|    Jun 22 Fri, 2018 10:44 pm
FLASH NEWS

ദേശീയപാതാ വികസനം : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി സമരത്തിനൊരുങ്ങുന്നു

Published : 2nd August 2017 | Posted By: fsq

 

കാസര്‍കോട്്: വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നടപ്പാക്കാതെ ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു. കാസര്‍കോട്ട് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. നിലവിലുള്ള എന്‍എച്ച് 17 വികസിക്കുമ്പോള്‍ എന്‍എച്ച് 66ആയി മാറ്റുന്നതിന്റെ ഭാഗമായി ദേശീയപാതയോരത്ത് നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് വ്യാപാരികള്‍ തയ്യാറാകുമെന്ന് അദ്ദേഹം അറിയിച്ചു. തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതയോരത്തായി 1340 വ്യാപാരികളാണ് 45 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കുമ്പോള്‍ കുടിയൊഴിയേണ്ടിവരുന്നത്. 30-40 വര്‍ഷങ്ങളായി കച്ചവടം ചെയ്തുവരുന്ന ഇവര്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാത്ത സ്ഥിതിയാണ്. പാലത്തിനോ റോഡിനോ സ്ഥലമോ കെട്ടിടമോ ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം പോലും ദേശീയപാത വികസനത്തിന് നടപ്പാക്കുന്നില്ല. ടൂറിസ്റ്റ് കേന്ദ്രമായ ഗോവയില്‍ ദേശീയപാതയുടെ വീതി 30 മീറ്റര്‍ മാത്രമാണ്. ജനനിബിഡമായ കേരളത്തില്‍ 45-50 മീറ്റര്‍ വേണമെന്ന് പറയുന്നത് ബാലിശമാണ്. റോഡ് വികസനത്തിന് വ്യാപാരികള്‍ എതിരല്ലെന്നും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാതെ ഒരു വ്യാപാരിയേയും ഒഴിപ്പിക്കാനനുവദിക്കില്ലെന്നാണ് ഏകോപന സമിതിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിയുടെ പേരില്‍ ഒരു വ്യാപാരിയേയും ഇനി അറസ്റ്റ് ചെയ്യാന്‍ അനുവദിക്കുകയില്ല. സംസ്ഥാന സര്‍ക്കാറിന് വരെ ഇതുവരെ ജിഎസ്ടിയെ കുറിച്ച് വ്യക്തമായ ധാരണയില്ല. ഉല്‍പാദകരാണ് ജിഎസ്ടി സാധനത്തിന്റെ അടിസ്ഥാന വില നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ നേരത്തെയുണ്ടായിരുന്ന നികുതികളെക്കാള്‍ അധികമാണ് പല ഉല്‍പന്നങ്ങള്‍ക്കും ജിഎസ്ടിയില്‍ വില വരുന്നത്. ഇതില്‍ വ്യാപാരികളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ജിഎസ്ടി നടപ്പിലാകുന്നതോടെ കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളായ റബര്‍, ചെരുപ്പ്, മരം, ഫര്‍ണിച്ചര്‍ എന്നീ വ്യവസായങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. വന്‍കിട കമ്പനികള്‍ ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതോടെ ചെറുകിട കച്ചവടക്കാര്‍ തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹമ്മദ് ശരീഫ്, സെക്രട്ടറി കെ സേതുമാധവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, പൈക്ക അബ്ദുല്ലക്കുഞ്ഞി, എ കെ മൊയ്തീന്‍ കുഞ്ഞി, മാഹിന്‍ കോളിക്കര സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss