|    Apr 26 Thu, 2018 1:29 pm
FLASH NEWS

ദേശീയപാതാ അധികൃതര്‍ നവീകരണം വിലയിരുത്തി

Published : 28th October 2016 | Posted By: SMR

വളപട്ടണം: നവീകരണം പുരോഗമിക്കുന്ന വളപട്ടണം പാലം ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം റീജ്യനല്‍ ഓഫിസര്‍ വി വി ശാസ്ത്രി, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി എസ് സിന്ധു, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി കെ മിനി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സുനില്‍ കൊയിലേരിയന്‍, ഓവര്‍സിയര്‍മാരായ രാജന്‍, സുധീരന്‍ എന്നിവരാണ് ഇന്നലെ രാവിലെ പ്രവൃത്തികള്‍ വിലയിരുത്തിയത്. അറ്റകുറ്റപ്പണിയുടെ കരാറുള്ള എറണാകുളത്തെ പത്മജ ഗ്രൂപ്പ് എംഡി ബാലകൃഷ്ണന്‍ മിനാരിയും സന്നിഹിതനായി. പാലത്തിന്റെ ഉപരിതലത്തില്‍ പൂര്‍ത്തിയായ സ്ലാബുകളുടെയും എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെയും സ്പാനുകളുടെയും ജോലികളും നിരീക്ഷിച്ചു. അറ്റകുറ്റപ്പണി നടക്കുന്ന വളപട്ടണം പാലം കഴിഞ്ഞ ദിവസം രാവിലെ ഭാഗികമായി തുറന്നുകൊടുത്തിരുന്നു. ജനങ്ങളുടെ യാത്രാദുരിതവും പരാതികളും കണക്കിലെടുത്തായിരുന്നു നടപടി. രണ്ടുദിവസമായി ചരക്കുലോറികള്‍ ഉള്‍പ്പെടെയുള്ള ഭാരവണ്ടികള്‍ ഇതുവഴിയാണ് പോവുന്നത്. അതേസമയം, പാലത്തിന്റെ ഉപരിതലത്തിലെ കോണ്‍ക്രീറ്റിന് മുകളില്‍ മെക്കാഡം ടാറിങിന് മുന്നോടിയായുള്ള മാസ്റ്റിക്് അസ്ഫാള്‍ട്ട് ടാറിങ് പ്രവൃത്തികള്‍ ഇന്നലെ രാത്രി തുടങ്ങി. ഇതിന്റെ ഭാഗമായി രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ പാലത്തിലൂടെയുള്ള ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തി. പാലത്തിന്റെ ഒരുവശത്ത് കൂടി വാഹനങ്ങള്‍ കടത്തിവിട്ട് മറുവശത്താണു ടാറിങ് നടക്കുന്നത്. എന്നാല്‍, പകല്‍ ഗതാഗതനിയന്ത്രണം ഉണ്ടാവില്ല. നിയന്ത്രണം അടുത്തമാസം വരെ തുടരാനാണ് തീരുമാനം. പാലത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ദേശീയാപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ വിലയിരുത്തിയതിനു ശേഷമാണ് ടാറിങ് ആരംഭിച്ചത്. കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ സ്ഥലമായ വളപട്ടണം പാലത്തിന്റെ ബലപ്പെടുത്തല്‍ പ്രവൃത്തി കഴിഞ്ഞ മാസം 29നാണു തുടങ്ങിയത്. 30 വര്‍ഷത്തിലേറെയായി  പാലത്തിന് ഉപ്പുകാറ്റേറ്റ് ഗുരുതരമായ ബലക്ഷയം കണ്ടെത്തിയ പശ്ചാത്തലത്തി ല്‍ ആധുനികസംവിധാനം ഉപയോഗപ്പെടുത്തിയാണു നവീകരണം.  തൂണുകളിലെ പുറംഭാഗത്തെ കോണ്‍ക്രീറ്റുകള്‍ പൊട്ടിച്ചുമാറ്റി അകത്തെ ദ്രവിച്ച കമ്പികള്‍ നീക്കംചെയ്ത് പുതിയ കമ്പികള്‍ സ്ഥാപിച്ചാണു ബലപ്പെടുത്തുന്നത്. നേരത്തെ 2015 സപ്തംബറില്‍ തുടങ്ങിയ നവീകരണം 2016 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, പ്രവൃത്തി വേഗത കുറഞ്ഞതിനാല്‍ സമയപരിധി നീട്ടിനല്‍കുകയായിരുന്നു. അതേസമയം, ദീപാവലി അവധിയുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ ക്ഷാമം കരാറുകാരെ അലട്ടുകയാണ്. ഇതരസംസ്ഥാനക്കാരായ തൊഴിലാളികളില്‍ പലരും നാട്ടിലേക്ക് പോയിത്തുടങ്ങിയിട്ടുണ്ട്. ഇവര്‍ തിരിച്ചെത്തുന്ന മുറയ്ക്ക് ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ 20 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss