|    Feb 25 Sat, 2017 10:34 am
FLASH NEWS

ദുരുപയോഗം ചെയ്യാവുന്ന കോടതിവിധി

Published : 5th January 2017 | Posted By: fsq

ജാതി, മതം, വംശം, വര്‍ണം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കുന്നത് സ്ഥാനാര്‍ഥിയുടെ ജയം റദ്ദാക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണെന്നു സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നു. ഏഴംഗ ബെഞ്ചില്‍ നാലു പേരുടെ ഭൂരിപക്ഷത്തിനാണ് ഇത്തരമൊരു വിധി വന്നിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പു പ്രകാരം നേരത്തെത്തന്നെ ഇക്കാര്യത്തിലുള്ള നിരോധനം സുപ്രിംകോടതി കുറച്ചുകൂടി വ്യാപകമാക്കുകയും ഒരു സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടര്‍മാര്‍ തന്നെ മേല്‍പറഞ്ഞ ഘടകങ്ങളെ പ്രചാരണത്തിന് ഉപയോഗിച്ചാല്‍ അതു തെറ്റാണെന്നു വിശദീകരിക്കുകയും ചെയ്തിരിക്കുകയാണ്. ഇത്തരമൊരു ഉത്തരവ് രാജ്യത്തെ മതേതര സ്വഭാവത്തിന് ഒരിക്കല്‍ കൂടി അടിവരയിടുന്നുണ്ട്. അതേയവസരം, ഒട്ടേറെ ജാതികളും മതങ്ങളും ഭാഷകളുമുള്ള ഒരു രാജ്യത്ത് മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ ധാരാളം രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവയൊക്കെ ന്യായമായ ചില കാരണങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് തങ്ങളെ പിന്തുണയ്ക്കുന്ന പ്രത്യേക ജനവിഭാഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്. ബിഎസ്പി, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ്, മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍, എയുഡിഎഫ് തുടങ്ങിയവയുടെ ശക്തി പ്രത്യേക ജാതികളോ സമുദായങ്ങളോ ആണ്. ഭാഷയുടെ പേരില്‍ തന്നെയുള്ള പാര്‍ട്ടികളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോടതിവിധി ഈ പ്രസ്ഥാനങ്ങളുടെ നിലനില്‍പുതന്നെ ചോദ്യംചെയ്യുന്നു. സ്വന്തം സമുദായത്തിന്റെയും ഭാഷാവിഭാഗത്തിന്റെയും ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ഒരു ജനാധിപത്യ രാജ്യത്ത് അനുചിതമാണെന്നു പറയാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല, ഈ വിധി 1995ല്‍ ഹിന്ദുമതത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതി നല്‍കിയ ഒരു വിധി അവഗണിക്കുന്നു. സംഘപരിവാരത്തിന്റെ വാദങ്ങളെ അനുകൂലിച്ചുകൊണ്ട് ഹിന്ദുയിസം ഒരു മതമല്ലെന്നും ഒരു ജീവിതരീതിയാണെന്നും ഒരു മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. വളരെ ആശയക്കുഴപ്പം ഉണ്ടാക്കാവുന്ന ഒരു ഉത്തരവായിരുന്നു അത്. അതിനാല്‍ തന്നെ വളരെയേറെ വിമര്‍ശനത്തിനിരയാവുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടുത്താനായി ഒരു സ്ഥാനാര്‍ഥി വോട്ട് തേടിയാല്‍ അതു ജനപ്രാതിനിധ്യ നിയമമനുസരിച്ചു കുറ്റകരമാവുമായിരുന്നില്ല. വിവാദമായ ഈ വിധിയെക്കുറിച്ചു യാതൊന്നും പരാമര്‍ശിക്കാതെയാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത് എന്നത് ആശങ്കയുളവാക്കുന്നു. ഹിന്ദു വിഭാഗങ്ങളില്‍ പരിമിതമായ ചടങ്ങുകളും ആചാരങ്ങളും ശീലങ്ങളുമൊക്കെ ഔദ്യോഗിക പിന്തുണയോടെ ദേശീയ സംസ്‌കാരത്തിന്റെ ഭാഗമായി പ്രചരിപ്പിക്കാന്‍ കഴിയുമ്പോള്‍ ന്യായമായ, മതേതരമായ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പിന്നാക്കവിഭാഗങ്ങളും മത-ഭാഷാന്യൂനപക്ഷങ്ങളും നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെ അധികൃതര്‍ക്ക് വിലക്കാന്‍ കഴിയും. അതിനാല്‍, 1995ലെ വിധി പുനപ്പരിശോധിക്കുന്നതിനാണ് രാജ്യത്തെ പരമോന്നത നീതിപീഠം മുന്നോട്ടുവരേണ്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക