|    Apr 25 Wed, 2018 2:47 am
FLASH NEWS

ദേശീയപാത തകര്‍ന്നു; കുഴികള്‍ നികത്താന്‍ നടപടിയില്ല

Published : 12th July 2016 | Posted By: SMR

കണ്ണൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നവീകരണം പൂര്‍ത്തിയാക്കിയ കണ്ണൂര്‍-പുതിയതെരു ദേശീയപാത തകര്‍ന്നു. കനത്ത മഴയില്‍ റോഡില്‍ പലയിടത്തും അനുദിനം കുഴികള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇതോടെ വാഹനയാത്ര ദുരിതമായി മാറി. ഇരുചക്ര വാഹനയാത്രികരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്.
വെള്ളം കെട്ടിനില്‍ക്കുന്ന കുഴികള്‍ തിരിച്ചറിയാനാവാതെ അപകടത്തില്‍പ്പെടുന്നതും വിരളമല്ല. റോഡിലെ ഭീമന്‍കുഴികള്‍ ഗതാഗതക്കുരുക്കിനും കാരണമാവുന്നുണ്ട്. തളാപ്പ് ജോണ്‍മില്ലിനും മക്കാനി ബസ്‌സ്‌റ്റോപ്പിനും മുന്നില്‍ റോഡ് രണ്ടായി പിളര്‍ന്ന നിലയിലാണ്. മഴയ്ക്കു മുമ്പേ ഇവിടെ റോഡ് തകര്‍ന്നിരുന്നു. പൈപ്പിടുന്നതിനായി വാട്ടര്‍ അതോറിറ്റിയെടുത്ത കുഴികള്‍ ശാസ്ത്രീയമായി മൂടാത്തതാണു വിനയായത്. മഴ തുടങ്ങുന്നതിനു മുമ്പുതന്നെ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ സമയമുണ്ടായിട്ടും അധികൃതര്‍ ഗൗനിച്ചില്ല. സെന്‍ട്രല്‍ ജയിലിനു മുന്നിലും പൊടിക്കുണ്ടിലും രാമതെരുവിലും സ്ഥിതി മറ്റൊന്നല്ല.
പുതിയതെരുവിലും വളപട്ടണം പാലത്തിലും ദേശീയപാത ഏതാനും മാസങ്ങളായി തകര്‍ന്നുകിടക്കുകയാണ്. വളപട്ടണം പാലത്തിലെ കുഴികള്‍ കാരണം വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. കനത്ത മഴയില്‍ പാലത്തിലെ ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം. രാവിലെ ആരംഭിക്കുന്ന കുരുക്ക് രാത്രിവരെ തുടരും. ഇതേത്തുടര്‍ന്ന് പൊടിക്കുണ്ട് മുതല്‍ ചുങ്കം വരെ കിലോമീറ്ററുകളോളം ദേശീയപാതയുടെ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ടനിരയാണ്. മണിക്കൂറുകളെടുത്താണ് യാത്രക്കാര്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. സമയത്തിന് ഓടിയെത്താന്‍ കഴിയാത്തതിനാല്‍ മിക്ക ബസ്സുകള്‍ക്കും ചില ട്രിപ്പുകള്‍ ഒഴിവാക്കേണ്ടിവരുന്നു. അത്യാസന്ന നിലയിലുള്ള രോഗികളുമായി പോവുന്ന ആംബുലന്‍സുകളും ഗതാഗതക്കുരുക്കി ല്‍പ്പെടുന്നതും പതിവാണ്.
കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ ചില വാഹനങ്ങള്‍ ചുങ്കം-കോട്ടക്കുന്ന്-പുതിയതെരു വഴി കണ്ണൂരിലേക്കും പുതിയതെരു-കാട്ടാമ്പള്ളി-പറശ്ശിനിക്കടവ് വഴി തളിപ്പറമ്പ് ഭാഗത്തേക്കുമാണു പോവുന്നത്. എന്നാലിത് ഇവിടെയും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. നേരത്തെ നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് വളപട്ടണം പാലത്തിലെ കുഴികള്‍ അടച്ചിരുന്നെങ്കിലും കനത്ത മഴയില്‍ ടാറിങ് ഇളകുകയായിരുന്നു. അതേസമയം, വളപട്ടണം പാലത്തിലെ കുഴികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടയ്ക്കുമെന്നാണ് ദേശീയപാതാ വിഭാഗം അധികൃതരുടെ വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss