|    Mar 23 Fri, 2018 9:07 am
Home   >  Editpage  >  Editorial  >  

ദുഷ്‌കരമാവുന്ന റോഡ് യാത്ര

Published : 6th August 2017 | Posted By: fsq

വാഹിദ് ചെങ്ങാപ്പള്ളി, ഇലിപ്പക്കുളം

റോഡ്മാര്‍ഗമുള്ള യാത്ര അനുദിനം അതീവ ദുഷ്‌കരമായിത്തീരുകയാണ്. ദേശീയപാത പോകട്ടെ, ഏതെങ്കിലുമൊരു ഉള്‍നാടന്‍ റോഡ് ഒന്നു ക്രോസ് ചെയ്യണമെങ്കില്‍ ഏറെ കാത്തുനിന്നെങ്കിലേ സാധ്യമാവൂ. അത്രത്തോളം വാഹനപ്പെരുപ്പമാണ്. ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. നിരത്തില്‍ ഇറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ വരെയും ഹൈസ്പീഡ് ഹൈടെക് ആണെന്നത് അപകടസാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. വിദേശങ്ങളിലെ നാലുവരിപ്പാതകള്‍ക്കും ട്രാഫിക് സംവിധാനങ്ങള്‍ക്കും അനുസൃതമായി വികസിപ്പിച്ചെടുക്കുന്ന പുതുതലമുറ വാഹനങ്ങള്‍, പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കുന്ന നമ്മുടെ റോഡുകളിലൂടെ യാതൊരുവിധ ട്രാഫിക്-സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പായിക്കുമ്പോള്‍, നിരത്തില്‍ മര്യാദയ്ക്ക് വാഹനം ഓടിക്കുന്നവര്‍ക്കും അരികുചേര്‍ന്നു പോകുന്ന കാല്‍നട യാത്രക്കാര്‍ക്കു വരെയും ഭീഷണി സൃഷ്ടിക്കുന്നു. രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലായി സംഭവിക്കുന്നത്. അമിതവേഗത്തിലുള്ള ഓവര്‍ടേക്കിങ് ആണ് ഒരു പ്രധാന കാരണം. ഓവര്‍ടേക്ക് ചെയ്യുന്ന വണ്ടിക്കായി ഇടതുവശത്തുള്ള വണ്ടിയുടെ സ്പീഡ് അല്‍പമൊന്നു കുറച്ചുകൊടുക്കുന്നതിനു പകരം ഒന്നുകൂടി സ്പീഡ് കൂട്ടുകയാണ് ഡ്രൈവര്‍മാരിലേറെയും ചെയ്യുക. എതിരേ വരുന്നവന്റെ ഭാഗത്തു വിട്ടുവീഴ്ചയുണ്ടാവില്ല. ഫലം വലിയ അപകടവും. രാത്രികാലങ്ങളില്‍ തീവ്രതയേറിയ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാന്‍ തയ്യാറാവാത്ത ഡ്രൈവര്‍മാരാണ് ഏറെയും. ടിപ്പര്‍-കണ്ടെയ്‌നര്‍ ലോറികളുടെ ഡ്രൈവര്‍മാര്‍ക്കാകട്ടെ കടുത്ത ധാര്‍ഷ്ട്യവുമാണെന്നതും പറയാതെ വയ്യ. സൈഡ് കൊടുത്തില്ല തുടങ്ങി നിസ്സാര പ്രശ്‌നങ്ങള്‍ പൊതുനിരത്തില്‍ വഴക്കിനും അടിപിടിക്കും ഇടവരുത്തുന്നുമുണ്ട്. മദ്യപിച്ചു വാഹനമോടിക്കുന്ന കൂട്ടര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. ആലപ്പുഴ ജില്ലയില്‍ മിന്നല്‍പ്പരിശോധനയില്‍ കുടുങ്ങിയത് നിരവധി ഡ്രൈവര്‍മാരാണ്. സ്‌കൂള്‍കുട്ടികളുമായി പോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരും ഇതില്‍പ്പെടുന്നു. പോലിസ് ഡ്രൈവര്‍മാരെ ഉപയോഗിച്ച് സ്‌കൂള്‍ബസ് ഓടിച്ച് സ്‌കൂള്‍കുട്ടികളെ വീടുകളില്‍ എത്തിച്ച സംഭവങ്ങളും അടുത്തിടെയുണ്ടായി. റെയില്‍വേ ലെവല്‍ക്രോസിങുകളിലായാലും ട്രാഫിക് സിഗ്‌നല്‍ സ്ഥലത്തായാലും ചുവപ്പു വീഴും മുമ്പേയും ചുവപ്പു വീണിട്ടും പാഞ്ഞുകയറുന്ന വാഹനങ്ങള്‍ എത്രയോ അപകടങ്ങള്‍ വരുത്തുന്നുണ്ട്. റെയില്‍വേ ക്രോസിങുകളില്‍ കഷ്ടിച്ച് രണ്ടു വാഹനങ്ങള്‍ പോകാവുന്നിടത്തും ഒരേ സൈഡില്‍ തന്നെ മൂന്നു നിരയായി വരെ ചേര്‍ത്തുനിര്‍ത്തുന്ന വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പോകാത്ത തരത്തില്‍ കുരുക്ക് സൃഷ്ടിക്കുന്നതും പതിവു കാഴ്ച തന്നെ. ഒരു കോടിയോളം വാഹനങ്ങള്‍ ഓടുന്ന നമ്മുടെ പൊതുനിരത്തുകളുടെ ശോച്യാവസ്ഥ എന്നാവും ഇനി മാറിക്കിട്ടുക. നാലും എട്ടും വരിയായി ഉയര്‍ത്തിയില്ലെങ്കിലും ഉള്ള നിരത്തുകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ നീണ്ട കാലത്തെ സ്വപ്‌നമാണ്. ഇവ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നത് ആശ്വാസകരം തന്നെ. ബൈപാസുകള്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ പട്ടണങ്ങളിലെ ട്രാഫിക് കുരുക്കുകളും സമയനഷ്ടവും ഒഴിവാക്കാനാവും. അമിതവേഗക്കാരനെയും മദ്യപിച്ച് വാഹനം ഓടിക്കുന്നവനെയും ലൈറ്റ് ഡിം ചെയ്യാത്ത കൂട്ടരെയും വലിയ പിഴ ചുമത്തി ശിക്ഷിക്കുകയും ചെയ്‌തെങ്കിലേ നിരത്തില്‍ ചോര വീഴാതെ കാക്കാനാവുകയുള്ളൂ. പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി യഥേഷ്ടം സുഖയാത്ര പ്രദാനം ചെയ്യുന്ന നല്ല വാഹനങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുകയും ദേശീയ ജലപാത വഴി ഹൈസ്പീഡ് യാത്രാബോട്ടുകള്‍ സഞ്ചാരത്തിനായി നിയോഗിക്കുകയും ചെയ്താല്‍ നമ്മുടെ പൊതുനിരത്തുകളിലെ ദുഷ്‌കരമാവുന്ന യാത്രയ്ക്ക് പരിഹാരമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss