|    Sep 22 Fri, 2017 2:51 am

ദേശീയപാത നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്

Published : 20th March 2017 | Posted By: fsq

 

പറവൂര്‍: ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള ദേശീയപാത 17 ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍-പാട്രാക്കിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 24 കിലോമീറ്റര്‍ വരുന്ന പാതയില്‍ ദൈനംദിനം നിരവധി വാഹനാപകടങ്ങളും മരണങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. യുവാക്കള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ബലിയാട് ആകുന്നത്.അരനൂറ്റാണ്ടാകാന്‍ കുറച്ച് മാസങ്ങള്‍ മാത്രം ശേഷിക്കെ ഏറ്റെടുത്ത 30 മീറ്റര്‍ സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തത് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. വാഹനങ്ങളുടെ അനിയന്ത്രിതമായ വര്‍ധനവും യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടും റോഡപകടങ്ങള്‍ കുറക്കുന്നതിനും പാതയുടെ നിര്‍മാണം വേഗത്തിലാക്കുന്നതിനും മാറിമാറി ഭരിച്ച ഒരു സര്‍ക്കാരുകളും ജനപ്രതിനിധികളും വേണ്ടത്ര ഇടപെടല്‍ നടത്തിയിട്ടില്ലെന്നാണ് റസിഡന്റ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നത്.
വരാപ്പുഴ മുതല്‍ മൂത്തകുന്നം വരെ ദ്രുതഗതിയില്‍ നിര്‍മാണങ്ങള്‍ ആരംഭിക്കണമെന്നും പകല്‍ സമയങ്ങളില്‍ കണ്ടെയ്‌നര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ നിരോധിക്കണമെന്നും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും റോഡിന്റെ ഇരുവശത്തുമുള്ള ഉയരവ്യത്യാസം പരിഹരിക്കണമെന്നും ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഏപ്രില്‍ 9 വരെ സംഘടിപ്പിച്ചിട്ടുള്ള ധര്‍ണ്ണ സമരങ്ങള്‍ നടക്കുന്നത്.
ഈ മാസം 26 ന് കൂനമ്മാവ് ചിത്തിരക്കവലയില്‍ വൈകുന്നേരം 6 ന് നടക്കുന്ന ധര്‍ണ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിര്‍വഹിക്കും. ഏപ്രില്‍ 2 ന് കൊച്ചാല്‍ കവലയിലും 9 ന് ചെറിയപ്പിള്ളി ജംഗ്ഷനിലുമാണ് ധര്‍ണ്ണ സംഘടിപ്പിച്ചിട്ടുള്ളത്.  പാട്രാക്ക് സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ സമരങ്ങള്‍ നടത്തുമെന്നും സമാന ചിന്താഗതിക്കാരായ സംഘടനകളുടെ സഹകരണം ഉറപ്പാക്കുമെന്നും ഭാരവാഹികള്‍  അറിയിച്ചു. പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി, എസ് രാജന്‍, തോമസ് പാറക്കല്‍, ക്യാപ്റ്റന്‍ ആന്റണി പടയാട്ടില്‍, എ കെ കൊച്ചുബാവ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക