|    Apr 24 Tue, 2018 4:57 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദേശീയപാതാ വികസനം: 60 ശതമാനം ഭൂമി ഏറ്റെടുക്കണമെന്നു കേന്ദ്രം; ടെന്‍ഡര്‍ തുടങ്ങാം

Published : 19th June 2016 | Posted By: SMR

National-Highway-Chittode-Junction

ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തില്‍ കേരള സര്‍ക്കാര്‍ 60 ശതമാനം ഭൂമി ഏറ്റെടുത്താലുടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇക്കാര്യത്തില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി.
സാധാരണഗതിയില്‍ 80 ശതമാനം ഭൂമി ഏറ്റെടുത്തതിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാറുള്ളത്. റോഡ് വികസനത്തിന് പണം ഒരു പ്രശ്‌നമല്ലെന്ന് ഗഡ്കരി അറിയിച്ചതായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പിണറായി വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് ജനങ്ങള്‍ക്ക് സ്വീകാര്യമായ പാക്കേജുമായി വന്നാല്‍ കേന്ദ്രം പൂര്‍ണ പിന്തുണ നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയപാത വികസിപ്പിക്കുമ്പോള്‍ റബറൈസ്ഡ് ടാറിങ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. കോണ്‍ക്രീറ്റ് പാതകള്‍ ഒരുക്കുമ്പോഴും സ്പീഡ് ബ്രേക്കറുകള്‍ നിര്‍മിക്കുമ്പോഴും റബര്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചിട്ടുണ്ട്. കനത്ത മഴയുള്ള കേരളത്തില്‍ അറ്റകുറ്റപ്പണിക്കായി കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കും. നാല് പാക്കേജായാവും പദ്ധതി നടപ്പാക്കുക.
ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന കാര്യവും ചര്‍ച്ചയ്ക്കു വന്നതായും ഇക്കാര്യം വേഗത്തില്‍ നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ നാലിടങ്ങളില്‍ എയിംസ് അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി ജെ പി നദ്ദയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം നെട്ടുകാല്‍തേരി, കോട്ടയം മെഡിക്കല്‍ കോളജ് പരിസരം, എറണാകുളം എച്ച്എംടി ഭൂമി എന്നിവിടങ്ങളിലാണിവ. ഇതുസംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്രസംഘത്തെ അയക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കോളജുകളാക്കി മാറ്റുന്നതിന് സഹായം തേടി. പദ്ധതി റിപോര്‍ട്ട് തയ്യാറാക്കി നല്‍കിയാല്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം നല്‍കാമെന്നും കേന്ദ്രം ഉറപ്പുനല്‍കി.
പ്രവാസി പുനരധിവാസപദ്ധതിക്ക് സഹായം നല്‍കാനുള്ള വിഭവം തന്റെ വകുപ്പില്‍ ഇല്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കിടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രതികരണം. ഇക്കാര്യം ധനമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
വിദേശത്ത് ജയിലില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി. എംബസികളില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കും. ഗള്‍ഫ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ വിമാനക്കമ്പനികള്‍ ചൂഷണംചെയ്യുന്നത് അവസാനിപ്പിക്കാന്‍ വ്യോമയാനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കാമെന്നും മന്ത്രി അറിയിച്ചതായി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss