|    Jun 25 Mon, 2018 9:37 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ദേശീയപാത നാലുവരിയാക്കാന്‍ അടിയന്തര നടപടി: മുഖ്യമന്ത്രി

Published : 13th October 2016 | Posted By: SMR

കൊച്ചി: കാസര്‍കോട്-തിരുവനന്തപുരം ദേശീയപാത നാലുവരിയായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം പാലാരിവട്ടം ഫ്‌ളൈ ഓവര്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കു നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുന്നതിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ചില ഭാഗങ്ങളില്‍ പാത വികസനത്തിനുള്ള അലൈന്‍മെന്റ് തയ്യാറായിട്ടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ച്തുടര്‍നടപടി സ്വീകരിക്കും.
ദേശീയപാത വികസനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം വഹിക്കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല സ്ഥലത്തും ജനങ്ങള്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. കാലാകാലങ്ങളായി പിന്തുടരുന്ന പരമ്പരാഗത ശൈലിക്കു പകരം കാലഘട്ടത്തിനു ചേര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ ശ്രദ്ധിക്കണം. പാലങ്ങളും റോഡുകളും കരാര്‍ കാലാവധി കഴിയുന്നതിനു മുമ്പ് പൊട്ടിപ്പൊളിയുന്നത് നിര്‍മാണത്തിന്റെ അശാസ്ത്രീയത, എസ്റ്റിമേറ്റിലെ കുറവ്, മേല്‍നോട്ടത്തിലെ വീഴ്ച, ഒരു വിഭാഗത്തിന്റെ അഴിമതി എന്നിവയുടെ ഫലമാണ്. ഇവയുടെ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് പൊതുമരാമത്തു മന്ത്രിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു.
ദേശീയപാതകള്‍ മാത്രമല്ല, ജില്ലാ തലത്തിലുളള റോഡുകളും ബിഎംബിസി (ബിറ്റുമിനസ് മകാഡം ബിറ്റുമിനസ് കോണ്‍ക്രീറ്റ്) നിലവാരത്തിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ടോള്‍ പിരിവ് നിര്‍ത്തുമ്പോള്‍ വരുമാനത്തെ ബാധിക്കാതിരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തും.  പൊതുമരാമത്തു വകുപ്പ് അഴിമതിവിരുദ്ധമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന പാതകളും റോഡുകളും വീതികൂട്ടുകയും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുകയും ചെയ്യും. കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പ്രത്യേക പാത തയ്യാറാക്കും. പാര്‍ക്കുകളുടെ ശൃംഖല, കാല്‍നടക്കാര്‍ക്കുള്ള മേല്‍പ്പാലം, സബ്‌വേ എന്നിവയും നിര്‍മിക്കും. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരിസ്ഥിതിസൗഹൃദ രീതി അവലംബിക്കണം. നിര്‍മാണത്തിനിടെ ഉണ്ടാവുന്ന പാഴ്‌വസ്തുക്കള്‍ പുനരുപയോഗം ചെയ്യാനും തദ്ദേശീയമായ സാധനങ്ങള്‍ ഉപയോഗിക്കാനും സംവിധാനമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ജി സുധാകരന്‍, പ്രഫ കെ വി തോമസ് എംപി എന്നിവര്‍ വന്‍ ജനാവലിയുടെ അകമ്പടിയോടെ പാലത്തിലൂടെ സഞ്ചരിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒറ്റത്തൂണില്‍ നാലുവരി ഫ്‌ളൈ ഓവര്‍ നിര്‍മിച്ചത്. ഇതിന് 35 മീറ്റര്‍ നീളമുള്ള രണ്ടും 22 മീറ്റര്‍ നീളമുള്ള 17ഉം സ്പാനുകളുണ്ട്. ഒരു മീറ്റര്‍ വ്യാസമുള്ള 86 പൈലുകള്‍ തീര്‍ത്ത അസ്തിവാരത്തിലാണ് പാലം നില്‍ക്കുന്നത്. 122 ഗര്‍ഡറുകളാണ് പാലത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. 442 മീറ്റര്‍ പാലവും ഇരുഭാഗത്തുമുള്ള അനുബന്ധ റോഡുകളും കൂടി മേല്‍പ്പാലത്തിന്റെ ആകെ നീളം 750 മീറ്ററാണ്. 39 കോടി രൂപ ചെലവഴിച്ചാണ് പാലം പൂര്‍ത്തിയാക്കിയത്.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡിന് ഇന്ധന സെസ്സ് വിഹിതമായി ലഭിക്കുന്ന തുക ഉപയോഗിച്ചാണ് പാലം നിര്‍മിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രതയുള്ള ദേശീയപാത 66, തിരക്കേറിയ എറണാകുളം-മൂവാറ്റുപുഴ സംസ്ഥാനപാത എന്നിവ സന്ധിക്കുന്നതാണ് പാലാരിവട്ടം ജങ്ഷന്‍. ഇവിടെയുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത് കണക്കിലെടുത്താണ് 2014 സപ്തംബറില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കരിന്തളം ഖനനം സിപിഎമ്മില്‍ വിവാദം പുകയുന്നു
കാഞ്ഞങ്ങാട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കരിന്തളത്ത് നിര്‍ത്തിവച്ച ലാട്രൈറ്റ് ഖനനം പുനരാരംഭിക്കാന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നടത്തുന്ന ശ്രമം സിപിഎമ്മില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാട്ടുകാരുടെയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെയും നേതൃത്വത്തില്‍ ഇവിടെ സമരം നടത്തിയിരുന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു കാരണവശാലും കരിന്തളം ഖനനം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് ഖനനം തുടരാന്‍ വ്യവസായമന്ത്രി ചര്‍ച്ച സംഘടിപ്പിച്ചത്. തൊഴിലാളിനേതാക്കളും സമരസമിതി നേതാക്കളും പഞ്ചായത്ത് ഭരണസമിതിയും പങ്കെടുത്ത യോഗത്തില്‍ കരിന്തളത്തിന്റെ വികസനത്തിനും പശുവളര്‍ത്തലിനും ജൈവവൈവിധ്യത്തിനും പ്രാധാന്യം നല്‍കാമെന്നു വാഗ്ദാനം നല്‍കിയിട്ടുണ്ട്.
എന്നാല്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തും സമരസമിതിയും ഖനനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രിയെ അറിയിക്കുകയായിരുന്നു. ജില്ലയില്‍നിന്നുള്ള സിപിഐയുടെ മന്ത്രി ഇ ചന്ദ്രശേഖരന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.
പരിസ്ഥിതിക്ക് കടുത്ത ആഘാതമേല്‍പ്പിക്കുന്ന ഖനനത്തെ അനുകൂലിക്കില്ലെന്ന് തിരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫ് വാഗ്ദാനവും നല്‍കിയിരുന്നു. എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റയുടനെ ഖനനപ്രശ്‌നത്തില്‍ ചര്‍ച്ച ആരംഭിച്ചതാണ് സിപിഎം പ്രവര്‍ത്തകരില്‍ കടുത്ത പ്രതിഷേധമുണ്ടാക്കിയത്.
കരിന്തളത്തിനടുത്ത് ഇതേ വില്ലേജില്‍പ്പെട്ട കടലാടിപ്പാറയില്‍ മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശാപുര കമ്പനി 200 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തിരുന്നു. ഇവിടെ ബോക്‌സൈറ്റ് ഖനനം നടത്താനുള്ള നീക്കം നാട്ടുകാര്‍ സംരക്ഷണ സമിതി രൂപീകരിച്ച് തടഞ്ഞിരുന്നു.
എന്നാല്‍, എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റയുടനെ ആശാപുര കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും വ്യവസായമന്ത്രി ഇ പി ജയരാജനുമായും ഖനനകാര്യം ചര്‍ച്ചചെയ്തിരുന്നു. ഇവിടത്തെ പാരിസ്ഥിതിക ആഘാത പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കേണ്ട കാലാവധി ഈ മാസം അവസാനിക്കും.
പാരിസ്ഥിതിക ആഘാത പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഖനനാനുമതിയും റദ്ദാവും. കമ്പനിക്ക് അനുകൂലമായി സാഹചര്യം സൃഷ്ടിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നതായി കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
കരിന്തളത്ത് ഖനനം ആരംഭിച്ചാല്‍ കടലാടിപ്പാറയില്‍ ഖനനം തുടങ്ങാന്‍ അനുമതി നല്‍കേണ്ട സാഹചര്യമുണ്ടാവും. അതുകൊണ്ടാണ് കരിന്തളം ഖനനം ചെയ്യുന്ന ക്ലേസ് ആന്റ് സിറാമിക്‌സ് കമ്പനി ലിമിറ്റഡിന്റെ തൊഴിലാളിപ്രശ്‌നം എടുത്തിട്ട് മന്ത്രി ചര്‍ച്ചയ്ക്ക് ജില്ലയിലെത്തിയതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.
ജില്ലയില്‍ വ്യവസായം തുടങ്ങാന്‍ കാണിക്കുന്ന താല്‍പര്യത്തേക്കാള്‍ ഇവിടെയുള്ള ലാട്രൈറ്റും ബോക്‌സൈറ്റും ഖനനം ചെയ്യാന്‍ മന്ത്രി എന്തുകൊണ്ട് താല്‍പര്യമെടുക്കുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ ചോദ്യം.
നിയമന വിവാദത്തിലായിട്ടും ഖനനത്തിന് അനുമതി തേടി ജില്ലയിലെത്തിയതാണ് ഇപ്പോഴത്തെ വിവാദത്തിനു കാരണമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss