|    Dec 16 Sun, 2018 12:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുരിത ജീവിതം താണ്ടാനേറെയുണ്ട് വിഷ്ണുവിനും കുഞ്ഞുപെങ്ങള്‍ക്കും

Published : 18th August 2018 | Posted By: kasim kzm

ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: കുഞ്ഞിപ്പെങ്ങളെ മാറോടടുക്കി ഉരുള്‍പൊട്ടലില്‍ നിന്ന് കരകയറുമ്പോള്‍ വിഷ്ണു ഓര്‍ത്തിരുന്നില്ല ദുരിതജീവിതം കൂടുതല്‍ ദുരന്തപൂര്‍ണമാവുമെന്ന്. ഉരുള്‍പൊട്ടലിന്റെ ശക്തിയില്‍ തെറിച്ചുപോയ വിഷ്ണുവിന് അനുജത്തി മീനാക്ഷി ഒലിച്ചുപോവുന്നത് മിന്നായം പോലെയേ കാണാനായുള്ളൂ. ഇരുള്‍വീണ സമയം ജീവന്‍ പണയംവച്ച് അവന്‍ മലവെള്ളക്കുത്തൊഴുക്കിലേക്കു പാഞ്ഞിറങ്ങി. തന്റെ കുഞ്ഞിപ്പെങ്ങളെ കരക്കിരുത്തി വീണ്ടും മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ കാലുകള്‍ ചളിക്കുണ്ടില്‍ പുതഞ്ഞുപോയിരുന്നു.
മുത്തശ്ശികൂടിയുണ്ട് താഴേക്കൊഴുകുന്ന വീടിനുള്ളില്‍. ഉറക്കെയുള്ള അലര്‍ച്ച വിഫലമായില്ല. അയല്‍വാസിയായ തങ്കമ്മയും മകന്‍ പ്രതീപും സംഘവും ഓടിയെത്തി മുത്തശ്ശിയെ രക്ഷിച്ചെടുക്കുമ്പോഴേക്കും വിഷ്ണുവും മീനാക്ഷിയും ഗുരുതര പരിക്കുകളോടെ നിലംപതിച്ചിരുന്നു. വിഷ്ണുവിന്റെ കൈയുടെയും മീനാക്ഷിയുടെ കാലിന്റെയും എല്ലുകള്‍ പൊട്ടിപ്പോയി. ഇവരെ ദുരന്തം പിന്നെയും വിട്ടില്ല. പുറത്തുപോയി മടങ്ങി വീട്ടിലെത്തിയ അച്ഛന്‍ അനില്‍കുമാര്‍ ആ മലവെള്ളപ്പാച്ചിലില്‍ മരണത്തിന്റെ പിടിയിലമര്‍ന്നു. അപ്പോഴും മക്കള്‍ക്കായി കൊണ്ടുവന്ന പലഹാരപ്പൊതി ഉരുളൊലിച്ചുപോയ പാതയില്‍ അവശേഷിച്ചിരുന്നു.
ഇവിടെ, തീരുന്നതല്ല വിഷ്ണുവിന്റെയും കുഞ്ഞിപ്പെങ്ങളുടെയും ദുരിതം. വിഷ്ണു ജനിച്ച ശേഷം മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മ ഓമന മിക്ക ദിവസങ്ങളിലും ചികില്‍സയിലാണ്. മുത്തശ്ശി സരോജിനിയുടെ തണലിലായിരുന്നു ജീവിതം. സരോജിനിയും വിഷ്ണുവുമായിരുന്നു മീനാക്ഷിയെ പോറ്റിവളര്‍ത്തിയത്. ഇതിനിടെ, പിതാവ് അനില്‍കുമാര്‍ കൂടി നഷ്ടമായതോടെ വിധിക്കുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഈ കുരുന്നു മക്കള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss