|    Nov 16 Fri, 2018 12:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ സിപിഎം നീക്കം

Published : 20th August 2018 | Posted By: kasim kzm

കണ്ണൂര്‍: പ്രളയ ദുരിതബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന കണ്ണൂര്‍ ജില്ലയിലെ വിവിധ ക്യാംപുകളില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ സിപിഎമ്മിന്റെ നീക്കം.
കഴിഞ്ഞദിവസം വൈകീട്ട് കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ അവശ്യസാധനങ്ങളുമായി എത്തിയ എസ്ഡിപിഐയുടെ റെഡ് ആന്റ് ഗ്രീന്‍ ടീം (ആര്‍ജി) അംഗങ്ങളെ പ്രദേശത്തെ ഒരുസംഘം ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ആക്രമിക്കുകയും ചെയ്തു. ആര്‍ജി ടീമിന്റെ സഹായവാഹനങ്ങളും അവര്‍ തകര്‍ത്തു. എസ്ഡിപിഐ പ്രവര്‍ത്തകരെ റവന്യൂ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ഡിവൈഎഫ്‌ഐ-സിപിഎം സംഘം തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
ജില്ലയിലെ സിപിഎം സ്വാധീന മേഖലകളിലെ പല ക്യാംപുകളിലും ഇതാണ് സ്ഥിതി. ഇതര പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ സംഘടിതമായി തടയുകയാണെന്നാണ് ആരോപണം. കഴിഞ്ഞദിവസം കൊട്ടിയൂര്‍ അമ്പായത്തോട് ദുരിതാശ്വാസ ക്യാംപില്‍ മെഡിക്കല്‍ കിറ്റുമായി എത്തിയ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇവിടെ അധികനേരം നിന്നാല്‍ കൈയും കാലും അടിച്ചുതകര്‍ക്കുമെന്നായിരുന്നു ഭീഷണി. മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സമാന അനുഭവങ്ങളുണ്ടായി.
തങ്ങളുടെ സ്വാധീന മേഖലകളിലെ ക്യാംപുകളില്‍ മറ്റുള്ള പാര്‍ട്ടികളുടെ സഹായം വേണ്ടെന്ന വാശിയിലാണ് സിപിഎം പ്രാദേശിക നേതൃത്വം. ക്യാംപില്‍ സ്ഥിരം സേവനത്തിന് റവന്യൂ വകുപ്പ് ആരെയും നിയോഗിച്ചിട്ടില്ല. ക്യാംപുകളില്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിനല്‍കുന്നത് പഞ്ചായത്താണ്. എന്നാല്‍, സിപിഎം പ്രവര്‍ത്തകര്‍ ക്യാംപുകളില്‍ തമ്പടിച്ച് മറ്റുള്ളവരെ നിയന്ത്രിക്കുകയാണെന്നാണ് ആക്ഷേപം. പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശത്തിന് വിരുദ്ധമായി സിപിഎം അനുഭാവികളായ ചില ഉദ്യോഗസ്ഥര്‍ പെരുമാറുകയാണെന്ന പരാതിയും വ്യാപകമാണ്. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായഹസ്തവുമായി എസ്ഡിപിഐ നേരത്തെ രംഗത്തുണ്ട്.
ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ശേഖരിച്ച് ക്യാംപുകളില്‍ എത്തിച്ചുകഴിഞ്ഞു. കൂടാതെ, ഉരുള്‍പൊട്ടലും പ്രളയവും കനത്ത നാശംവിതച്ച ഇരിട്ടി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സര്‍ക്കാരിന്റെ ദുരന്തനിവാരണ സേനകള്‍ക്കൊപ്പം എസ്ഡിപിഐ ആര്‍ജി ടീമും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ദുരന്തമേഖലകളില്‍ എസ്ഡിപിഐ നടത്തുന്ന മാതൃകാ പ്രവര്‍ത്തനങ്ങളില്‍ സിപിഎം വിറളിപൂണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം പ്രസ്താവിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss