നതാണു ലക്ഷ്യം. കഴക്കൂട്ടം മുതല്‍ മുക്കോല വരെയുള്ള ദേശീയപാത വികസനത്തിന്റെ ഒന്നാംഘട്ടത്തിന് 669 കോടി രൂപയാണു പദ്ധതിച്ചെലവ്. ഇതില്‍ നിന്നു പത്തു ശതമാനം തുക കൂടി വകയിരുത്തിയാണ് അടിപ്പാതകള്‍ നിര്‍മിക്കുക. നിലവിലെ പദ്ധതി ചെലവിനെക്കാള്‍ പത്തു ശതമാനം മാത്രം അധിക തുക ചെലവാകുന്നതിനാല്‍  ദേശീയപാത അതോറിറ്റിയുടെ അനുമതിയോടുകൂടി അടിപ്പാത നിര്‍മിക്കാന്‍ സാധിക്കും. തുക ഇതിലും കൂടുതല്‍ ആയാല്‍ സെന്‍ട്രല്‍ പിഡബ്ല്യുഡിയുടെ അനുമതി കൂടി വാങ്ങേണ്ടിവരും. നിലവിലെ സാഹചര്യത്തി ല്‍ ദേശീയപാത അതോറിറ്റി മാനദണ്ഡപ്രകാരമുള്ള തുകയ്ക്കു തന്നെ അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നാണ് അധികൃതരുടെ നിഗമനം. അതേസമയം, ബൈപാസ് വികസനത്തിന്റെ ഭാഗമായി കഴക്കൂട്ടത്തു നിന്നു ടെക്‌നോപാര്‍ക്ക് വരെ നീളുന്ന ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനം നീളുകയാണ്. കഴക്കൂട്ടം പോലിസ് സ്‌റ്റേഷനു സമീപത്തു നിന്നും ടെക്‌നോപാര്‍ക്ക് പ്രധാന ഗേറ്റിനു സമീപം വരെ 1.2 കിലോമീറ്റര്‍ ദൂരത്തില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതിനായി 122 കോടി രൂപയും 145 കോടി രൂപയും ചെലവ് വരുന്ന ഫ്‌ളൈ ഓവര്‍ പദ്ധതിയുടെ രൂപരേഖയും ദേശീയപാത അതോറിറ്റി ആസ്ഥാനത്തേക്ക് ഏഴു മാസം മുന്‍പു തന്നെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണു ദേശീയപാത വിഭാഗം പറയുന്നത്. ബൈപാസ് ജോലി ആരംഭിച്ച ഘട്ടത്തില്‍ കഴക്കൂട്ടം ജങ്ഷനു സമീപത്തു നിന്നു ബൈപാസില്‍ പ്രവേശിക്കുന്നതിനു മേ ല്‍പാലവും ടെക്‌നോപാര്‍ക്കിലേക്കു പ്രവേശിക്കുന്നതിന് അടിപ്പാതയും നിര്‍മിക്കാനായിരുന്നു പദ്ധതി. 30 കോടി രൂപയായിരുന്നു ഇതിനു വകയിരുത്തിയിരുന്നത്. പിന്നീട് ഈ തീരുമാനം മാറ്റി പോലിസ് സ്‌റ്റേഷനു സമീപത്തു നിന്നു ടെക്‌നോപാര്‍ക്ക് വരെ നീളുന്ന ഫ്‌ളൈഓവര്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക