|    Dec 15 Sat, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ദുരൂഹതകള്‍ നീങ്ങാതെ ഒരു വര്‍ഷംലഫീക്കുല്‍ ഇസ്‌ലാം അഹ്മദിനെ കൊന്നതാര്?

Published : 14th August 2018 | Posted By: kasim kzm

കൊക്രാജര്‍: ഓള്‍ ബോഡോലാന്‍ഡ് മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍(എബിഎംഎസ്‌യു) നേതാവ് ലഫീക്കുല്‍ ഇസ്്‌ലാം അഹ്്മദ് കൊല്ലപ്പെട്ടിട്ട് ആഗസ്ത് 1ന് ഒരുവര്‍ഷം പൂര്‍ത്തിയായി. ബിജെപി ഭരണകൂടത്തെയും ഹിന്ദുത്വശക്തികളെയും തുറന്നെതിര്‍ത്തിരുന്ന അഹ്്മദിനെ കൊലപ്പെടുത്തിയതിനു പിന്നി ല്‍ ആരാണെന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 1ന് പട്ടാപ്പകലാണ് അഹ്്മദിനെ അജ്ഞാതന്‍ കൊലപ്പെടുത്തിയത്.
സംസ്ഥാന പോലിസിലെ പ്രത്യേക അന്വേഷണസംഘം കൈകാര്യം ചെയ്തിരുന്ന കേസ് എബിഎംഎസ്‌യുവിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സിബിഐക്ക് കൈമാറിയിരുന്നു. എന്നാല്‍, ഒരുവര്‍ഷത്തിനുശേഷവും കേസില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം എബിഎംഎസ്്‌യു സംഘടിപ്പിച്ച ഐക്യദാര്‍ഢ്യദിനത്തില്‍ അസമിലെ ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ ഏരിയ ജില്ലകളില്‍നിന്നുള്ള 3000ഓളം പേരാണ് പങ്കെടുത്തത്. കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആര്‍ക്കും അറിയില്ലെന്ന് എബിഎംഎസ്്‌യുവിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഷാ കമാല്‍ പറഞ്ഞു. ഈയിടെ അസം പോലിസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ അത് തങ്ങളുടെ അധികാരപരിധിയില്‍പ്പെട്ടതല്ലെന്ന മറുപടിയാണു ലഭിച്ചത്. സമാന അഭിപ്രായം തന്നെയാണ് അഹ്്മദിന്റെ സഹോദരന്‍ മൊഹീദുല്‍ ഇസ്്‌ലാമും പങ്കുവച്ചത്. കൊലപാതകത്തിനു പിന്നില്‍ ശക്തമായ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതിനാല്‍ കേസിന് ഒരിക്കലും തുമ്പുണ്ടാവാന്‍പോവുന്നില്ലെന്ന് ആദിവാസി നേതാവും ബിസ്‌റ കമാന്‍ഡര്‍ഫോഴ്‌സ് ചെയര്‍മാനുമായ ദുര്‍ഗ ഹസ്ദ പറഞ്ഞു. നേരത്തേ കര്‍ഷകസംഘടനയായ ക്രിഷക് മുക്തി സംഗ്രാം സമിതി പ്രസിഡന്റ് അഖില്‍ ഗൊഗോയിയും സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചിരുന്നു.
മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല, മറ്റു ന്യൂനപക്ഷ സംഘടനകളിലും ആദിവാസി ഗ്രൂപ്പുകളിലും നല്ല സ്വാധീനമുള്ള നേതാവായിരുന്നു ലഫീക്കുല്‍ ഇസ്‌ലാം അഹ്്മദ്. അഹ്്മദിനെപ്പോലൊരു നേതാവിനെ മേഖലയില്‍ ഏറ്റവും ആവശ്യമുള്ള സമയമാണ് ഇതെന്ന് ഓള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂനിയന്‍ നേതാവ് പ്രമോദോ ബോറോ പറഞ്ഞു.
മേഖലയിലെ മുസ്‌ലിം സമുദായത്തിനിടയില്‍ നിലനിന്നിരുന്ന ശൈശവ വിവാഹങ്ങള്‍ക്കെതിരേയും ബാലവേലയ്‌ക്കെതിരേയും അഹ്്മദ് ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെന്നും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷകനായ റാഫിയുല്‍ ആലം റഹ്്മാന്‍ പറഞ്ഞു.
ഒരുവര്‍ഷം കഴിഞ്ഞിട്ടും കേസില്‍ യാതൊരു പുരോഗതിയുമുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് എബിഎംഎസ്‌യു ആഗസ്ത് 6ന് ബക്‌സ ജില്ലയില്‍ റോഡ് ഉപരോധിച്ചു. കേസില്‍ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയേണ്ടതുണ്ടെന്നും കുറ്റവാളികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്നും എബിഎംഎസ്‌യു പ്രതിനിധി ഷാ കമാല്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss