|    Aug 15 Wed, 2018 2:52 am
FLASH NEWS

ദുരിതാശ്വാസ ക്യാംപുകള്‍ സജീവം; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Published : 11th August 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലയില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. അപകടഭീഷണി നേരിടുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് താലൂക്കില്‍ മാവൂര്‍ സാംസ്‌കാരിക നിലയം, കച്ചേരിക്കുന്ന് അങ്കണവാടി, പുതുക്കുടി അങ്കണവാടി, തോണിച്ചിറ സാംസ്‌കാരിക നിലയം, ചെറുവണ്ണൂര്‍ ഹൈസ്‌കൂള്‍, വെസ്റ്റ് നല്ലൂര്‍ സ്‌കൂള്‍, കരുവന്‍ തിരുത്തി എന്നീ ദുരിതാശ്വാസ ക്യാംപുകളില്‍ 32 കുടുംബങ്ങളില്‍ നിന്നായി 365 പേര്‍ താമസിക്കുന്നു. വടകര താലൂക്കില്‍ മുളവട്ടം അങ്കണവാടി, കുരുടന്‍ കടവ് അങ്കണവാടി എന്നീ ക്യാംപുകളില്‍ എട്ട് കുടുംബങ്ങളില്‍ നിന്നായി 29 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ മഴയില്‍ വാണിമേല്‍ -നരിപ്പറ്റ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന പാക്വോയി പാലത്തിന് സമീപം പുഴയുടെ അരിക് തകര്‍ന്നു വീണു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. വാണിമേല്‍ വാളാംതോട് പ്രദേശത്ത് നിന്നും 3 കുടുംബങ്ങളെ അടുപ്പില്‍ കോളനിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
മലയങ്ങാട് റോഡ് ഭാഗികമായി തകര്‍ന്നു. കൊയിലാണ്ടി താലൂക്കില്‍ മുതുകാട് ഗവ. എല്‍പി സ്‌കൂള്‍ , കരിയാത്തന്‍ പാറ സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ എന്നീ ക്യാംപുകളിലേക്ക് 13 കുടുംബങ്ങളില്‍ നിന്നായി 65 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ കാര്‍ഷിക മേഖലയെയും മഴ സാരമായി ബാധിച്ചു. രണ്ട് ദിവസത്തിനിടെ ഒരു കോടി മുപ്പത്തി നാല് ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. താമരശ്ശേരി താലൂക്കിലെ അഞ്ച് ക്യാംപുകളിലായി 374 പേരാണുള്ളത്. പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ സെന്റ് ജോസഫ് സ്‌കൂളില്‍ 63 കുടുംബങ്ങള്‍ (116 പേര്‍), മണല്‍വയല്‍ എകെടിഎം സ്‌കൂളില്‍ 48 കുടുംബങ്ങള്‍ (174), തിരുവമ്പാടി പഞ്ചായത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളില്‍ 15 കുടുംബങ്ങള്‍ (48), മുത്തപ്പന്‍പുഴ എല്‍പി സ്‌കൂളില്‍ 3 കുടുംബങ്ങള്‍ (11), കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് എല്‍പി സ്‌കൂളില്‍ അഞ്ച് കുടുംബങ്ങള്‍ (25) എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.
മഴക്കെടുതിയില്‍ താമരശ്ശേരി താലൂക്കില്‍ 14 വീടുകള്‍ പൂര്‍ണമായും 95 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പുതുപ്പാടി പഞ്ചായത്തില്‍ 10 വീടുകള്‍ പൂര്‍ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൂടരഞ്ഞിയില്‍ നാല് വീടുകള്‍ പൂര്‍ണമായും 75 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവമ്പാടി പഞ്ചായത്തിലെ ഇലന്തുകടവ് തുരുത്തില്‍ മലവെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയവരില്‍ ചിലര്‍ വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് തിരിച്ചെത്തി ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. സന്നദ്ധ പ്രവര്‍ത്തകരും സഹായത്തിനുണ്ട്. വില്ലേജ് അധികൃതരും സ്ഥലത്തുണ്ട്.
വീടുകളുടെ രണ്ടര മീറ്റര്‍ ഉയരത്തിലാണ് ഇവിടെ വെള്ളം കയറിയത്. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. ഇലന്തുകടവ് തുരുത്ത് റോഡും മറിപ്പുഴ പാലവും റോഡും മഴവള്ളപ്പാച്ചിലില്‍ തകര്‍ന്നു. കണ്ണപ്പന്‍കുണ്ട് പാലത്തില്‍ മരങ്ങളും കല്ലുകളും നീക്കുന്ന പ്രവൃത്തി വൈകീട്ടോടെ പൂര്‍ത്തിയായി. മട്ടിക്കുന്ന് പാലത്തിലും കല്ലുമാറ്റുന്ന പ്രവൃത്തി വൈകീട്ടും തുടര്‍ന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss