|    Jan 19 Fri, 2018 5:17 pm
FLASH NEWS

ദേവാലയങ്ങള്‍

Published : 6th March 2016 | Posted By: sdq

മതസമൂഹങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും പ്രധാനപ്പെട്ട പങ്കുവഹിച്ചത് ആരാധനാലയങ്ങളാണ്. പ്രാര്‍ഥനയ്ക്കുള്ള മന്ദിരങ്ങളായി വര്‍ത്തിച്ചു എന്നതിനോടൊപ്പം സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ വ്യവഹാരങ്ങളില്‍ അവ നേതൃത്വവും മാര്‍ഗദര്‍ശനവും നല്‍കിക്കൊണ്ടിരുന്നു. ചര്‍ച്ചും ക്ഷേത്രവും സിനഗോഗും ഗുരുദ്വാറും മസ്ജിദും ഓരോ മതവിഭാഗത്തിന്റെയും കേന്ദ്രസ്ഥാനമായി വര്‍ത്തിച്ചപ്പോഴും ദേശീയവും ദേശാന്തരീയവുമായ പ്രാധാന്യം അവ കൈവരിച്ചത് അതുകൊണ്ടാണ്.
‘പള്ളിയില്‍ പോയി പറയുക’ എന്നൊരു ചൊല്ലുണ്ട്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം അവിടെനിന്നുണ്ടാവും എന്ന പ്രതീക്ഷയാണ് ആ ചൊല്ലിന്റെ അടിസ്ഥാനം. മദീനയിലേക്ക് പലായനം ചെയ്ത മുഹമ്മദ് നബി മക്കയുടെ അതിര്‍ത്തി പിന്നിട്ടപ്പോള്‍ ആദ്യമായി ചെയ്ത പ്രവൃത്തി പള്ളിനിര്‍മാണമായിരുന്നു. വ്യക്തികളെ പരസ്പരം അടുപ്പിക്കുന്ന സ്ഥാപനം, അതിഥി മന്ദിരം, അഭയാര്‍ഥി ക്യാംപ്, ഖജനാവ്, കോടതി, വീടില്ലാത്തവരുടെ വീട് എന്നീ നിലകളിലെല്ലാം നബിയുടെ പള്ളി നിലകൊണ്ടു. തന്നെ സന്ദര്‍ശിക്കാന്‍ നജ്‌റാനില്‍നിന്ന് എത്തിയ ക്രൈസ്തവസംഘത്തെ പ്രവാചകന്‍ സ്വീകരിച്ചത് പള്ളിയില്‍ വച്ചായിരുന്നു. കുരിശ് ചുമന്നുകൊണ്ടുതന്നെ അവര്‍ക്ക് പള്ളിയില്‍ പ്രാര്‍ഥന നിര്‍വഹിക്കാന്‍ നബി സൗകര്യം ചെയ്തുകൊടുത്തു.
നബിയുടെ ഈ ചര്യ അതിന്റെ സത്തയില്‍ വളരെ കാലങ്ങളോളം പിന്തുടര്‍ന്നുപോന്നു. ചേരമാന്‍ പെരുമാള്‍ അറേബ്യയില്‍ പോയി നബിയെ കാണുകയും അദ്ദേഹത്തിന്റെ അനുചരനാവുകയും ചെയ്തു എന്ന് കരുതപ്പെടുന്നു. കേരളത്തിലേക്കു മടങ്ങുംവഴി ചേരമാന്‍ പെരുമാള്‍ മരണപ്പെട്ടു. മാലിക് ഇബ്‌നു ദീനാറും സംഘവും കേരളത്തിലെത്തിയത് ചേരമാന്‍ പെരുമാള്‍ തന്റെ സാമന്തര്‍ക്ക് എഴുതിയ കത്തുമായാണ്. കത്തിലെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂരിലെത്തിയ മാലിക് ഇബ്‌നു ദീനാറിനും സംഘത്തിനും അവര്‍ അഭയം നല്‍കി. അതോടൊപ്പം പള്ളി പണിയാന്‍ സൗകര്യവും ചെയ്തുകൊടുത്തു.
ഇബ്‌നു ബത്തൂത്തയെപ്പോലുള്ള സഞ്ചാരികള്‍ ഇന്ത്യയിലെ പള്ളികള്‍ ഏതെല്ലാം രീതിയില്‍ പ്രയോജനപ്പെട്ടു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സഞ്ചാരി ഒരു നാട്ടില്‍ ചെന്നാല്‍ ആദ്യം പള്ളിയില്‍ എത്തുമായിരുന്നു. യാത്രികനെ സംബന്ധിച്ചിടത്തോളം അഭയത്തിനും ഭക്ഷണത്തിനും പഠനത്തിനും പള്ളിയില്‍ വച്ച് പരിഹാരം ഉണ്ടാവുമായിരുന്നു. 1856ല്‍ കാസിം നാനൂത്തവി ഡല്‍ഹി ജുമാമസ്ജിദില്‍ വിളിച്ചുചേര്‍ത്ത സമ്മേളനം ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ അണിനിരക്കാന്‍ ജനങ്ങള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും വലിയ പ്രേരണയും പ്രചോദനവുമായി മാറി.
സാമൂഹികതലത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുന്നതില്‍ മസ്ജിദുകള്‍ക്ക് ഉണ്ടായിരുന്ന കേന്ദ്രസ്ഥാനം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും പ്രഭവസ്ഥാനമായും പരിലസിച്ചിരുന്ന മസ്ജിദിന്റെ സ്ഥാനപദവികള്‍ വിനഷ്ടമായിരിക്കുന്നു. സംവാദങ്ങളോ ചര്‍ച്ചകളോ പള്ളികളില്‍ പാടില്ലെന്നു വന്നിരിക്കുന്നു. മഴയത്തോ വെയിലത്തോ ഇത്തിരി നേരം പള്ളികളില്‍ വിശ്രമിക്കാന്‍പോലും ജനങ്ങള്‍ക്ക് അനുവാദം നിഷേധിക്കപ്പെടുന്നു.
ഉമര്‍ സ്വന്തം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വിളക്കുകള്‍ അണയ്ക്കുമായിരുന്നു. നിരവധി പേര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോഴും ഒരു തത്ത്വദീക്ഷയുമില്ലാതെ ഫാന്‍ ഓഫ് ചെയ്യാനും വെളിച്ചം കെടുത്താനുമുള്ള’ജാഗ്രതയ്ക്ക് തെളിവായി ഈ സംഭവം ഉദ്ധരിക്കപ്പെടുന്നു. അതെല്ലാം അവിടെ നില്‍ക്കട്ടെ. ശൗചാലയങ്ങള്‍പോലും ആവശ്യക്കാരന്റെ മുമ്പില്‍ കൊട്ടിയടയ്ക്കുന്ന അനുഭവങ്ങളും പള്ളി അധികാരികളില്‍നിന്നുണ്ടാവുന്നു. അപവാദങ്ങളുണ്ടാവാം. ജനങ്ങളില്‍നിന്നും അവരുടെ ആവശ്യങ്ങളില്‍നിന്നും പുറംതിരിഞ്ഞു നില്‍ക്കുന്ന, ഒരു പ്രയോജനവുമില്ലാത്ത കെട്ടിടങ്ങളെ ദേവാലയങ്ങള്‍ എന്നു പറയുന്നതിലൊരര്‍ഥവുമില്ല. നന്മയില്‍നിന്നും അകന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍’എന്നാണ് മുഹമ്മദ് നബി അവയെ വിശേഷിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day