|    Nov 19 Mon, 2018 12:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേവസ്വം വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

Published : 10th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ ദൈനംദിന വരുമാനം ഇതര ചെലവുകള്‍ക്കായി സര്‍ക്കാര്‍ വിനിയോഗിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാം മുന്നോട്ട് പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, റോഡ് വികസനം എന്നിവയ്ക്കുള്‍പ്പെടെ പ്രതിവര്‍ഷം നല്ലൊരുതുക സര്‍ക്കാര്‍ വിനിയോഗിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. വിവിധ ദേവസ്വങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോവുന്നതായി ബോധപൂര്‍വം ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയും വര്‍ഗീയ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നു. ഇത്തരം തെറ്റായ പ്രചാരണം ചില ശുദ്ധാത്മാക്കള്‍ വിശ്വസിക്കുകയാണ്.
ശബരിമല തീര്‍ത്ഥാടനകേന്ദ്രം മികവുറ്റതാക്കിത്തീര്‍ക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചുവരികയാണ്. ആചാരങ്ങളില്‍ മാറ്റം വരുമ്പോള്‍ എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണ്. ഇനിയൊരു പിറകോട്ടുപോക്കുണ്ടാവില്ല. ഭക്തരായ സ്ത്രീകള്‍ക്ക് ആവശ്യമായ ശൗചാലയം, കുളിക്കുന്നതിനുള്ള സംവിധാനം, നിലയ്ക്കലില്‍ താമസിക്കുന്നതിനുള്ള സ്ഥലസൗകര്യങ്ങള്‍ എന്നിവ ഒരുക്കണം. ഇപ്പോഴുള്ള പ്രതിസന്ധികള്‍ താല്‍ക്കാലികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്നിധാനത്ത് സ്ഥിരമായി തങ്ങുന്ന ചില ആളുകളുണ്ട്. അവര്‍ അയ്യപ്പദര്‍ശനം കഴിഞ്ഞാല്‍ തിരിച്ചുപോവണം. ശബരിമലയുടെയും സന്നിധാനത്തിന്റെയും പവിത്രത നിലനിര്‍ത്തുമെന്നും അതിന് കളങ്കംവരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss