|    Feb 22 Wed, 2017 3:23 am
FLASH NEWS

ദൃക്‌സാക്ഷിയായ മാതാവിനും അക്രമികളുടെ വധഭീഷണി

Published : 23rd November 2016 | Posted By: SMR

പത്തനംതിട്ട: മകന്റെ കൊലപാതകം നേരില്‍കണ്ട വൃദ്ധയായ മാതാവിന് അക്രമികളുടെ വധഭീഷണി. പ്രായാധിക്യം മൂലം ക്ഷീണിതയായ വൃദ്ധ ഏതുനിമിഷവും താന്‍ വധിക്കപ്പെടുമെന്ന ഭയത്താല്‍ നീറി കഴിയുകയാണെന്ന് പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊടുമുടി പടേനിപ്പാറ കൃഷ്ണവിലാസത്തില്‍ പരേതനായ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി (72)യാണ് പരാതിക്കാരി. കഴിഞ്ഞ സപ്തംബര്‍ 14ന് തിരുവോണനാളില്‍ മൂത്തമകന്‍ വിനോദിനെ(55) ഒരുസംഘം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കുഴല്‍ക്കിണറുകള്‍ കരാര്‍ എടുത്ത് നിര്‍മിച്ചുനല്‍കുന്ന ജോലിയായിരുന്നു വിനോദിന്. സംഭവദിവസം രാവിലെ പ്രതികളില്‍ ഒരാള്‍ വിനോദിനെ വിളിച്ച് താന്‍ സൂക്ഷിച്ചുവച്ചിരുന്ന മദ്യകുപ്പി എടുത്തൊ എന്ന് ചോദിച്ചു. എടുത്തില്ലെന്ന് വിനോദ് വ്യക്തമാക്കി. മോഷണത്തെപ്പറ്റി പോലിസില്‍ പരാതിപ്പെടാന്‍ പോവുകയാണെന്ന് പ്രതികള്‍ പറഞ്ഞപ്പോള്‍ നേരില്‍ കാണാം എന്നുപറഞ്ഞ് വിനോദ് വീട്ടില്‍ നിന്നു പുറത്തുപോയി. തിരുവോണത്തിന് ഊണുകഴിക്കാന്‍ വിനോദ് തിരിച്ചെത്തുന്നതും കാത്ത് സരോജിനി ഏറെ നേരമിരുന്നു. താമസിച്ചതിനെതുടര്‍ന്ന് വിനോദിന് ഫോണ്‍ ചെയ്തപ്പോള്‍ വൈകാതെ എത്താമെന്നായിരുന്നു മറുപടി. വൈകീട്ട് വീണ്ടും ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സരോജിനി മകനെ തിരക്കി പുറത്തിറങ്ങി. കോമളവിലാസം സ്‌കൂളിന് സമീപമുള്ള ക്ഷേത്രത്തിന് മുന്നില്‍ എത്തിയപ്പോള്‍ കുറച്ചുപേര്‍ ചേര്‍ന്ന് ഒരാളെ മര്‍ദ്ദിക്കുന്നതുകണ്ടു. എന്നാല്‍ തന്റെ മകനെയാണ് മര്‍ദ്ദിക്കുന്നതെന്ന് ആദ്യം മാതാവിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ ചെന്ന് നോക്കിയപ്പോഴാണ് പ്രതികള്‍ സംഘം ചേര്‍ന്ന് വിനോദിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതുകണ്ടത്. ‘ഗാന്ധിജി റോഡില്‍ കിടന്നാണ് മരിച്ചത്. അതുപോലെയുള്ള മരണമാടാ നിനക്കും’ എന്നുപറഞ്ഞ് പ്രതികളില്‍ ഒരാള്‍ വിനോദിനെ അടിക്കുന്നത് സരോജിനി കണ്ടു. ഉടന്‍ തന്നെ ആരോ വിവരം പോലിസില്‍ അറിയിച്ചു. പോലിസ് എത്തിയപ്പോളേക്കും സരോജനിയുടെ കണ്‍മുന്നില്‍വച്ച് വിനോദ് മരിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്ന് വിനോദിന്റെ മൃതദേഹവുമായി പോലിസ് ആശുപത്രിയിലേക്കുപോയി. മകനെ കൊന്ന ഏഴുപേരെ പോലിസ് പടിച്ചു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മൂന്നുപേര്‍കൂടി ഇനിയും പിടിയിലാവാനുണ്ട്. സംഭവം നടന്ന് 79 ദിവസം പിന്നിട്ടിട്ടും പോലിസ് പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കുന്നില്ലെന്ന് സരോജനി ആരോപിച്ചു. ഇതിനുപിന്നില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകരാണുള്ളതെന്നും അവര്‍ പറഞ്ഞു. സരോജിനിയുടെ ഏക ആശ്രയമായിരുന്നു മരിച്ച വിനോദ്. ബുദ്ധിമാന്ദ്യം സംഭവിച്ച മറ്റൊരു സഹോദരന്‍കൂടി വിനോദിനുണ്ടായിരുന്നു. അയാളുടെ ചികില്‍സയ്ക്ക് വേണ്ട ചെലവുകളും വിനോദാണ് വഹിച്ചിരുന്നത്. വിനോദിന്റെ മരണത്തെ തുടര്‍ന്ന് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുംതന്നെയില്ലാത്തതിനാല്‍ ബുദ്ധിമാന്ദ്യം സംഭവിച്ച മകനെ സരോജിനി പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരിക്കുകയാണ്. വിനോദിന്റെ മരണം സംബന്ധിച്ച ഏക ദൃഷ്‌സാക്ഷിയാണ് മാതാവ് സരോജിനി. താന്‍ ജീവിച്ചിരുന്നാല്‍ ശിക്ഷിക്കപെടും എന്ന് ബോധ്യമായതിനാലാണ് ഏത് വിധേനയും തന്നെ അപായപ്പെടുത്താന്‍ പ്രതികള്‍ ശ്രമിക്കുന്നതെന്നും സരോജിനി പറഞ്ഞു. മകന്റെ മരണത്തിന് കാരണക്കാരായവരെ മുഴുവന്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ഈ വൃദ്ധമാതാവിന്റെ അപേക്ഷ. ഒരാളുടെ സഹായത്തോടെയാണ് സരോജിനി വാര്‍ത്താ സമ്മേളനം നടത്താനായി പ്രസ് ക്ലബ്ബില്‍ എത്തിയത്. എന്നാല്‍ പ്രതികളില്‍ നിന്നും ഭീഷണിയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ മാറിയിരിക്കുകയായിരുന്നു. പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്. പലരും വിനോദിനെ കൊല്ലുന്നത് കണ്ടെങ്കിലും അവരാരും കേസില്‍ മൊഴികൊടുക്കാന്‍ തയ്യാറാവുന്നില്ല. പ്രതികളോടുള്ള ഭയമാണ് ഇതിനുകാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക