|    Nov 18 Sat, 2017 5:52 pm
FLASH NEWS

ദേശസാല്‍കൃത റൂട്ടില്‍ കെഎസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര നിഷേധിക്കുന്നു

Published : 4th August 2017 | Posted By: fsq

 

കാസര്‍കോട്: കെഎസ്ആര്‍ടിസിയുടെ കുത്തകയായ കാസര്‍കോട്-കാഞ്ഞങ്ങാട് ചന്ദ്രഗിരി പാതയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം ലഭിക്കുന്നില്ലെന്ന് പരാതി. നേരത്തെ വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി നല്‍കുന്ന പാസിന്റെ അടിസ്ഥാനത്തില്‍ സൗജന്യ നിരക്കില്‍ യാത്ര അനുവദിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര പൂര്‍ണമായും സൗജന്യമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പാസ് നല്‍കുന്നത് കര്‍ശനമാക്കിയതിനാല്‍ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും യാത്രാ ആനുകൂല്യം ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മുന്‍കാലങ്ങളില്‍ പാസ് ലഭിച്ചവര്‍ക്ക് പാസ് പുതുക്കി നല്‍കുന്നതല്ലാതെ പുതിയ അപേക്ഷകള്‍ പരിഗണിച്ച് പാസ്് അനുവദിക്കുന്നതിന് താല്‍പര്യം കാണിക്കുന്നില്ല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ റൂട്ടിലുള്ളത്. ചില സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് സ്വന്തമായി വാഹനങ്ങളുണ്ടെങ്കിലും ഭൂരിഭാഗം കുട്ടികളും ബസുകളെയാണ് ആശ്രയിക്കുന്നത്. ദേശസാല്‍കൃത റൂട്ടിലൂടെ യാത്ര ചെയ്ത് വിദ്യാലയങ്ങളില്‍ പോകേണ്ട വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റിന്റെ പണം പൂര്‍ണമായും നല്‍കേണ്ട സ്ഥിതിയാണ്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച രണ്ട് മാസം കഴിഞ്ഞിട്ടും ഈ റൂട്ടിലുള്ള ഭൂരിഭാഗം കുട്ടികളും കെഎസ്ആര്‍ടിസി പാസ് നല്‍കിയിട്ടില്ല. കാസര്‍കോട് നിന്ന് ദേളിയിലെ സ്‌കൂളില്‍ പോയി വരാന്‍ 30 രൂപയാണ് ടിക്കറ്റിന് ചാര്‍ജ്. നിര്‍ധന കുട്ടികള്‍ കൂടുതലായി പഠിക്കുന്ന വിദ്യാലയങ്ങളാണ് ഈ ഭാഗത്തുള്ളത്. അതേസമയം വിദ്യാലയങ്ങളുടെ അഫിലിയേഷനുമായി ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ലഭിക്കാത്തതിനാലാണ് പാസ് നല്‍കാത്തതെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത്തരം വിദ്യാലയങ്ങളില്‍ കഴിഞ്ഞ വര്‍ഷം പഠനം ആരംഭിച്ച പലര്‍ക്കും പാസ്പുതുക്കി നല്‍കിയിട്ടുണ്ട്. ഇപ്രാവശ്യം പുതുതായി ചേര്‍ന്ന കുട്ടികള്‍ക്കാണ് സൗജന്യ യാത്രാ പാസ് നിഷേധിക്കുന്നത്. ഇതോടെ ഭൂരിഭാഗം കുട്ടികളും പഠനം നിര്‍ത്തേണ്ടിവരുന്ന അവസ്ഥയിലാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. സിബിഎസ്ഇ അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികള്‍ക്കും യാത്രാസൗജന്യം ലഭിക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക