|    Apr 22 Sun, 2018 6:40 am
FLASH NEWS
Home   >  Top Stories   >  

ദൃക്‌സാക്ഷിയെ പ്രതിയാക്കുമ്പോള്‍

Published : 22nd August 2015 | Posted By: admin

ഷബ്‌ന സിയാദ്

”ഇന്നെന്റെ മകന് പത്തു വയസ്സും 20 ദിവസവും പ്രായം, ഞാനവനെ അവസാനമായി കാണുമ്പോള്‍ അവന് ഏഴു മാസം. അവനെ വളര്‍ത്തി വലുതാക്കി നല്ല നിലയിലാക്കണമെന്നതായിരുന്നു എന്റെ ആഗ്രഹം, അതിനുവേണ്ടിയാണ് ഞാന്‍ എന്റെ കുടുംബത്തെ ഉപേക്ഷിച്ച് കേരളത്തിലെത്തിയത്. ഭാര്യയെയും മകനെയും വൃദ്ധയായ മാതാവിനെയും വീട്ടിലാക്കി വണ്ടി കയറിയത് മാസം തോറും ജോലി ചെയ്തുകിട്ടുന്ന പണം നാട്ടിലേക്കയക്കാം എന്ന ഉറപ്പിലാണ്. ഒരു മാസം പോലും എനിക്കവരോട് പറഞ്ഞ വാക്കു പാലിക്കാനായില്ല. ഞാന്‍ ഒരു കൊലയാളിയാവുന്നതും തടവറയിലേക്ക് എന്നെ തള്ളിയതും അത്ര വേഗത്തിലായിരുന്നു. കൊലയാളിയുടെ ഭാര്യയായി ജീവിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. മറ്റൊരാളെ വിവാഹം കഴിച്ച് അവള്‍ പോയി. എന്റെ മകന്‍, പശ്ചിമബംഗാളിലെ ആ ചെറിയ ഗ്രാമത്തില്‍ അനാഥനെപ്പോലെ വളരുന്നു. ഇനിയെങ്കിലും എനിക്കവനെ കാണണം.” നീണ്ട ഒമ്പതു വര്‍ഷത്തെ തടവറവാസത്തിനു ശേഷം പുറത്തിറങ്ങിയ ബംഗാളിയായ മെഹബൂലിന്റെ വാക്കുകളില്‍ നിസ്സഹായതയും പ്രതിഷേധവും. തനിക്കെതിരേ നിയമവും നീതിയും ദ്രുതവേഗത്തില്‍ നടപ്പാക്കിയപ്പോള്‍ മെഹബുല്‍ പകച്ചുനിന്നതേയുള്ളൂ.

 

‘ദൈവം സാക്ഷിയായി’ കോടതിയില്‍ കയറിനിന്നു പലരും കള്ളം പറഞ്ഞു. ഒന്നും മനസ്സിലാവാതെ മെഹബുല്‍ തലകുനിച്ചുനിന്നു. ന്യായാധിപന്‍ കണ്ണു മൂടിക്കെട്ടിയ നീതിദേവതയെ ഇടയ്‌ക്കൊന്നു നോക്കിയെങ്കിലും തെളിവുകള്‍ അവനെ തുണച്ചില്ല. അവനെതിരേയുള്ള കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോഴും മറുത്തൊന്നും പറയാനായില്ല. അറിയാത്ത ഭാഷയില്‍ കോടതിയില്‍ നടന്ന എല്ലാത്തിനുമവന്‍ സാക്ഷിയായി. അവസാനം വക്കീല്‍ പറഞ്ഞു ജോലി ചെയ്ത ഇഷ്ടികക്കളത്തില്‍ ദലിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകത്തിനും ബലാല്‍സംഗത്തിനും ദലിത്പീഡനവിരുദ്ധ നിയമപ്രകാരവും മോഷണവും അടക്കം 27 വര്‍ഷത്തെ കഠിനതടവാണ് കോടതി വിധിച്ചിരിക്കുന്നതെന്ന്. ഇനി ഇരുട്ടടഞ്ഞ ജയില്‍മുറികളില്‍ തന്റെ ജീവിതം അസ്തമിക്കാന്‍ പോവുന്നെന്ന് മാത്രം അവനു മനസ്സിലായി. പോലിസണിയിച്ച വിലങ്ങുമായി അവന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെത്തി. വിജയലക്ഷ്മിയുടെ മരണം: മെഹബൂല്‍ പറയുന്നത്2006 ഡിസംബര്‍ 22നാണ് വിജയലക്ഷ്മിയെന്ന 22കാരിയായ ദലിത് യുവതി കൊല്ലം കുന്നത്തൂര്‍ ഐവര്‍ക്കാലയിലെ ഇഷ്ടികച്ചൂളയില്‍ കൊല്ലപ്പെടുന്നത്. കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന യുവതിയെ ജോലിക്കു പോയി മടങ്ങിയ ശേഷം കാണാതാവുകയായിരുന്നു. സംഭവ ദിവസം ശ്രീദേവിയും ബ്രിക്‌സില്‍ ജോലിക്കാരായ ഞാനടക്കമുള്ള പത്തു ബംഗാളികള്‍ വൈകീട്ട് ചായ കുടിക്കാന്‍ പോയി. ഞാന്‍ ചായകുടി കഴിഞ്ഞു വേഗത്തിലെത്തി.

 

ഞങ്ങളുടെ മുതലാളി അജിത്കുമാറും കൂട്ടുകാരും അവിടെയിരുന്ന് കള്ളുകുടിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഓവര്‍ ഷിഫ്റ്റ് ജോലി ചെയ്യുകയായിരുന്നു. അപ്പോഴൊരു നിലവിളി ശബ്ദം കേട്ടു. ഞാനങ്ങോട്ട് ചെന്നു. ബണ്ട് റോഡുകളാല്‍ ചുറ്റപ്പെട്ട ഇഷ്ടികക്കളത്തില്‍ നടക്കുന്നതൊന്നും പുറംലോകം അറിയില്ല. ഞാന്‍ ബണ്ട്‌റോഡിന് മുകളില്‍ കയറി നോക്കിയപ്പോള്‍ അവരെല്ലാം ചേര്‍ന്ന് യുവതിയെ ആക്രമിക്കുന്നു. അവളുടെ കഴുത്തില്‍ ഷാള്‍ ചുറ്റിയിട്ടുണ്ട്. സംഭവം ഞാന്‍ കണ്ടെന്ന് അവര്‍ക്കു മനസ്സിലായി. അതോടെ അവരെന്നെ പിടികൂടി. ഒന്ന് ഓടിപ്പോവാന്‍ പോലും എനിക്കു കഴിഞ്ഞില്ല. എന്റെ ജീവിതം ഇല്ലാതാക്കുമെന്ന് എനിക്കപ്പോ തോന്നിയിരുന്നെങ്കില്‍ ഞാന്‍ അവിടെനിന്ന് എങ്ങോട്ടെങ്കിലും ഓടിയേനെ. പക്ഷേ, അതിനും കഴിഞ്ഞില്ല എനിക്ക്. ഞാന്‍ അവരുടെ പിടിയില്‍ പെട്ടുപോയി. അവരിലൊരാള്‍ വലിയൊരു ചാക്ക് കൊണ്ടുവന്നു. യുവതിയുടെ മൃതദേഹം ചാക്കിനുള്ളിലാക്കി. ഇഷ്ടികയും കരിങ്കല്ലും കെട്ടി അവര്‍ ഇഷ്ടികച്ചൂളയിലെ വെള്ളം നിറഞ്ഞ ചളിയില്‍ താഴ്ത്തി. ഞാന്‍ ഭയന്നു വിറച്ചു. അന്നെനിക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റിയില്ല. എന്നെ അവര്‍ ഇഷ്ടികക്കളത്തിന് ചേര്‍ന്നുള്ള മുതലാളിയുടെ വീട്ടിലെ ഒരു മുറിയില്‍ താമസിപ്പിച്ചു.

 

അന്ന് മുതലാളിയുട ഭാര്യ അവിടെയില്ലായിരുന്നു. അവര്‍ ആ രാത്രി മുഴുവന്‍ എനിക്ക് കാവലിരുന്നു. പിറ്റേന്ന് പതിവുപോലെ ഞങ്ങള്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പോലിസ് ജീപ്പെത്തി. എന്നോട് അവര്‍ കുളിച്ചുവരാന്‍ പറഞ്ഞു. ഞാന്‍ കുളിക്കാന്‍ കയറിയപ്പോള്‍ എന്റെ ഷര്‍ട്ടിന്റെ രണ്ട് ബട്ടണുകള്‍ അവര്‍ പൊട്ടിച്ചെടുത്തു. കേരളത്തിലേക്ക് വന്നപ്പോള്‍ തയ്പ്പിച്ച പുതിയ ഷര്‍ട്ടായിരുന്നു അത്. എന്നെയും എന്റെ സഹോദരന്‍ ബുള്ളുവിനെയും മുതലാളിയേയും പോലിസ് ജീപ്പില്‍ കയറ്റി. ഇടയ്ക്കു വഴിയില്‍ വച്ച് മുതലാളിയെ ഇറക്കിവിട്ടു. പോലിസ്‌സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലിസുകാര്‍ എന്റെ തലമുടിയില്‍ പിടിച്ചു വലിച്ചിരുന്നു. അവര്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കു മനസ്സിലായില്ല. രാത്രിയില്‍ വീണ്ടും ഇഷ്ടികക്കളത്തില്‍ എന്നെ എത്തിച്ചു. ഒരു കല്ലിനടിയില്‍ നിന്നും സ്വര്‍ണമാല എടുപ്പിച്ചു. പിന്നീടാണറിയുന്നത് എന്റെ മുടിയും ഷര്‍ട്ടിന്റെ ബട്ടണും സംഭവസ്ഥലത്തുനിന്നും പോലിസിന് ലഭിച്ചുവെന്ന് എഴുതിയ കാര്യം. ശാസ്താംകോട്ട പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്നുമുതല്‍ ജയിലിലായി. പിന്നീട് ക്രൈംബ്രാഞ്ച് കേസന്വേഷിച്ച് 2007 ഒക്ടോബറില്‍ അന്തിമ റിപോര്‍ട്ടും സമര്‍പിച്ചു. അന്വേഷണത്തിനൊടുവില്‍ മെഹബുലിനെ കൊല്ലം സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി 27 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു.

 

തെളിവില്ലെന്ന കാരണത്താല്‍ സഹോദരനെ വെറുതെ വിട്ടു.വിജയലക്ഷ്മിയുടെ പിതാവ് ചന്ദ്രദാസിനു പറയാനുള്ളത് എന്റെ മകളുടെ യഥാര്‍ഥ കൊലയാളിയെ എനിക്ക് കണ്ടെത്തണം. മെഹബൂല്‍ എന്ന ബംഗാളി നിരപരാധിയാണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് അവന്റെ കേസ് നടത്താന്‍ ഞാനും മൂവായിരം രൂപ സംഭാവന ചെയ്തത്. ഞാന്‍ ആദ്യമായി കോടതി മുറിയില്‍ കയറിയത് ഈ കേസുമായി ബന്ധപ്പെട്ടാണ്. എന്താണ് പറയേണ്ടതെന്നും എന്താണ് ചെയ്യേണ്ടതെന്നും എനിക്കറിയില്ലായിരുന്നു. വക്കീലും ജഡ്ജിയും ചോദിക്കുന്നതിന് മാത്രമേ മറുപടി പറയാവൂ എന്നാണ് ഞാന്‍ കരുതിയത്. അവര്‍ ചോദിച്ചതിന് മാത്രമേ ഞാന്‍ ഉത്തരം പറഞ്ഞുള്ളൂ. അല്ലെങ്കില്‍ കോടതിയോടുള്ള ധിക്കാരമാകുമെന്ന് ഭയന്നു. അതുകൊണ്ടാണ് എന്റെ മകളുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സംശയങ്ങളൊന്നും കോടതിയില്‍ പറയാതിരുന്നത്. എന്നാല്‍, എന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. അവരും കൂടുതലൊന്നും കണ്ടെത്തിയില്ല – ബംഗാളിയുടെ തലയില്‍ എല്ലാം കെട്ടിവച്ച് എല്ലാവരും രക്ഷപ്പെട്ടുവെന്നാണ് വിജയലക്ഷ്മിയുടെ പിതാവായ ചന്ദ്രദാസ് പറയുന്നത്.

 

കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു മകള്‍. ജോലി കഴിഞ്ഞ് വിജനമായ ബണ്ട്‌റോഡ് വഴിയാണ് അവള്‍ വീട്ടിലേക്കു വന്നത്. വീട്ടിലെത്താതിരുന്ന മകളെ അന്വേഷിച്ച് ഞങ്ങള്‍ അലഞ്ഞു. പോലിസില്‍ പരാതിപ്പെട്ടു. വൈകീട്ട് 6.15ന് ഇഷ്ടികച്ചൂളയുടെ അടുത്തുള്ള ചായക്കടയ്ക്കടുത്തുവച്ച് കൃഷ്ണന്‍ മാഷ് എന്ന ഞങ്ങളുടെ അയല്‍വാസി മകളെ കണ്ടുവെന്ന് പറഞ്ഞിരുന്നു. ഇതിനിടെ ഇഷ്ടികക്കളത്തിലെ മുതലാളിയോടും ഞങ്ങള്‍ അന്വേഷിച്ചു. കമ്പനിക്കടുത്ത് എന്തോ വലിച്ചിഴച്ചതിന്റെ പാടുകളും പുല്ല് ചതഞ്ഞിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. പോലിസിനെ ഇതറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോള്‍ ചളിയില്‍ താഴ്ത്തിയ മകളുടെ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ തുണി മുറുക്കിയിട്ടുണ്ട്. കാലുകള്‍ ഒടിച്ചു മടക്കി. എന്നാല്‍, അവളുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണപാദസരവും കമ്മലും ശരീരത്തില്‍ തന്നെയുണ്ടായിരുന്നു. മാല കണ്ടില്ല. പിന്നീട് ഈ മാല ഇഷ്ടികയ്ക്കടിയില്‍നിന്നു കണ്ടെത്തി. മോഷണമായിരുന്നു ബംഗാളികളുടെ ഉദ്ദേശ്യമെങ്കില്‍ അവരെന്തിന് മാല മാത്രം മാറ്റിവയ്ക്കണം? മകളുടെ മൃതദേഹത്തില്‍ മുറിവുണ്ടെങ്കിലും കൊലപ്പെടുത്തി എന്നു പറയുന്ന സ്ഥലത്ത് രക്തമില്ല. സംഭവസമയത്ത് ഇഷ്ടികക്കളത്തിന്റെ മുതലാളിയും സംഘവും അവിടെയുണ്ടായിരുന്നു. ചൂളയുടെ ഓലമേഞ്ഞ ഷെഡ് അവര്‍ പിന്നീട് കത്തിച്ചു കളഞ്ഞതെന്തിന്? അഗ്നിശമനസേനക്കാര്‍ വന്ന് അവിടെ മുഴുവന്‍ കഴുകി വൃത്തിയാക്കിയതെന്തിന്? എനിക്കു മുഴുവന്‍ സംശയങ്ങളാണ്.

 

എല്ലാവരും പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. പിറ്റേ ദിവസം മകളുടെ ചെരിപ്പുകള്‍ കിട്ടി. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമൊക്കെ ഞാന്‍ പരാതി നല്‍കിയിരുന്നു. അവസാനമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടത്തണമെന്നായിരുന്നു എന്റെ ആവശ്യം.

Read more on:
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക