|    Jan 24 Tue, 2017 12:32 am

ദേശീയപാതയിലെ അറ്റകുറ്റപ്പണി; മന്ത്രി ജി സുധാകരന്‍ സന്ദര്‍ശിച്ചു

Published : 17th July 2016 | Posted By: SMR

ആലപ്പുഴ: ജില്ലയിലെ ദേശീയപാതയില്‍ വൈഎംസിഎ മുതല്‍ തോട്ടപ്പള്ളി കൊട്ടാരവളവ് കല്‍പ്പകവാടി ഭാഗം വരെയുള്ള കുഴികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ജി സുധാകരന്‍ പരിശോധിച്ചു.
ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ പരിശോധന നാലുമണിക്കൂര്‍ നീണ്ടുനിന്നു. ഇതു നേരിട്ടു പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവാത്തതില്‍ അവര്‍ക്ക് കുറച്ചെങ്കിലും നാണം ഉണ്ടാവട്ടെയെന്നും മന്ത്രി വ്യക്തമാക്കി. പ്രശ്‌നങ്ങളുള്ള സ്ഥലം ചൂണ്ടിക്കാട്ടി അത് പരിഹരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റോഡ് പണിയില്‍ നടന്ന അഴിമതിയുടെ ഭാഗമായിട്ടാണ് കാലാവധി തീരുന്നതിന് ഒന്നരവര്‍ഷം മുമ്പ് റോഡ് ഈ സ്ഥിതിയില്‍ ആയതെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതയില്‍ ആകെ 23 സ്ഥലങ്ങളില്‍ മന്ത്രി ഇറങ്ങി പരിശോധിച്ചു. നാട്ടുകാരുടെ പരാതികള്‍ കേട്ട് അതെല്ലാം പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടൊപ്പം കൂടുതല്‍ പ്രശ്‌നങ്ങളുള്ള ആലപ്പുഴ ജില്ലാ ആശുപത്രി പെട്രോള്‍ പമ്പിനു മുന്‍വശമുള്ള സ്ഥലം, തിരുവാമ്പാടി ജങ്ഷന്‍, വലിയചുടുകാട് ജങ്ഷന്‍, ചങ്ങനാശേരി ജങ്ഷന്‍, കളര്‍കോട് എസ്ഡി കോളജ് ജങ്ഷന്‍, പുന്നപ്ര ചന്ത, വണ്ടാനം മെഡിക്കല്‍ കോളജ് ജങ്ഷന്‍ എന്നി സ്ഥലങ്ങളിലെ ഇരു വശങ്ങളിലും ആളുകള്‍ക്ക് നില്‍ക്കാന്‍ ടൈല്‍ പാകാന്‍ മന്ത്രി നിര്‍ദേശിച്ചു.
ഇതോടൊപ്പം ജില്ലാ ആശുപത്രി പെട്രോള്‍ പമ്പ് ജങ്ഷന്‍, പുന്നപ്ര ചന്ത എന്നിവിടങ്ങളില്‍ അടിയന്തരമായി റോഡില്‍ ടൈല്‍ പാകാനും നിര്‍ദേശിച്ചു. വലിയകുഴികളുള്ള ഭാഗം വീണ്ടും പൊളിഞ്ഞു പോകാത്ത രീതിയില്‍ നല്ലവണ്ണം അറ്റകുറ്റപ്പണി ചെയ്യണമെന്നും നിര്‍ദേശം നല്‍കി.
കുറഞ്ഞത് ആറു ടീമെങ്കിലും പാതിരപ്പള്ളി മുതല്‍ തോട്ടപ്പള്ളിവരെ അടിയന്തരമായി പണിപൂര്‍ത്തികരിക്കാന്‍ സജ്ജമാകാന്‍ നിര്‍ദേശിച്ചു. ശവക്കോട്ടപ്പാലം ജങ്ഷന്‍ മുതല്‍ അടിയന്തരമായി ടൈല്‍ പാകുന്നതിനും പാതിരപ്പള്ളി മുതല്‍ വൈഎംസിഎ വരെ രണ്ടു ടീമിനെ ഉള്‍പ്പെടുത്തി പണിപൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
ഇന്നലെ പണി നടന്നുകൊണ്ടിരുന്ന തിരുവാമ്പാടി ജങ്ഷന്‍, നീര്‍ക്കുന്നം എന്നി സ്ഥലങ്ങളില്‍ മന്ത്രിയെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. മന്ത്രിയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, ദേശീയപാത വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍, ഓവര്‍സീയര്‍മാര്‍ ഒപ്പമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക