|    Sep 22 Sat, 2018 1:07 pm
FLASH NEWS

ദുരിതാശ്വാസ സാമഗ്രികളുമായി അബൂദബിയില്‍ നിന്ന് വിമാനം കരിപ്പൂരില്‍

Published : 24th August 2018 | Posted By: kasim kzm

കരിപ്പൂര്‍: യുഎഇയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി കരിപ്പൂരില്‍ വിഷന്‍ എയര്‍ കാര്‍ഗോവിമാനം പറന്നിറങ്ങി. അബൂദബിയിലെ യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഡോ. ഷബീര്‍ നെല്ലിക്കോടിന്റെ നേതൃത്വത്തില്‍ ശേഖരിച്ച 14 ടണ്‍ മെഡിക്കല്‍, വസ്ത്രങ്ങള്‍, ഭക്ഷ്യസാധനങ്ങളാണ് കരിപ്പൂരില്‍ എത്തിച്ചത്. പ്രളയ ദുരിതം ഏറെയുണ്ടായ ചെങ്ങനൂര്‍, ആലുവ, വയനാട് എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനാണ് ഇവ കൊണ്ടുവന്നത്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ കൂട്ടായ്മക്കും കോഴിക്കോട് ട്രോമാകെയറിനും ഇവ കൈമാറും. നാല് ദിവസം കൊണ്ട് ആശുപത്രി അധികൃതര്‍ ശേഖരിച്ച സാധനങ്ങളാണിത്. കരിപ്പൂരിലെ കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സാധനങ്ങള്‍ കൈമാറും. ചൊവാഴ്ച്ച രാത്രിയാണ് വിഷന്‍ എയര്‍ കാര്‍ഗോ വിമാനം അബൂദബിയില്‍ നിന്ന് കാറാച്ചി വഴി പുറപ്പെട്ട് ബുധനാഴ്ച രാവിലെ കരിപ്പൂരിലെത്തിയത്. വിദേശ രാജ്യത്ത് നിന്ന് കേരളത്തിലേക്ക് ഒരുവിമാനം നിറയെ ദുരിതാശ്വാസ സാധനങ്ങളുമായി ഒരു വിമാനമെത്തുന്നത് ഇതാദ്യമായണ്. അബൂദബി യൂനിവേഴ്‌സല്‍ ആശുപത്രി അധികൃതരും ആശുപത്രിയില്‍ സ്ഥാപിച്ച ദുരിതാശ്വാസ പെട്ടിയില്‍ നിക്ഷേപിച്ച ഉല്‍പ്പന്നങ്ങളും വരും ദിവസങ്ങളിലും കേരളത്തിലെത്തിക്കുന്നുണ്ട്. 50 ടണ്‍ ഇതിനകം എത്തിക്കാനുണ്ട്. കപ്പലിലും, യാത്ര വിമാനങ്ങളിലുമായി ഇതെത്തിക്കും. ബോയിംങ് 737 ഇനത്തി ല്‍ പെട്ട വിമാനത്തിന് മൂന്ന് മണിക്കൂറിലധികം ദൂരം പറക്കാന്‍ കഴിയാത്തതിനാലാണ് ഇത് കറാച്ചിയില്‍ ഇറങ്ങി ഇന്ധനം നിറച്ച് കരിപ്പൂരിലെത്തിയത്. ഇതിനായി പ്രത്യേക അനുമതി വാങ്ങിയിരുന്നു. നേരത്തെ നിപ്പാ വൈറസ് വേളയില്‍ ട്രോമ കെയറിന്റെ വിമാനം മരുന്നുകളുമായി തിരുവനന്തപുരത്തും കരിപ്പൂരിലുമെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss