|    May 23 Tue, 2017 4:28 pm
FLASH NEWS

ദേശീയപാതയില്‍ ഗതാഗതം ദുഷ്‌കരമായി

Published : 15th August 2016 | Posted By: SMR

നീലേശ്വരം: ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണിക്ക് അടച്ചിട്ടതോടെ ദേശീയപാതയില്‍ യാത്രാക്ലേശം ദുസ്സഹമായി. കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കയ്യൂര്‍ വഴി ചുറ്റിയാണ് നീലേശ്വരത്തെത്തുന്നത്.
വീതി കുറഞ്ഞ റോഡിന്റെ ഇരുഭാഗത്തും വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ ഗതാഗതതടസ്സമുണ്ടാവുകയും മണിക്കൂറുകളോളം യാത്രക്കാര്‍ ഗതാഗതകുരുക്കില്‍പെടുകയും ചെയ്യുന്നു. വീതികൂട്ടാത്ത ഗ്രാമീണ റോഡില്‍ കൂടി ഗതാഗതം തിരിച്ചുവിട്ടിട്ടും ഇത് നിയന്ത്രിക്കാന്‍ ട്രാഫിക്ക് പോലിസിനെ നിയോഗിച്ചിരുന്നില്ല.
ചില സ്ഥലങ്ങളില്‍ നാട്ടുകാരാണ് വാഹനങ്ങളെ നിയന്ത്രിച്ചിരുന്നത്. ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെല്ലാം ഇതുവഴി കടന്നുപോവുന്നതോടെ മൂന്ന് മണിക്കൂറോളം കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍പെട്ടു. ചെറുവത്തൂരില്‍ നിന്നും നീലേശ്വരത്തേക്കുള്ള ഏക ബൈപാസ് റോഡാണ് കയ്യൂര്‍ വഴിയുള്ള ഈ റോഡ്.
റോഡിന് സമീപമുള്ള ഓവുചാലിലേക്ക് വാഹനങ്ങള്‍ വീണതിനാല്‍ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ഏറെ പണിപ്പെട്ടു. പള്ളിക്കര റെയില്‍വേ ഗേറ്റ് അടച്ചിട്ടതിനാല്‍ കണ്ണൂരില്‍ നിന്നും പയ്യന്നൂരില്‍ നിന്നുമുള്ള പല സ്വകാര്യബസുകളും ചെറുവത്തൂരില്‍ യാത്ര അവസാനിപ്പിച്ചു.
കാസര്‍കോട് നിന്നുള്ള ചില ബസുകള്‍ നീലേശ്വരം വരെ മാത്രമേ സര്‍വീസ് നടത്തിയിരുന്നുള്ളു. ഞായറാഴ്ച ബസുകള്‍ കുറവായതിനാല്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസില്‍ നല്ല തിരക്കും അനുഭവപ്പെട്ടിരുന്നു.
ശനിയാഴ്ച രാത്രി കാര്യങ്കോട് പാലത്തില്‍ മാവേലി എക്‌സ്പ്രസിന്റെ എന്‍ജിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് നീലേശ്വരം ഗേറ്റ് അടച്ചിട്ടിരുന്നു. അതുകൊണ്ട് ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇന്നലെ വൈകിട്ട് മുതല്‍ തന്നെ ചെറുവത്തൂര്‍ ചെക്ക് പോസ്റ്റ് മുതല്‍ ഗതാഗതകുരുക്കില്‍പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day