|    Apr 27 Fri, 2018 1:01 am
FLASH NEWS
Home   >  Editpage  >  Readers edit  >  

ദേശീയതയല്ല ദേശസ്‌നേഹം

Published : 22nd May 2016 | Posted By: SMR

slug-enikku-thonnunnathuപി പി അബ്ദുറഹ്മാന്‍, പെരിങ്ങാടി

ആരാണ് ദേശസ്‌നേഹി, ആരാണ് ദേശദ്രോഹി എന്ന തര്‍ക്കം പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്. ചരിത്രത്തില്‍ പലപ്പോഴും രാജ്യദ്രോഹികളായി ഭരണകൂടത്താല്‍ മുദ്രയടിക്കപ്പെട്ടവര്‍ പിന്നീട് രാജ്യസ്‌നേഹികളായി വാഴ്ത്തപ്പെട്ടിട്ടുണ്ട്. രാജ്യദ്രോഹികളെയും രാജ്യസ്‌നേഹികളെയും വേര്‍തിരിക്കുന്ന മാനദണ്ഡം മിക്കപ്പോഴും അമൂര്‍ത്തവും ആപേക്ഷികവുമാണ്. ബാലഗംഗാധര തിലകനും ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും ഭഗത്‌സിങും മൗലാനാ മുഹമ്മദലിയും മൗലാനാ ആസാദും മറ്റും ബ്രിട്ടിഷ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹികളായിരുന്നു. അന്നത്തെ ഭരണത്തോട് ചേര്‍ന്നുനില്‍ക്കുന്നവരായ കുറേ ഇന്ത്യക്കാര്‍, അഥവാ വാഴുന്നവര്‍ക്ക് സ്തുതിപാടുന്നവര്‍ മേല്‍പ്പറഞ്ഞവരെ ദേശദ്രോഹികളായി ഗണിച്ചു. എന്നാല്‍, മഹാഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും അവര്‍ ദേശസ്‌നേഹികളാണ്.
പലപ്പോഴും ദേശസ്‌നേഹികളെയും ദേശദ്രോഹികളെയും നിശ്ചയിക്കുന്നത് ഭരണകൂടമാണ്. രാജ്യവും ഭരണകൂടവും ഒന്നല്ല, രണ്ടാണ്. ഭരണകൂടം രാജ്യമല്ല; രാജ്യം ഭരണകൂടവുമല്ല. ഭരണകൂട സേവകര്‍ അഥവാ വാഴുന്നോര്‍ക്ക് സ്തുതിയോതുന്നവര്‍ ദേശസ്‌നേഹികളാവണമെന്നില്ല. ദേശസ്‌നേഹികള്‍ അതതു കാലത്തെ ഭരണകൂടത്തിന് ജയ് വിളിക്കുന്നവരാവണമെന്നില്ല. ബ്രിട്ടിഷുകാര്‍ ഇവിടം അടക്കിവാണപ്പോള്‍ ക്രൈസ്തവര്‍ ആ ഭരണത്തോട് ചേര്‍ന്നുനിന്നതിനാല്‍ ബ്രിട്ടിഷുകാര്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കും സ്‌കൂളുകള്‍ക്കും ധാരാളം ഭൂമി നല്‍കി. മുസ്‌ലിംകളും ഹിന്ദുക്കളും മറ്റും വൈദേശികാധിപത്യത്തെ അങ്ങേയറ്റം എതിര്‍ത്തതിനാല്‍ അവഗണനയും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു. യഥാര്‍ഥ ദേശസ്‌നേഹത്തിന്റെ ഉള്ളടക്കം വിശാലമായ ജനസ്‌നേഹമായിരിക്കണം. അല്ലാത്തപക്ഷം രാജ്യസ്‌നേഹം നാട്ടിലെ പൗരന്മാരെ തമ്മിലടിപ്പിച്ച് നാശവും നഷ്ടവുമുണ്ടാക്കുന്ന സംഘബലത്തിന്റെ കൊലവിളിയായി മാറും.
ദേശസ്‌നേഹികളെന്ന് അവകാശപ്പെടുന്നവര്‍ ജനാധിപത്യത്തിന്റെ പഴുതുകളിലൂടെയാണ് ഉയര്‍ന്നുവന്നത്. പിന്നീടവര്‍ ജനാധിപത്യത്തെ കൊലചെയ്തു. അഭിപ്രായസ്വാതന്ത്ര്യത്തെ ഭീകരമാംവിധം അടിച്ചമര്‍ത്തി. ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്തു. ഭരണകൂടമാണ് രാഷ്ട്രമെന്ന പ്രതീതി വളര്‍ത്തിയിട്ടാണ് സകല സ്വേച്ഛാധിപതികളും ഭരണം നടത്തിയത്. കറകളഞ്ഞ, സങ്കുചിത രാജ്യസ്‌നേഹം ഫലത്തില്‍ ഭരണകൂട സേവ മാത്രമാണ്. രാജ്യസ്‌നേഹവും രാജ്യവാസികളോടുള്ള സ്‌നേഹവും ഒരു നാണയത്തിന്റെ ഇരുപുറം കണക്കെ അഭേദ്യമാണ്. പരസ്പര പൂരകവുമാണ്.
ദേശമെന്നത് പല കാലങ്ങളില്‍ പലതാണ്. കറാച്ചിയിലുള്ള ഒരാള്‍ 1947നു മുമ്പ് ഇന്ത്യക്കാരനായിരുന്നു. 1947നു ശേഷം അന്യനായി എന്നു മാത്രമല്ല, ശത്രുവുമായി മാറി. 1947ല്‍ ധക്കയിലുള്ളവന്‍ പാകിസ്താനി. 1971നു ശേഷം അവന് കറാച്ചിയിലുള്ളവന്‍ അന്യനും ശത്രുവുമായി മാറി. സ്വാതന്ത്ര്യത്തിനു മുമ്പ് ‘ഇന്ത്യ’ ഒരൊറ്റ ദേശീയതയായിരുന്നില്ല. ആയിരക്കണക്കിന് ഭിന്ന ദേശീയതകളായിരുന്നു. പല ഭാഷയും സംസ്‌കാരവും വ്യത്യസ്ത വിശ്വാസാചാരങ്ങളും പാരമ്പര്യവും വേറിട്ട വ്യക്തിത്വവും പുലര്‍ത്തുന്ന നിരവധി ദേശീയതകളെ ബലാല്‍ക്കാരേണ ഏകീകരിച്ചെങ്കിലും ഓരോന്നിന്റെയും തനിമകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതിന്റെ പ്രശ്‌നസങ്കീര്‍ണതകള്‍ പലമാര്‍ഗേണ പ്രത്യക്ഷപ്പെടുന്നുണ്ട്.
രണ്ടായിരുന്ന ജര്‍മനികള്‍ ഒന്നായി. രണ്ട് യമനുകളും ഇപ്പോള്‍ ഒന്നാണ്. പല നാടുകളും ചേര്‍ന്ന് ഒരൊറ്റ റിപബ്ലിക് ആയിരുന്ന സോവിയറ്റ് യൂനിയന്‍ ഇന്ന് പല രാജ്യങ്ങളാണ്. ചെക്കോസ്ലോവാക്യ വിഭജിതമായി ചെക്ക് റിപബ്ലിക്കും സ്ലോവാക്യയുമായി. റാം മനോഹര്‍ ലോഹ്യ ഉള്‍പ്പെടെ പലരും പലപ്പോഴായി പറഞ്ഞ ആശയം ഇന്തോ-പാക്-ബംഗ്ലാ കോണ്‍ഫെഡറേഷന്‍ പോലുള്ള രചനാത്മക ചിന്തകളെ നന്മേച്ഛുക്കള്‍ അകമഴിഞ്ഞു പിന്തുണയ്‌ക്കേണ്ടതുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss