|    May 30 Tue, 2017 12:55 pm
FLASH NEWS

ദൃശ്യവിസ്മയം പകര്‍ന്ന് അമ്പനാട്ടിലെ കുടമുട്ടി വെള്ളച്ചാട്ടം

Published : 2nd July 2016 | Posted By: SMR

തെന്മല: അമ്പനാട്ടിലെ കുടമുട്ടി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് അനുപമമായ ദൃശ്യവിസ്മയം. ആര്യങ്കാവ് അമ്പനാട് ടിആര്‍ ആന്‍ഡ് ടീ എസ്‌റ്റേറ്റിനുള്ളിലാണ് അധികമാരുടെയും ശ്രദ്ധയിലേക്ക് എത്തിയിട്ടില്ലാത്ത കുടമുട്ടി വെള്ളച്ചാട്ടമുള്ളത്.
എസ്‌റ്റേറ്റ് മാനേജ്‌മെന്റ് തേയിലത്തോട്ടം കാണാനെത്തുന്നവരെ ഈ ജലപാതത്തിലേക്കും കടത്തിവിടാറുണ്ട്. അമ്പനാട് എസ്‌റ്റേറ്റില്‍ വിനോദസഞ്ചാരകേന്ദ്രത്തിന് അനുമതിയില്ലെങ്കിലും സന്ദര്‍ശകരില്‍നിന്ന് മാനേജ്‌മെന്റ് പ്രവേശനത്തിന് പണം വാങ്ങാറുണ്ട്. കുടമുട്ടിയിലേക്ക് പോകണമെങ്കില്‍ അതിനും പ്രത്യേകം പണം നല്‍കണം.
അമ്പനാട് എസ്‌റ്റേറ്റിലേക്ക് എത്തുന്നവരില്‍ നിന്ന് തുക ഈടാക്കുന്നതിനെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. തേയിലത്തോട്ടം പിന്നിട്ട് വനാതിര്‍ത്തിയിലേക്ക് എത്തുന്നിടത്താണ് കൂറ്റന്‍ പാറക്കെട്ടില്‍ നിന്ന് സമൃദ്ധമായ വെള്ളച്ചാട്ടമുള്ളത്. ഈറ്റക്കാടുകള്‍ നിറഞ്ഞ ഇവിടെ എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ കൂറ്റന്‍ പാറപ്പരപ്പുണ്ട്. വനാതിര്‍ത്തിയായതിനാല്‍ കാട്ടാനയുള്‍പ്പെടെയുള്ളവ എത്താറുള്ളതാണ് കുടമുട്ടി ജലപാതം.
വിനോദസഞ്ചാരകേന്ദ്രമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ലാത്ത കുടമുട്ടിയിലേക്കുള്ള പാതയും ദുര്‍ഘടമാണ്. ഉച്ചനേരത്തും കോടമഞ്ഞ് പെയ്യുന്ന ഉയരമേറിയ എസ്‌റ്റേറ്റാണ് അമ്പനാട്. തേയില, ഗ്രാമ്പു, കുരുമുളക്, ഓറഞ്ച് എന്നിവ ഇവിടെ സമൃദ്ധം. മൂന്നാറിനെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് അമ്പനാട്ടുള്ളത്. ഇവിടുത്തെ കാഴ്ചകള്‍ സഞ്ചാരികളെ മനം നിറയ്ക്കും. അതിനൊപ്പമാണ് കുടമുട്ടിയുടെ കുളിര്‍ജലധാര. അമ്പനാട് എസ്‌റ്റേറ്റിലേക്കുള്ള ഹെയര്‍പിന്‍ വളവുള്ള പാതകള്‍ പിന്നിടുമ്പോള്‍ നിരവധി ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്. മഴക്കാലത്താണ് ഇവ സജീവം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day