|    Dec 16 Sun, 2018 12:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ദുരൂഹസാഹചര്യത്തില്‍ മരിച്ച കന്യാസ്ത്രീകള്‍ നിരവധി

Published : 12th September 2018 | Posted By: kasim kzm

കണ്ണൂര്‍: കേരളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കന്യാസ്ത്രീകളുടെ എണ്ണം നിരവധി. എന്നാല്‍, പല കേസുകളിലും അന്വേഷണം എങ്ങുമെത്തിയില്ല. അധികാരസ്ഥാനങ്ങളില്‍ വരെ സ്വാധീനം ചെലുത്താന്‍ കഴിവുള്ള പ്രബലരായ സഭകളായിരുന്നിട്ടുപോലും അന്വേഷണം നടത്താന്‍ ഒരു ചെറുവിരല്‍പോലും അനക്കുന്നില്ലെന്ന് കേരള എക്‌സ് പ്രീസ്റ്റ് ആന്റ് നണ്‍സ് ഫോറം (ഇപിഎന്‍എഫ്) ഭാരവാഹികള്‍ ആരോപിച്ചു.
1987 ജൂലൈ 6ന് സിസ്റ്റര്‍ ലി ന്റയുടെ കൊലപാതകമായിരുന്നു സംസ്ഥാനത്ത് ആദ്യം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ കേസിന്റെ അന്വേഷണത്തെക്കുറിച്ച് ആര്‍ക്കും അറിവില്ല. 1992ല്‍ സിസ്റ്റര്‍ അഭയ, 1993ല്‍ സിസ്റ്റര്‍ മേഴ്‌സി, 1998ല്‍ പാലാ കോണ്‍വെന്റില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി, അതേവര്‍ഷം കോഴിക്കോട് കല്ലുരുട്ടിയില്‍ സിസ്റ്റര്‍ ജ്യോതിസ്, 2000ല്‍ പാലാ സ്‌നേഹഗിരി മഠത്തിലെ സിസ്റ്റര്‍ പോള്‍സി, 2006ല്‍ റാന്നിയിലെ സിസ്റ്റര്‍ ആന്‍സി, കോട്ടയം വാകത്താനത്ത് സിസ്റ്റര്‍ ലി, 2008 ല്‍ കൊല്ലത്ത് സിസ്റ്റര്‍ അനൂപ മരിയ, 2011ല്‍ കോവളത്ത് സിസ്റ്റര്‍ മേരി ആന്‍സി, 2015 ഡിസംബര്‍ 1ന് വാഗമണ്ണില്‍ ലിസാ മരിയ, 2018ല്‍ പത്തനാപുരത്തെ സിസ്റ്റര്‍ സൂസന്‍ തുടങ്ങി നിരവധി കന്യാസ്ത്രീകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.
എന്നാല്‍, ഈ മരണങ്ങളില്‍ പലതിലും അന്വേഷണം എങ്ങുമെത്തിയില്ല. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടു പുരോഹിതരെയും ഒരു സിസ്റ്ററെയും അറസ്റ്റ് ചെയ്‌തെങ്കിലും രണ്ടാംപ്രതിയായ പുരോഹിതനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. 26 വര്‍ഷം പിന്നിടുമ്പോഴും കേസ് എങ്ങുമെത്താത്ത നിലയിലാണ്.
നിരവധി മരണങ്ങള്‍ മുതല്‍ ലൈംഗികാരോപണങ്ങള്‍ വരെ സഭ ഒതുക്കിത്തീര്‍ത്ത റിപോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ബഹുഭൂരിപക്ഷം കന്യാസ്ത്രീകളും ജീവച്ഛവമായി കഴിയുമ്പോള്‍ അപൂര്‍വം ചിലര്‍ മാത്രമാണ് പ്രതികരിക്കുന്നത്. സഭാ നടപടികളെ ആരെങ്കിലും ചോദ്യംചെയ്താല്‍ അവരെ പിന്നീട് അവിടെ നിര്‍ത്തില്ല. പല രീതിയിലും പീഡിപ്പിക്കും. ആദ്യം സഭാതലത്തില്‍ തന്നെ അപവാദപ്രചാരണം നടത്തും. ചിലരെ മരുന്നുകൊടുത്ത് മാനസികരോഗിയാക്കി മാറ്റും. പിന്നീട് പാലിയേറ്റീവ് കെയറിലാക്കി അവസാനം ഇല്ലാതാക്കും. പല കന്യാസ്ത്രീകള്‍ക്കും പ്രതികരിക്കാന്‍പോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് മുന്‍ കന്യാസ്ത്രീയും ഇപിഎന്‍എഫ് ജോയിന്റ് സെക്രട്ടറിയുമായ മരിയാ തോമസ് പറഞ്ഞു.
നാട്ടിലെത്തിയാല്‍ കുടുംബംപോലും സ്വീകരിക്കാത്ത സാഹചര്യമാണുള്ളത്. പ്രതികരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പല കന്യാസ്ത്രീകളും മഠങ്ങളില്‍ കഴിയുന്നത്. ഇത്തരം സംഭവങ്ങളിലൂടെയെങ്കിലും സന്ന്യാസസഭകളില്‍ സ്ഥിതി നല്ലതല്ലെന്നു മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ അവരുടെ മക്കളെ ശ്രദ്ധിക്കാന്‍ തുടങ്ങും.
തിരിച്ചുവരുന്നവരുടെ സാമൂഹിക അയിത്തം മാറ്റാനുള്ള ബോധവല്‍ക്കരണം നടക്കണം. സ്വത്തുവിഭജന കാര്യത്തില്‍ മേരി റോയ് കേസിലെ വിധി നടപ്പാക്കി പെണ്‍കുട്ടികള്‍ക്കും തുല്യവിഹിതം ഉറപ്പാക്കണം. അപ്പോ ള്‍ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചു വീട്ടിലെത്തി താമസിക്കാനാവും. നിലവില്‍ അവരുടെ സ്വത്തുവിഹിതം സന്ന്യാസസഭകളിലേക്ക് കൊടുക്കുകയാണു ചെയ്യുന്നതെന്നും ഇതു കൂടുതല്‍ ചൂഷണങ്ങള്‍ക്ക് കാരണമാവുമെന്നും ഇപിഎന്‍എഫ് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ജെ ജെ പള്ളത്ത്, ബെന്നി തോമസ് പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss