|    Jun 25 Mon, 2018 6:00 am
FLASH NEWS

ദേശീയപാതയിലെ അപകട പരമ്പരയ്ക്ക് ചുങ്കത്തെ ട്രാഫിക് ബ്ലോക്കിനു മുഖ്യപങ്ക്

Published : 8th August 2017 | Posted By: fsq

 

താമരശ്ശേരി: താമരശ്ശേരി ചുങ്കം  ജങ്ഷനിലെ അഴിയാ കുരുക്കും റോഡിന്റെ അവസ്ഥയും  ദേശീയ പാതയില്‍ ഉണ്ടാവുന്ന അപകടങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കുന്നതായി വാഹന ഉടമകളും ഡ്രൈവര്‍മാരും. കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ വയനാട് ലക്കിടിക്കും കൊടുവള്ളിക്കുമിടയിലെ അപകട പരമ്പരക്ക് മുഖ്യ ഹേതുവായി മാറുന്നത് ദേശീയപാതയും സംസ്ഥാന പാതയും സംഗമിക്കുന്ന താമരശ്ശേരി ചുങ്കത്തെ രൂക്ഷമായ ഗതാഗത കുരുക്കാണെന്ന് ഈ പാതയില്‍ സഞ്ചരിക്കുന്ന വാഹന ഉടമകളും ഡ്രൈവര്‍മാരും സാമൂഹികപ്രവര്‍ത്തകരും വ്യക്തമാക്കുന്നു. ദേശീയ പാതയില്‍ സഞ്ചരിക്കുന്ന സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതോടെ ഇവരുടെ റണ്ണിങ് ടൈം താളം തെറ്റുന്നു. ഇത് അഡ്ജസ്റ്റ് ചെയ്യാനുള്ള അമിത വേഗതയാണ് പിന്നീട് ഉണ്ടാവുന്നത്. സമയത്തിനു ഒരോ പോയന്റിലും, ബസ് സ്റ്റാന്റിലും എത്താതാവുന്നതോടെ അവിടെ നിന്നും പുറപ്പെടുന്ന ബസ്സുകാരുമായി തര്‍ക്കത്തിനും വാക്കേറ്റത്തിനും അവസാനം ട്രിപ്പ് മുടക്കത്തിനും കാരണമാവുന്നു. ഇതിനു പുറമെ സ്വകാര്യ ബസ്സുകാര്‍ തങ്ങളുടെ പുറകിലും മുന്നിലുമുള്ള കെഎസ്ആര്‍ടിസി ബസ്സുകാരെ മറി കടന്നു മുന്നേറാനുള്ള ശ്രമമാണുണ്ടാവുന്നത്. ഇത് പലപ്പോഴും അപകടത്തിലാണ് കലാശിക്കുന്നത്. ഇത്തരത്തില്‍ തന്നെ ടിപ്പര്‍ ലോറികളുടെ അമിത വേഗതയും അപകടം വരുത്തുന്നതില്‍ പിന്നിലല്ല. ചുരത്തിലെയും ദേശീയ പാതയുടെയും തകര്‍ച്ചയും അപകടത്തിനു ആക്കം കൂട്ടുന്നു. ഒരുമാസത്തിനിടയില്‍ ചുരം മേഖലയില്‍ ചെറുതും വലുതുമായ 24 അപകടങ്ങളാണ് ഉണ്ടായത്. അത്രയും തന്നെ ഗതാഗതഗത കുരുക്കും. ഇതിനു പുറമെ ചുരത്തിനു താഴെ അടിവാരത്തിനും കൊടുവള്ളിക്കുമിടയില്‍ ഒരുമാസത്തിനിടയില്‍ മുപ്പതിലധികം അപകടങ്ങള്‍ ഉണ്ടായി. കഴിഞ്ഞ വ്യാഴാഴ്ച  ആറ് അപകടങ്ങളാണ് ഈ മേഖലയില്‍ നടന്നത്. 17 പേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പുറമെ ശനിയാഴ്ചയുണ്ടായ ബസ്സപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് അംഗങ്ങളടക്കം ഏഴു പേരാണ് ദാരുണമായി മരണപ്പെട്ടത്. ഇതിന്റെ തേങ്ങല്‍ മാറുന്നതിനിടയില്‍ ഇന്നലെ പുതുപ്പാടി മലോറത്ത് കാര്‍ ബസ്സിനു പിറകിലിടിച്ചു ഡ്രൈവറടക്കം എട്ടു പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു. ദേശീയ പാതയില്‍ ഇത്തരത്തിലുള്ള അപകടത്തിനു ആക്കം കൂട്ടന്നതില്‍ ചുങ്കത്തെ ഗതാഗത കുരുക്കിനു പുറമെ റോഡിന്റെ അറ്റകുറ്റപ്പണിയിലും ടാറിങ് നടത്തിയതിലുമുള്ള അപാകതയും മുഖ്യ ഹേതുവാണ്. കൊടുവള്ളി നെല്ലാങ്കണ്ടി മുതല്‍ ചുരം ലക്കിടി വരെ ഇതിനായി ദേശീയ പാത അതോറിറ്റി ചെലവാക്കിയത് മുപ്പത് കോടിയിലധികം രൂപയാണ്. രണ്ട് വര്‍ഷം പോലും കഴിയും മുമ്പേ റോഡ് തകര്‍ന്നു. ടാറിങിലെ അപാകത മൂലം റോഡില്‍ നിന്നും ചെറു വാഹനങ്ങള്‍ തെന്നിപ്പോവുന്ന അവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍ അന്നു തന്നെപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കാലാവധിക്ക് മുന്‍പ് റോഡ് തകര്‍ന്നാല്‍ കരാറുകാരനില്‍ നിന്നും നഷ്ടം ഈടാക്കുമെന്ന് പറയാറുണ്ടെങ്കിലും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കരാറുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കൊണ്ട് ഒന്നും നടക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചുങ്കത്തെ ഗതാഗത കുരുക്കിനു പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ദേശീയ പാതയില്‍ ഇനിയും ചോരപ്പുഴ ഒഴുകുമെന്ന ഭയാശങ്കയിലാണ് പ്രദേശ വാസികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss