|    Sep 23 Sun, 2018 7:02 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 462 വള്ളങ്ങള്‍

Published : 19th August 2018 | Posted By: kasim kzm

കൊല്ലം: മഴക്കെടുതി സൃഷ്ടിച്ച ആശങ്കകള്‍ക്കും ദുഃഖങ്ങള്‍ക്കുമിടയില്‍ സഹായഹസ്തം നീട്ടി കടലിന്റെ മക്കള്‍. 462 ഓളം ഔട്ട്‌ബോര്‍ഡ്് മെഷീന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ സംസ്ഥാനത്തെ 11 ജില്ലകളിലെ ദുരിതാശ്വാസമേഖലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 1500 ഓളം മല്‍സ്യത്തൊഴിലാളികളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിരവധി വലിയ വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി വന്നു.
കൊല്ലം ജില്ലയിലെ വാടി, തങ്കശ്ശേരി, ആലപ്പാട്, തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വലിയതുറ, പൂന്തുറ, ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി, എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, കാളമുക്ക്, ചെല്ലാനം, അന്തകാരനാഴി, തൃശൂര്‍ ജില്ലയിലെ അഴിക്കോട്, കയ്പമംഗലം, ചാവക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പ്രളയബാധിതപ്രദേശത്ത് എത്തിയിട്ടുള്ളത്. കടലിനോട് പടവെട്ടി ജീവിക്കുന്ന ഇവര്‍ക്കുള്ള പരിചയസമ്പന്നത ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി പങ്കെടുത്ത് കാര്യങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സഹായിക്കുന്നുണ്ട്.
വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ചെന്നെത്താന്‍ യാതൊരു വിസമ്മതവും പ്രകടിപ്പിക്കാതെയാണ് ഇവരെത്തുന്നത്. മല്‍സ്യത്തൊഴിലാളി മേഖലയില്‍ നിന്നുള്ള വള്ളങ്ങള്‍ ലോറിയില്‍ കയറ്റിയാണ് വിവിധ സ്ഥലങ്ങളിലേക്കു വന്നെത്തുന്നത്.
ആദ്യദിനം ലോറി വാടക മല്‍സ്യത്തൊഴിലാളികള്‍ തന്നെയാണു നല്‍കിയത്. വളരെ ചുരുങ്ങിയ വരുമാനമുള്ള മല്‍സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ലോറിവാടക താങ്ങാവുന്നതിലപ്പുറമാണെങ്കിലും സാമൂഹിക പ്രതിബദ്ധതയുടെയും സേവനസന്നദ്ധതയുടെയും പ്രതീകങ്ങളായി മാറിയ അവര്‍ക്ക് ലോറിവാടക തടസ്സമായി നിന്നില്ല. സമൂഹത്തിന്റെ ആവശ്യത്തിനായി സ്വമേധയയാണ് മല്‍സ്യത്തൊഴിലാളികള്‍ എത്തിയത്.
തിരുവനന്തപുരം ജില്ലയില്‍ 52 വള്ളങ്ങളും കൊല്ലം- 149, പത്തനംതിട്ട- 2, ആലപ്പുഴ- 65, കോട്ടയം-18, എറണാകുളം- 59, തൃശൂര്‍- 25, മലപ്പുറം- 25, കോഴിക്കോട്- 19, പാലക്കാട്- 6, കണ്ണൂര്‍- 42 വള്ളങ്ങളുമാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിന് എത്തിയത്.
അടൂര്‍, ചെങ്ങന്നൂര്‍, പത്തനംതിട്ട ടൗണ്‍, റാന്നി, തിരുവല്ല, ആറന്‍മുള, രാമങ്കരി, വൈക്കം, ആലുവ, കടമാകുടി, മാള, ചാലക്കുടി, ആലത്തൂര്‍, പട്ടാമ്പി, തൃശൂര്‍, പൂരത്തൂര്‍, മുക്കം, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മല്‍സ്യത്തൊഴിലാളികളുടെ സഹായം. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന മല്‍സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss