|    Oct 20 Sat, 2018 5:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനു വിദേശ യാത്ര മുഖ്യമന്ത്രിക്കു മാത്രം അനുമതി

Published : 14th October 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കേരള മന്ത്രിമാര്‍ നടത്താനിരുന്ന യാത്ര പ്രതിസന്ധിയില്‍. കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര അനുമതിയും വിസയും ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. മുഖ്യമന്ത്രിക്കു മാത്രം കര്‍ശന ഉപാധികളോടെ യാത്ര നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയതായാണ് റിപോര്‍ട്ട്.
പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്ന് ഫണ്ട് സമാഹരിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് അടക്കം വിദേശ യാത്ര നിശ്ചയിച്ചിരുന്നത്. രണ്ടാഴ്ച മുമ്പാണ് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചത്. ബുധനാഴ്ചയ്ക്കകം അനുമതി ലഭിച്ചില്ലെങ്കില്‍ മന്ത്രിമാരുടെ യാത്ര മുടങ്ങിയേക്കും. ഇത്രയധികം മന്ത്രിമാര്‍ ആരുടെ ക്ഷണപ്രകാരമാണ് വിദേശത്തേക്കു പോകുന്നതെന്നും വിദേശകാര്യ മന്ത്രാലയം ചോദിച്ചു. പ്രവാസി മലയാളികളുടെ പൊതുവേദിയായി സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയില്‍ പങ്കെടുക്കാനുള്ള ചില സംഘടനകളുടെ ക്ഷണപ്രകാരമാണ് യാത്രയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.
എന്നാല്‍, ഇത്രയും മന്ത്രിമാര്‍ ഒരുമിച്ച് ഫണ്ട് ശേഖരണത്തിനായി പോകേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളേ പാടുള്ളൂവെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയതായാണ് റിപോര്‍ട്ട്.
18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ 17 മന്ത്രിമാരും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഇനി അപേക്ഷ നല്‍കിയാലും ഫലമുണ്ടാവില്ല. അതേസമയം, കേന്ദ്രാനുമതി ഇല്ലെങ്കിലും മന്ത്രിമാര്‍ക്ക് വിദേശത്ത് പോകാം. നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നു മാത്രം. നിലവിലെ തീരുമാനം അനുസരിച്ച് മുഖ്യമന്ത്രി 17നു യുഎഇയില്‍ എത്തും. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് യുഎഇയിലേക്ക് മുഖ്യമന്ത്രി തന്നെ എത്തുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാവും.
മൂന്ന് എമിറേറ്റിലും വ്യവസായ-വാണിജ്യ രംഗങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. വൈകീട്ട് പ്രവാസി മലയാളികളോട് മുഖ്യമന്ത്രി സംസാരിക്കും. 17ന് അബൂദാബിയിലെത്തുന്ന മുഖ്യമന്ത്രി 18ന് വിവിധ പരിപാടികളില്‍ സംസാരിക്കും. അന്നു വൈകീട്ട് ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടി. 19ന് ദുബൈയിലായിരിക്കും പരിപാടികള്‍. വൈകീട്ട് അല്‍നാസര്‍ ലഷര്‍ ലാന്‍ഡില്‍ വച്ച് മലയാളികളെ സംബോധന ചെയ്യുന്ന പരിപാടി സംഘടിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. ഇതുസംബന്ധിച്ച ആലോചനാ യോഗം വെള്ളിയാഴ്ച വൈകീട്ട് ദുബൈയില്‍ നടന്നു. 20ന് ഷാര്‍ജയിലെത്തും. 21ന് അദ്ദേഹം മടങ്ങുമെന്നാണ് ഇപ്പോഴത്തെ സൂചന. യുഎഇയില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം എ യൂസുഫലിയുടെ നേതൃത്വത്തിലാണ് ബിസിനസ് രംഗത്തെ പ്രമുഖരുമായുള്ള ആലോചനാ യോഗങ്ങള്‍ നടത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss