|    Dec 16 Sun, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കലക്ടര്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തമാണ് നാം നേരിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് പഠനങ്ങള്‍ ആവശ്യമാണ്. ദുരന്തം നേരിടുന്ന കാര്യത്തില്‍ എല്ലാവരും അവിശ്രമം നല്ല ഏകോപനത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിന് ഇരയായവരെ രക്ഷപ്പെടുത്തല്‍, മാറ്റിപ്പാര്‍പ്പിക്കല്‍, ക്യാംപില്‍ അത്യാവശ്യം സൗകര്യം ഉറപ്പാക്കല്‍ എന്നിവയിലെല്ലാം കലക്ടര്‍മാര്‍ നല്‍കിയ നേതൃത്വം അഭിനന്ദനാര്‍ഹമാണ്. ഈ പ്രവര്‍ത്തനങ്ങളെല്ലാം നല്ല ഏകോപനത്തോടെ, കൂട്ടായ്മയോടെ ചെയ്യാന്‍ കഴിഞ്ഞു. അതിന് കലക്ടര്‍മാരെ അനുമോദിച്ചു.
ക്യാംപിലുള്ളവര്‍ തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഉണ്ടാവുന്ന പ്രയാസം വലുതാണ്. എല്ലാമുണ്ടായിരുന്ന വീട് അവര്‍ കാണുന്നത് എല്ലാം നശിച്ച നിലയിലായിരിക്കും. ഇതു പലര്‍ക്കും താങ്ങാനാവില്ല. അതിന്റെ ആഘാതം വളരെ വലുതായിരിക്കും. തിരിച്ചുപോകുന്നവര്‍ക്ക് നാം ഭക്ഷണക്കിറ്റ് നല്‍കുന്നുണ്ട്. എന്നാല്‍ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രമോ മറ്റ് സൗകര്യങ്ങളോ വീടുകളിലുണ്ടാവില്ല. ഈ സാഹചര്യം മനസ്സിലാക്കി കലക്ടര്‍മാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. താല്‍ക്കാലിക ആശ്വാസം എന്ന നിലയ്ക്കാണ് 10,000 രൂപ ക്യാംപില്‍ കഴിയേണ്ടിവന്നവര്‍ക്ക് നല്‍കുന്നത്. തുടര്‍ച്ചയായ ബാങ്ക് അവധി കാരണം ഈ തുക കൈമാറാന്‍ കഴിഞ്ഞിട്ടില്ല. അടുത്തദിവസം തന്നെ തുക എല്ലാവര്‍ക്കും ലഭ്യമാക്കണം.
വാഹനങ്ങളുടെ കാര്യത്തില്‍ ഇന്‍ഷുറന്‍സ് തുക വേഗം ലഭ്യമാകുന്നതിന് നടപടി വേണം. ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രതിനിധികളുമായി ഒരുവട്ടം സംസാരിച്ചിരുന്നു. വീണ്ടും ചീഫ് സെക്രട്ടറിതലത്തില്‍ അവരുടെ യോഗം വിളിക്കുന്നുണ്ട്. വീടുകളിലേക്ക് തിരിച്ചുപോകാന്‍ സാഹചര്യമുള്ള മുഴുവന്‍ പേരും രണ്ടുദിവസം കൊണ്ട് തിരിച്ചുപോകുമെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ നല്ല ശ്രദ്ധ വേണം. ധാരാളം വീടുകള്‍ താമസയോഗ്യമല്ലാതായി. ഓരോ ജില്ലയിലും ഓരോ പ്രദേശത്തും അങ്ങനെയുള്ള എത്ര കുടുംബങ്ങളുണ്ട് എന്നതു സംബന്ധിച്ച് ഉടനെ വിവരം ശേഖരിക്കണം. അതത് പ്രദേശങ്ങളില്‍ അവര്‍ക്ക് താമസസൗകര്യം ഉണ്ടാക്കണം. ഏതെങ്കിലും പ്രദേശത്ത് കാലിത്തീറ്റ കിട്ടാന്‍ പ്രയാസമുണ്ടെങ്കില്‍ അത് പരിഹരിക്കണം. നാളെ സ്‌കൂള്‍ തുറക്കുന്നതുകൊണ്ട് സ്‌കൂളുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി നല്ല നിലയില്‍ നടക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഒരുതരത്തിലുളള ആരോഗ്യപ്രശ്‌നങ്ങളും വരാതിരിക്കാനുള്ള മുന്‍കരുതല്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss