|    Oct 23 Tue, 2018 10:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേവദാസി സമ്പ്രദായം മനുഷ്യാവകാശ ലംഘനം : ആന്ധ്രപ്രദേശും തമിഴ്‌നാടും റിപോര്‍ട്ട് സമര്‍പ്പിക്കണം

Published : 27th September 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നുവെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ദേവദാസി സമ്പ്രദായത്തെക്കുറിച്ചു റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, പോലിസ് ഡയറക്ടര്‍ ജനറല്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. നോട്ടീസില്‍ നാലാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രങ്ങളിലേക്ക് സ്ത്രീകളെയും പെണ്‍കുട്ടികളെയും നേര്‍ച്ചയായി നല്‍കുന്നതിനെതിരേ സാമൂഹിക സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചത്. വധുക്കളായി ചമഞ്ഞൊരുങ്ങി ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്ന സ്ത്രീകളെ പുരുഷന്‍മാര്‍ ചടങ്ങിന്റെ അവസാനം വിവസ്ത്രരാക്കുകയും പിന്നീട് ഇവര്‍ ക്ഷേത്രത്തിന്റെ പൊതുമുതലായി കാലം കഴിക്കേണ്ട അവസ്ഥയുമാണ് നിലനില്‍ക്കുന്നതെന്നു കമ്മീഷന്‍ നിരീക്ഷിച്ചു. നവവധു ചമഞ്ഞ് എത്തുന്ന പെണ്‍കുട്ടികളെ പുരുഷന്മാര്‍ ചേര്‍ന്നാണ് വിവസ്ത്രരാക്കുക. ആചാരപ്രകാരമുള്ള ഈ ചടങ്ങിനു ശേഷം പെണ്‍കുട്ടികള്‍ക്ക് പിന്നീടൊരിക്കലും തങ്ങളുടെ കുടുംബത്തോടൊത്ത് താമസിക്കാന്‍ സാധിക്കില്ല. ഇവര്‍ ക്ഷേത്രത്തില്‍ പൊതു സ്വത്തുകണക്കേ ജീവിക്കേണ്ടിവരുകയും കഠിനമായ ലൈംഗിക ചൂഷണത്തിനു വിധേയമാവുകയും ചെയ്യുന്നു. ഇവിടങ്ങളില്‍ നടക്കുന്നത് കഠിനമായ മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഇപ്പോഴും തിരുവല്ലൂര്‍ ജില്ലയില്‍ ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് നിരവധി പഠനങ്ങള്‍ നടന്നിരുന്നു. എന്നാല്‍, സമ്പ്രദായം ഇല്ലെന്നായിരുന്നു പോലിസ് റിപോര്‍ട്ടുകള്‍. മാതമ്മ ക്ഷേത്രത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് ദേവദാസി സമ്പ്രദായമാണെന്നു കമ്മീഷന്‍ വ്യക്തമാക്കി. ആന്ധ്രാ-തമിഴ്‌നാട് അതിര്‍ത്തിയിലെ മൂന്നിലധികം ക്ഷേത്രങ്ങളില്‍ ഈ ദുരാചാരം നിലനില്‍ക്കുന്നതായും വാര്‍ത്തകളുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss