|    Jul 28 Fri, 2017 2:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഭേദഗതി ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക്

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: അംഗങ്ങളുടെ എണ്ണം ആറില്‍നിന്ന് മൂന്നായി കുറയ്ക്കാനുള്ള വ്യവസ്ഥകളടങ്ങിയ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഭേദഗതി ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. പിഎസ്‌സി മുഖേന ദേവസ്വം ബോര്‍ഡുകളിലേക്കു നിയമനം നടത്തുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാലാണ് ബോര്‍ഡ് അംഗങ്ങളുടെ എണ്ണം കുറച്ച് ഭേദഗതി കൊണ്ടുവരുന്നതെന്നു മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തു നിന്ന് എം ഉമ്മറും വി ഡി സതീശനും ബില്ല് അവതരിപ്പിക്കുന്നതിനെതിരേ തടസ്സവാദം ഉന്നയിച്ചു. ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുമെന്നും ദേവസ്വം റിക്രൂട്ട്‌മെ ന്റ് ബോര്‍ഡ് ബില്ല് അപ്രസക്തമായെന്നും സഭയില്‍ പ്രഖ്യാപിച്ചശേഷം അതേ മന്ത്രി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനാല്‍ ഈ നിയമത്തിന് നിലനില്‍പില്ലെന്ന് ഉമ്മര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡുകളിലെ ഭരണവിഭാഗം നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ 2007ല്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചതാണെന്ന് മന്ത്രി വിശദീകരിച്ചു. ഇതുമായി മുന്നോട്ടുപോവും. അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ പിഎസ്‌സിയെ ചുമതലപ്പെടുത്തുന്നതുവരെ നിലവിലെ ബോ ര്‍ഡ് നിയമനം നടത്തും. ഈ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടാലും ദേവസ്വം ബോര്‍ഡുകളിലെ പരമ്പരാഗത തസ്തികകളിലേക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളിലേക്കുമുള്ള നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.
മദ്യ ഉല്‍പാദനമോ വിപണനമോ ആയി ബന്ധമുള്ളവര്‍ക്ക് ബോര്‍ഡ് അംഗത്വത്തിനുള്ള നിലവിലെ അയോഗ്യത നീക്കിയ നടപടിക്കെതിരേ പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് ഇക്കാര്യം പുനപ്പരിശോധിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഹിന്ദുമതത്തില്‍പ്പെട്ടതും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നവരുമായ ചെയര്‍പേഴ്‌സണും രണ്ട് അംഗങ്ങളുമാണ് ബോര്‍ഡില്‍ ഉണ്ടാവുക. അംഗങ്ങളില്‍ ഒരാള്‍ വനിതയും മറ്റൊരാള്‍ പട്ടികജാതിയിലോ പട്ടികഗോത്രവര്‍ഗത്തിലോ ഉള്‍പ്പെടുന്ന ആളുമായിരിക്കും. മൂന്നുവര്‍ഷമാവും ബോര്‍ഡിന്റെ കാലാവധി.
പുതിയ ബില്ല് പ്രാരംഭത്തില്‍ വരുന്നതോടെ നിലവിലെ ചെയര്‍പേഴ്‌സണും അംഗങ്ങള്‍ക്കും സ്ഥാനം നഷ്ടമാവും. ചെയര്‍പേഴ്‌സന്റെ യോഗ്യത ഉയര്‍ത്തണമെന്ന് പ്രതിപക്ഷത്തുനിന്ന് സംസാരിച്ച മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക