|    Jan 19 Thu, 2017 3:50 am
FLASH NEWS

ദേശീയപാതില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്താനും കുഴികള്‍ അടയ്ക്കാനും തീരുമാനം; ഹൈവേ ഗതാഗതയോഗ്യമാക്കും

Published : 13th July 2016 | Posted By: SMR

ആലപ്പുഴ: തകര്‍ന്നു കിടക്കുന്ന ദേശീയപാത ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ദേശീയപാത ചീഫ് എന്‍ജിനീയറുമായി ചര്‍ച്ചചെയ്തതിന്റെ അടിസ്ഥാനത്തില്‍ ദേശീയ റോഡുകളില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്താനും കുഴികള്‍ അടയ്ക്കാനും തീരുമാനമായി.
ചീഫ് എന്‍ജിനീയര്‍ (എന്‍എച്ച്) നല്‍കിയ റിപോര്‍ട്ടനുസരിച്ചു ചേര്‍ത്തല എക്‌സ്‌റേ ജങ്ഷന്‍ മുതല്‍ കൃഷ്ണപുരം വരെ 71.500 കിലോമീറ്റര്‍ റോഡ് അഞ്ച് പ്രവര്‍ത്തികളായി ചെയ്താലും അതില്‍ ഒരു പ്രവൃത്തിയുടെ ഡിഫക്ട് ലയബിലിറ്റി കാലാവധി 31-05-2017 വരെയുള്ളതായും കാണുന്നു. മറ്റൊരു പ്രവൃത്തി 31-05-2016ന് കാലാവധി അവസാനിച്ചുവെങ്കിലും അതിനുമുമ്പ് തന്നെ കേടുപാടുകള്‍ ഉണ്ടായി. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണത്തിലെ അപാകതകള്‍ പരിശോധിക്കാന്‍ ധനകാര്യവകുപ്പിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറെ (സിടിഇ) ചുമതലപ്പെടുത്തി.
ദേശീയപാത അറ്റകുറ്റപ്പണിയില്‍ മാറ്റങ്ങള്‍ ആവശ്യമുണ്ടോയെന്നു പരിശോധിക്കുന്നതിനു കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെയും ചുമതലപ്പെടുത്തി. ഇക്കാര്യത്തില്‍ കരാറുകാരന്റെ വീഴ്ചയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തില്‍ ന്യൂതനയുണ്ടെങ്കില്‍ അതും പരിശോധിച്ചു റിപോര്‍ട്ട് ചെയ്യാന്‍ ചീഫ് എന്‍ജിനീയറെ (എന്‍എച്ച്) ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ദേശീയപാതയില്‍ ചില ഭാഗങ്ങളില്‍ പ്രവൃത്തി നിര്‍വഹണത്തിലും മേല്‍നോട്ടത്തിലും വീഴ്ചയുണ്ടായതായി മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനവേളയില്‍ ബോധ്യപ്പെടുകയും ഉത്തരവാദിയായ ഒരു ഓവര്‍സിയറെ സസ്‌പെന്റ് ചെയ്യുകയും രണ്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെയും ഒരു അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറേയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സിടിഇയുടെ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മഴ കുറയുന്നതോടെ പൂര്‍ണമായി കരാറുകാരന്‍ സ്വന്തം ചെലവില്‍ തന്നെ കരാറുകള്‍ തീര്‍ക്കുമെന്നും മഴക്കാലത്തു ചെയ്യുന്നതെല്ലാം വൃഥാവിലാവുകയാണെന്നും മഴകുറയുന്നതുവരെ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുഭാഗങ്ങളിലെ കുഴികള്‍ ദേശീയപാത വിഭാഗം നേരിട്ടു ചെയ്യുന്നുണ്ട്.
ഈ പ്രവര്‍ത്തികള്‍ നടന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെന്നുള്ള സത്യം മറച്ചുവച്ചു ചില യുഡിഎഫ് പ്രവര്‍ത്തകരും ചില യൂത്ത് കോണ്‍ഗ്രസ്സുകാരും സര്‍ക്കാരിനെയും പൊതുമരാമത്തു വകുപ്പിനെയും ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നതിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. മഴ കുറയുന്നതോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഇന്നലെ ചീഫ് എന്‍ജിനീയര്‍ ഈ ഭാഗങ്ങളില്‍ നേരിട്ടു പരിശോധന നടത്തി. താല്‍ക്കാലികമായി സ്വീകരിക്കേണ്ട പരിഹാരമാര്‍ഗങ്ങള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിച്ചതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക