|    Jan 18 Wed, 2017 12:49 am
FLASH NEWS

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ നിരോധിക്കുന്നു

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖാപ്രവര്‍ത്തനം നിരോധിക്കുന്നു. ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനമോ കായിക പരിശീലനമോ നടത്താന്‍ പാടില്ലെന്നാണ് ഉത്തരവിന്റെ ഉള്ളടക്കം. ബോര്‍ഡിന്റെ നിര്‍ദേശത്തിനു നിയമവകുപ്പിന്റെ അനുമതി ലഭിച്ചതോടെ ഉത്തരവിന് അന്തിമ രൂപമായി. മുഖ്യമന്ത്രി കൂടി കണ്ടതിനു ശേഷം രണ്ടു ദിവസത്തിനകം ഉത്തരവ് ഇറക്കാനാണ് ദേവസ്വം വകുപ്പ് ഉദ്ദേശിക്കുന്നത്.
കേരള പോലിസ് ആക്ടിലെ സെക്ഷന്‍ 73 അനുസരിച്ച് മതസ്ഥാപനങ്ങളില്‍ ആയുധ പരിശീലനമോ കായിക പരിശീലനമോ നടത്താന്‍ പാടില്ലെന്നാണ് നിയമ സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. 1988ലെ കേന്ദ്ര മതസ്ഥാപന നിയമപ്രകാരം ആരാധനാലയങ്ങള്‍ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന കാര്യവും നിയമ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഈ രണ്ടു നിയമങ്ങളും അനുസരിച്ച് ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനവും കായിക പരിശീലനവും നടത്തുന്നത് നിരോധിക്കാന്‍ കഴിയും. ശാഖയുടെ കാര്യം എടുത്തുപറയുന്നില്ലെങ്കിലും ആര്‍എസ്എസിന്റെ ആയുധ പരിശീലനമടക്കം നിരോധിക്കുകയാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളെയും ഉത്തരവിന്റെ പരിധിയില്‍ കൊണ്ടുവരുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖാപ്രവര്‍ത്തനത്തിനെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ശാഖയും ആയുധ പരിശീലനവും നടത്തുന്നതിലൂടെ ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കടകംപള്ളി ആരോപിച്ചത്.  ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിവരുന്ന അനധികൃത പ്രവര്‍ത്തനങ്ങളെക്കുറിച്ചു നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക