|    Nov 20 Tue, 2018 4:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ദുരിതാശ്വാസ ക്യാംപുകളില്‍ പ്രതീക്ഷയുടെ നിറങ്ങള്‍ വിതറി തിരുവോണാഘോഷം

Published : 27th August 2018 | Posted By: kasim kzm

കൊച്ചി: വിവിധ നിറങ്ങളിലുള്ള ജീരകമിഠായികള്‍ നിലത്തുവിരിച്ച വെള്ള കടലാസില്‍ നിന്നു കുരുന്നുകള്‍ വാശിയോടെ പെറുക്കിയെടുക്കുമ്പോള്‍ മാതാപിതാക്കള്‍ എല്ലാം മറന്ന് അവരെ പ്രോല്‍സാഹിപ്പിച്ചു. അപ്രതീക്ഷിതമായെത്തിയ പ്രളയം ജീവിതത്തെ ആകെ തകര്‍ത്തുവെങ്കിലും അവരുടെ മനസ്സില്‍ ദുരിതങ്ങളുടെ ഓര്‍മകളല്ലായിരുന്നു. പകരം കണ്ണുകളില്‍ നിഴലിച്ചതു പ്രളയം നല്‍കിയ ദുരിതജീവിതം ഇന്നല്ലെങ്കില്‍ നാളെ അതിജീവിക്കുമെന്ന ദൃഢനിശ്ചയം. തിരുവോണ ദിവസം ജില്ലയിലെ മിക്ക ദുരിതാശ്വാസക്യാംപുകളിലും ഇതായിരുന്നു ദൃശ്യം. പ്രളയം നാശംവിതച്ച കേരളത്തിനും മലയാളികള്‍ക്കും ഇത്തവണ ഒരുമയുടെ ഓണമായിരുന്നു. നാടും നഗരവും ഓണം വിപുലമായി ആഘോഷിച്ചില്ല. പകരം ദുരിതത്തിലായ ലക്ഷക്കണക്കിനു പ്രളയബാധിതര്‍ക്കൊപ്പം ആഘോഷങ്ങളില്ലാതെ ഒരുമിച്ചു നില്‍ക്കുകയായിരുന്നു. എന്താണ് ഒരുമയെന്നു ലോകത്തിനു കാണിച്ചു കൊടുക്കുകയായിരുന്നു ഈ ഓണം. ആഘോഷങ്ങളൊക്കെ മാറ്റിവച്ച് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഓണാശംസകളുമായി രാവിലെ തന്നെ പ്രമുഖരടക്കം നിരവധി പേര്‍ എത്തി. ക്യാംപുകളില്‍ സന്നദ്ധപ്രവര്‍ത്തകരും കോളജ് വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ പൂക്കളിട്ടു. കൂട്ടത്തില്‍ ക്യാംപുകളിലെ കുട്ടികളും പൂക്കളമൊരുക്കാന്‍ കൂടി. വിവിധ മല്‍സരങ്ങള്‍ നടത്തി; ഓണസദ്യയുമുണ്ടു. ജില്ലയിലെ പ്രധാന ദുരിതാശ്വാസ ക്യാംപുകളിലൊന്നായ മഹാരാജാസ് കോളജിലെ ഓഡിറ്റോറിയത്തില്‍ ചെറിയൊരു പൂക്കളമൊരുക്കിയാണു പ്രളയക്കെടുതിയിലായവരുടെ മനസ്സിലെ മുറിവുണക്കി ഓണ പരിപാടികള്‍ നടത്തിയത്. തിരുവോണ ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മല്‍സരങ്ങള്‍ നടത്തി. കസേര കളി മുതല്‍ വടംവലി മല്‍സരം വരെ ക്യാംപില്‍ അരങ്ങേറി. ഉറിയടി, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, സ്പൂണ്‍ റെയ്‌സ്, ജീരകമിഠായി പെറുക്കല്‍ എന്നിവങ്ങനെ പരിപാടികള്‍ നീണ്ടു. ക്യാംപിലുള്ളവര്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തകരും വോളന്റിയര്‍മാരായ വിദ്യാര്‍ഥികളും ഒന്നിച്ചുചേര്‍ന്നപ്പോള്‍ എല്ലാവരും ദുഃഖങ്ങള്‍ മറന്നു. ചിരിയോഗയുമായി സുനില്‍കുമാര്‍ എത്തിയപ്പോള്‍ മഹാരാജാസിലെ ക്യാംപില്‍ പൊട്ടിച്ചിരികള്‍ മുഴങ്ങി. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഓണമെന്നു മഹാരാജാസ് കോളജിലെ ക്യാംപില്‍ താമസിക്കുന്ന ചരിയന്‍തുരുത്തില്‍ നിന്നുള്ള കുഞ്ഞച്ചന്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ കുഞ്ഞച്ചനും മകളും രണ്ടു മക്കളുമാണു ക്യാംപിലുള്ളത്. “വീട്ടിലേക്കു മടങ്ങുന്ന കാര്യമോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. എന്നാലും തിരിച്ചുചെല്ലുമ്പോള്‍ കയറിക്കിടക്കാന്‍ വീടുണ്ട്. ഒന്നുകൂടി വൃത്തിയാക്കിയെടുക്കണം. കുറച്ചുനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ വച്ചു നോക്കുമ്പോള്‍ നമ്മള്‍ ഭാഗ്യവാന്‍മാരല്ലേ.’ കുട്ടികളുടെ ജീരകമിഠായി പെറുക്കല്‍ മല്‍സരം കണ്ടുകൊണ്ടിരിക്കെ കുഞ്ഞച്ചന്‍ പറഞ്ഞു. കുഞ്ഞച്ചന്റെ അതേ അവസ്ഥയിലാണു പലരും. എന്നാല്‍ പരാതി പറയാന്‍ ഇവരില്ല. പ്രളയം സമ്മാനിച്ച ദുരിതപര്‍വം താണ്ടുമെന്ന ഉറച്ച വിശ്വാസമാണ് എല്ലാവരിലും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss