|    Apr 29 Sat, 2017 11:02 pm
FLASH NEWS

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഭേദഗതി ബില്ല് പാസായി

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: ബോര്‍ഡ് അംഗങ്ങളുടെ എണ്ണം ആറില്‍നിന്ന് മൂന്നായി കുറയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഭേദഗതി ബില്ല് നിയമസഭ പാസാക്കി. മദ്യ ഉല്‍പാദനത്തിലോ വിപണനത്തിലോ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബോര്‍ഡില്‍ അംഗമാവാമെന്ന വ്യവസ്ഥ ഒഴിവാക്കിയ സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ അംഗീകരിച്ചാണ് ബില്ല് പാസാക്കിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്.
പിഎസ്‌സി മുഖേന ദേവസ്വം ബോര്‍ഡുകളിലേക്ക് നിയമനം നടത്തുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാലാണ് ബോര്‍ഡ് നിലനിര്‍ത്തുന്നതെന്നും ചെലവ് കുറയ്ക്കുന്നതിനാണ് ബോര്‍ഡ് അംഗങ്ങളുടെ എണ്ണം പകുതിയായി കുറച്ചതെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡുകളിലെ ഭരണവിഭാഗം നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ 2007ല്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ഭരണവിഭാഗം തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ്‌സിയെ ചുമതലപ്പെടുത്തുന്നതുവരെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനം നടത്തും. ഈ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടാലും പരമ്പരാഗത തസ്തികകളിലേക്കുള്ള നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആവശ്യമാണെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് വോട്ടെടുപ്പില്ലാതെ ബില്ല് പാസാക്കുകയായിരുന്നു.
മദ്യ ഉല്‍പാദനവുമായി ബന്ധമുള്ളവര്‍ക്കുള്ള നിലവിലെ അയോഗ്യത നീക്കിയതിനെതിരേ ബില്ല് സഭയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഈ വ്യവസ്ഥ ഒഴിവാക്കിയാണ് ബില്ല് സഭയുടെ പരിഗണനയ്‌ക്കെത്തിയത്. ഭേദഗതി ബില്ലിലെ വ്യവസ്ഥകളനുസരിച്ച് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഹിന്ദുമതത്തില്‍പ്പെട്ട വിശ്വാസിയായ ചെയര്‍പേഴ്‌സണും രണ്ടംഗങ്ങളുമാണ് ബോര്‍ഡിലുണ്ടാവുക. അംഗങ്ങളിലൊരാള്‍ വനിതയും മറ്റൊരാള്‍ പട്ടികജാതിയിലോ പട്ടിക ഗോത്രവര്‍ഗത്തിലോ ഉള്‍പ്പെടുന്ന ആളുമായിരിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day