|    Jul 18 Wed, 2018 3:01 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ദുരുപയോഗം ചെയ്യപ്പെടുന്ന ജന്‍ഔഷധി

Published : 11th August 2017 | Posted By: fsq

 

സമദ് പാമ്പുരുത്തി

രാജ്യത്തെ ആരോഗ്യമേഖല വന്‍ കുതിച്ചുചാട്ടത്തിന്റെ പാതയിലാണെന്നാണു ഭരണകൂടങ്ങളുടെ എക്കാലത്തെയും അവകാശവാദം. എന്നാല്‍, ഓണമെത്ര വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. ഇന്ത്യയുടെ യഥാര്‍ഥ ചിത്രം ലോകത്തോട് വിളിച്ചുപറയാന്‍ ഒഡീഷയിലെ ദനാമാഞ്ചിയും പഞ്ചാബില്‍ നിന്നു സരബ്ജിത്തും വേണ്ടിവന്നു. പിന്നാലെ സമാനമായ സംഭവങ്ങള്‍ കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ആതുരശുശ്രൂഷാരംഗത്ത് കോര്‍പറേറ്റ് സംസ്‌കാരം വളര്‍ന്നുവന്നതോടെ സാധാരണക്കാരന് ചെറിയ രോഗത്തിനുപോലും പ്രാപ്യമല്ലാത്ത അവസ്ഥയിലേക്ക് ചികില്‍സാ ചെലവുകള്‍ വര്‍ധിക്കുകയാണ്. സ്വന്തം മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ കിടപ്പാടം വിറ്റ് ചികില്‍സ നടത്തുന്ന മാതാപിതാക്കള്‍ ആശുപത്രികളിലെ നിത്യകാഴ്ച. ലോകാരോഗ്യസംഘടന വെളിപ്പെടുത്തുന്നതും മറ്റൊന്നല്ല. ആരോഗ്യമേഖലയ്ക്കായി ഇന്ത്യ ചെലവിടുന്നത് നാമമാത്രമായ ഫണ്ട് മാത്രം. അതായത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 5.2 ശതമാനം. ഇതില്‍ 4.3 ശതമാനവും സ്വകാര്യമേഖലയില്‍. ആരോഗ്യമേഖലയുടെ വികസനത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ചുരുക്കം. ഇപ്പോഴും ഹതഭാഗ്യരായ രോഗികളുടെ പണംകൊണ്ടാണ് ആരോഗ്യമേഖല നിലനില്‍ക്കുന്നതു തന്നെ. ആരോഗ്യസുരക്ഷയ്ക്കായി ആവിഷ്‌കരിക്കുന്ന പദ്ധതികളോ അനുവദിക്കുന്ന ഫണ്ടുകളോ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല. ഓരോ പദ്ധതിയിലും അഴിമതി കൊടികുത്തിവാഴുകയാണ്. അഴിമതിവിരുദ്ധ പോരാട്ടമെന്ന പ്രതിച്ഛായയില്‍ വര്‍ഗീയതയുടെ പിന്‍ബലത്തോടെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ മുച്ചൂടും അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന കാഴ്ച. അധികാരകേന്ദ്രങ്ങളുടെ ഇടനാഴികളെല്ലാം അഴിമതിയുടെ വിളനിലങ്ങളായി മാറുന്നു. 2008ല്‍ മന്‍മോഹന്‍ സിങ് ഒന്നാം യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച ജനകീയ പദ്ധതിയാണ് ജന്‍ഔഷധി സ്‌കീം. ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് പകുതിയിലധികം വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന ബൃഹദ് പദ്ധതി. എന്നാല്‍, പിന്നീട് അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന (പിഎംബിജെപി) എന്ന പേരില്‍ പദ്ധതി വിപുലീകരിച്ചു. ജന്‍ഔഷധി വഴി വിതരണം ചെയ്യുന്ന മരുന്നുകളുടെ വില വന്‍തോതില്‍ വെട്ടിക്കുറച്ചു. സാധാരണ ഉപയോഗത്തിലുള്ള മരുന്നുകളാണ് ഇതിലധികവും. രക്തസമ്മര്‍ദം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ മരുന്നുകളും ഇതിലുള്‍പ്പെടും. കേന്ദ്ര രാസവളം മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമായ ബ്യൂറോ ഓഫ് ഫാര്‍മ പിഎസ്‌യു ഓഫ് ഇന്ത്യക്കും (ബിപിപിഐ) സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നേഷന്‍ (സൈ ന്‍) എന്ന സര്‍ക്കാരിതര സംഘടനയ്ക്കുമാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. 2016 ജൂണില്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്ത് 100 ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കാന്‍ ധാരണയാവുകയും മുഴുവന്‍ ജില്ലകളിലും സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്തു. എന്നാല്‍, ജനസേവനപദ്ധതിയായി തുടങ്ങിയ ജന്‍ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണു പിന്നീട് അരങ്ങേറിയത്. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം പൊന്‍മുട്ടയിടുന്ന താറാവാണ് പിഎംബിജെപി പദ്ധതി. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്ന്പറഞ്ഞപോലെയാണു കാര്യങ്ങള്‍. മുഖസ്തുതി ഇഷ്ടപ്പെടുന്ന മഹാരാജാവും മുഖസ്തുതികൊണ്ട് രാജാവിനെ സന്തോഷിപ്പിക്കുന്ന അണികളും. ഫലത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുംകൊണ്ട് ജനശ്രദ്ധ കിട്ടാതെ അനാഥമാവുകയാണ് ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍. ഇതിനു പിന്നില്‍ നെറികെട്ട രാഷ്ട്രീയനാടകങ്ങളുണ്ട്, സ്വകാര്യമേഖലയുടെ ഗൂഢാലോചനകളുണ്ട്, കോര്‍പറേറ്റ് ഔഷധലോബികളുടെ തന്ത്രങ്ങളുണ്ട്. ഒപ്പം, ഭക്ഷണത്തിനു പിന്നാലെ മരുന്നിലും കൈവയ്ക്കുന്ന സംഘപരിവാരത്തിന്റെ ചീഞ്ഞുനാറുന്ന അഴിമതിക്കഥകളും.                                        (അവസാനിക്കുന്നില്ല)നാളെ: അട്ടിമറിനീക്കങ്ങളുമായി മരുന്നുകമ്പനികളും ഡോക്ടര്‍മാരും

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss