|    Sep 24 Sun, 2017 8:53 am
Home   >  Todays Paper  >  Page 4  >  

ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ദിലീപിന് കൈമാറിയതായി സംശയം: പോലിസ്‌

Published : 15th July 2017 | Posted By: fsq

 

കൊച്ചി/ നെടുമ്പാശ്ശേരി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പള്‍സര്‍ സുനി അഭിഭാഷകന്‍ വഴി ദിലീപിന് കൈമാറിയെന്ന് സംശയിക്കുന്നതായി പോലിസ്. ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ്  ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിന് നല്‍കാമെന്ന് പറഞ്ഞ പ്രതിഫലം പള്‍സര്‍ സുനിക്ക് നല്‍കിയില്ല. ഇതേ തുടര്‍ന്നാണ്് കേസിലെ എട്ട്, ഒമ്പത്, 10 പ്രതികളുമായി ചേര്‍ന്ന് പണം വാങ്ങിയെടുക്കുന്നതിന് ശ്രമം നടത്തിയത്. ഈ മൊബൈല്‍ ഫോണ്‍ ദിലിപീനു കൈമാറിയെന്നു  സംശയിക്കുന്ന അഭിഭാഷകനെ ഇനിയും വിശദമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ ഇയാള്‍ അഭിഭാഷകനെ സ്വാധീനിച്ച് അന്വേഷണം തടസ്സപ്പെടുത്തുമെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാനുണ്ടെന്നും പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയില്‍ രണ്ടു ദിവസം ചോദ്യം ചെയ്തിട്ടും പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയില്‍  ദിലീപ് ഉറച്ചു നില്‍ക്കുന്നു. താന്‍ ക്വട്ടേഷന്‍ നല്‍കിയിട്ടില്ലെന്നും സുനിയെ അറിയില്ലെന്നുമാണ് ദിലീപ് ആവര്‍ത്തിക്കുന്നതെന്ന് പോലിസ്  കോടതിയില്‍ പറഞ്ഞു.   സുനിയുമായി കണ്ടതിന്റെ തെളിവുകള്‍ കാണിച്ചു ചോദ്യം ചെയ്യുമ്പോള്‍ മറുപടി നല്‍കാന്‍ ദിലീപ് തയ്യാറാവുന്നില്ലെന്നും സഹകരിക്കുന്നില്ലെന്നുമാണ് പോലിസ് കോടതിയെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍, ഹോട്ടല്‍ ബില്‍ കോപ്പി, മറ്റു രേഖകള്‍ എന്നിവ നിരത്തിയാണ് സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയതായി പോലിസ് സമര്‍ഥിക്കുന്നത്. എന്നാല്‍, സുനിയെ അറിയില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദിലീപ്.അതേസമയം,  കേസില്‍ ജനപ്രതിനിധികളില്‍ ആരെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗവും ആലുവ റൂറല്‍ എസ്പിയുമായ എ വി ജോര്‍ജ് പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ മാധ്യമ മറുപടി പറയുകയായിരുന്നു അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക