|    Jan 17 Tue, 2017 6:26 am
FLASH NEWS

ദേവാസ്-ആന്‍ട്രിക്‌സ് ഇടപാട്: ഐഎസ്ആര്‍ഒ 100 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; ഇന്ത്യക്ക് തിരിച്ചടി

Published : 27th July 2016 | Posted By: SMR

ബംഗളൂരു: ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷനും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമ കമ്പനിയായ ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ അന്താരാഷ്ട്ര കോടതിയില്‍ നടന്നുവന്ന കേസില്‍ ഇന്ത്യക്ക് പരാജയം.
ദേവാസിലെ നിക്ഷേപകര്‍ നല്‍കിയ ഹരജി പരിഗണിച്ച ഹേഗിലെ സ്ഥിരം മധ്യസ്ഥ കോടതി (പിസിഎ) നഷ്ടപരിഹാരം നല്‍കാന്‍ ഐഎസ്ആര്‍ഒക്ക് നിര്‍ദേശം നല്‍കി. ഇരുവരും തമ്മില്‍ ഒപ്പുവച്ച എസ്-ബാന്‍ഡ് സ്‌പെക്ട്രം കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാര്‍ അന്യായമായി ഇടപെട്ടതായി നിരീക്ഷിച്ച കോടതി, കമ്പനിയുമായുള്ള കരാര്‍ ഇന്ത്യ ലംഘിച്ചതായും ചൂണ്ടിക്കാട്ടി.
ഇതുപ്രകാരം നഷ്ടപരിഹാരമായി 100 കോടി ഡോളറെങ്കിലും ഐഎസ്ആര്‍ഒ ദേവാസിനു നല്‍കേണ്ടിവരും. എന്നാല്‍ വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
ചിന്തിക്കാതെ സര്‍ക്കാരെടുത്ത തീരുമാനത്തിന്റെ ഫലമാണ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിയെന്ന് മാധവന്‍ നായര്‍ പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വ്യാപാര നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന കോടതിയാണ് സ്ഥിരം മധ്യസ്ഥ കോടതി (പിസിഎ). കരാര്‍ റദ്ദാക്കിയതിനെതിരേ ദേവാസ് കമ്പനിയാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
ഇന്ത്യ നിയോഗിച്ച മധ്യസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ ഐകകണ്‌ഠ്യേനയാണു തീരുമാനമെടുത്തതെന്നും കമ്പനി കുറ്റപ്പെടുത്തി. ഈ കേസില്‍ 2015 സപ്തംബറില്‍ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്‌സ് മധ്യസ്ഥകോടതി 4,432 കോടി രൂപ ദേവാസിന് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു.
പ്രതിവര്‍ഷം 18 ശതമാനംവച്ച് നാലുവര്‍ഷത്തെ പലിശയും നല്‍കേണ്ടിവരും. എസ്-ബാന്‍ഡ് സ്‌പെക്ട്രം അനുവദിച്ചതില്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി 2011ല്‍ യുപിഎ സര്‍ക്കാര്‍ കാലാവധി തീരുന്നതിനു മുമ്പ് കരാര്‍ റദ്ദാക്കിയത്.
ജി മാധവന്‍ നായര്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരിക്കെ 2005 ജനുവരി 28നാണ് കരാറില്‍ ഒപ്പുവച്ചത്. ഐഎസ്ആര്‍ഒയിലെ മുന്‍ സയന്റിഫിക് സെക്രട്ടറി ഡോ. എം ജി ചന്ദ്രശേഖര്‍ ചെയര്‍മാനായാണ് 2004ല്‍ ദേവാസ് മള്‍ട്ടിമീഡിയ തുടങ്ങിയത്. കരാര്‍ വിവാദമായതിനെ തുടര്‍ന്ന് മാധവന്‍ നായരെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കിയിരുന്നു.
അഴിമതി ഐഎസ്ആര്‍ഒയിലെ ഉന്നതരുടെ പിന്തുണയോടെ
ഐഎസ്ആര്‍ഒ വിക്ഷേപിച്ച ജി സാറ്റ്6, ജി സാറ്റ് 6എ എന്നീ ഉപഗ്രഹങ്ങളിലെ 70 മെഗാഹെര്‍ട്‌സ് എസ് ബ്രാന്‍ഡ് സ്‌പെക്ട്രം ദേവാസ് മള്‍ട്ടിമീഡിയക്ക് പാട്ടവ്യവസ്ഥയില്‍ ഉപയോഗിക്കാമെന്ന കരാര്‍ 2005 ജനുവരി 28നാണ് ഉണ്ടാക്കിയത്. 20 വര്‍ഷത്തേക്ക് യഥേഷ്ടം സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശവും ദേവാസിനു ലഭിച്ചു.
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മള്‍ട്ടിമീഡിയ സേവനങ്ങള്‍ ലഭ്യമാക്കാനാവശ്യമായ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ നിര്‍മിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഉപഗ്രഹനിര്‍മാണത്തിനുള്ള ഐഎസ്ആര്‍ഒയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് 2011ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ വ്യക്തമാക്കി.
2ജി സ്‌പെക്ട്രം അനുവദിച്ചതില്‍ സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടായതായി ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു ദേശീയ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി യുപിഎ സര്‍ക്കാര്‍ കാലാവധി തീരുന്നതിനു മുമ്പ് കരാര്‍ റദ്ദാക്കിയത്.
ദേവാസിനു കരാര്‍ ലഭിക്കുന്നതിന് ഐഎസ്ആര്‍ഒയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ ജി മാധവന്‍ നായരെ കരിമ്പട്ടികയില്‍പ്പെടുത്തുകയും സമഗ്രാന്വേഷണം നടത്തുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക