|    Jul 22 Sat, 2017 4:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേവസ്വം സ്‌ട്രോങ് റൂമുകളിലെ പരിശോധന: റിട്ട. ഡിജിപി ചുമതലയേറ്റു

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള അമ്പലങ്ങളിലെ എല്ലാ സ്‌ട്രോങ് റൂമുകളും പരിശോധിക്കാനായി ദേവസ്വം ബോര്‍ഡ് നിയോഗിച്ച വി കൃഷ്ണമൂര്‍ത്തി (റിട്ട. ഡിജിപി) ഇന്നലെ ചുമതലയേറ്റു. എല്ലാ സുരക്ഷാമുറികളിലും സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം, വെള്ളി എന്നിവയുടെ ആദ്യപരിശോധന 16ന് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആരംഭിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡ് മെംബര്‍മാരായ അജയ് തറയില്‍, കെ രാഘവന്‍, ദേവസ്വം കമ്മീഷണര്‍ സി പി രാമരാജ പ്രേമപ്രസാദ്, തിരുവാഭരണം കമ്മീഷണര്‍ എസ് പാര്‍വതി എന്നിവരുടെ സാന്നിധ്യത്തിലാവും വി കൃഷ്ണമൂര്‍ത്തി പരിശോധന ആരംഭിക്കുക.  സ്വര്‍ണം, വെള്ളി എന്നീ ഉരുപ്പടികള്‍ ബോര്‍ഡ് അധികാരികളുടെ സാന്നിധ്യത്തില്‍ പരിശോധിച്ച് ഡിജിറ്റല്‍ ഫോട്ടോ എടുത്തു സൂക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ ആരംഭിക്കുന്നത്. ഘട്ടംഘട്ടമായി ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സുരക്ഷാ പരിശോധനയും വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പും തുടരും. തിരുവാഭരണം കമ്മീഷണര്‍, ദേവസ്വം വിജിലന്‍സ് ആന്റ് സെക്യൂരിറ്റി സൂപ്രണ്ട്, അതത് ജില്ലാ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, സബ് ഗ്രൂപ്പ് ഓഫിസര്‍ എന്നിവര്‍ പരിശോധനാ സമിതിയില്‍ ഉണ്ടാകും. സ്‌ട്രോങ് റൂം തുറന്ന് ഉരുപ്പടികളുടെ ഇനം, തരം, വിവരം, മാറ്റ് എന്നിവ വിശദമായി പരിശോധിക്കുകയും അതിന്റെ ഫോട്ടോ എടുത്ത് സൂക്ഷിക്കുകയും ചെയ്യും. ഉരുപ്പടികള്‍ സൂക്ഷിക്കുന്നതിനു ജുവല്‍ ബോക്‌സുകള്‍, പൗച്ചുകള്‍ എന്നിവ ലഭ്യമാക്കും. ലീഗല്‍ മെട്രോളജി വിഭാഗം സാക്ഷ്യപ്പെടുത്തിയ ഇലക്ട്രോണിക് വേയിങ് മെഷിന്‍ വാങ്ങും. പരിശോധനയ്ക്ക് അപ്രൈസറുടെ സേവനവും ലഭ്യമാക്കും. നിലവിലുള്ള സ്‌ട്രോങ് റൂമുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനു സുരക്ഷാ ഓഡിറ്റും ഇതോടൊപ്പം നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക