|    Nov 15 Thu, 2018 7:52 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ദുരിതാശ്വാസ ക്യാംപുകളില്‍ ശുദ്ധജലമെത്തിക്കാന്‍ നിര്‍ദേശം

Published : 11th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ ഭരണാധികാരികളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി ശുദ്ധജലം ലഭ്യമാക്കണം.
ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് വിവിധ ജില്ലകളിലായി 53,500 പേര്‍ ക്യാംപുകളിലുണ്ട്. എറണാകുളത്ത് മാത്രം 7,500 വീട്ടുകാരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എറണാകുളത്ത് ഇതിനകം തന്നെ മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള, മുഖ്യമന്ത്രിയുടെ പോലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ പങ്കെടുത്തു.
എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തനവും പുനരധിവാസ പ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നതിന് മുഹമ്മദ് ഹനീഷ്, രാജമാണിക്യം എന്നീ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനിച്ചു. ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി ഈ ജില്ലയിലേക്ക് നിയോഗിക്കും. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ടി ജയിംസിനെ വയനാട് ജില്ലയിലേക്ക് നിയോഗിക്കാനും തീരുമാനിച്ചു. ഇടുക്കി അണക്കെട്ടില്‍ നിന്ന് 750 ക്യൂമെക്‌സ് വെള്ളമാണ് ഇപ്പോള്‍ തുറന്നുവിടുന്നത്. നീരൊഴുക്ക് ശക്തമാണെങ്കിലും ജലനിരപ്പ് കൂടുന്നത് നിന്നിട്ടുണ്ട്.
ശക്തമായ മഴ തുടരുകയാണെങ്കില്‍ മാത്രമേ അണക്കെട്ടില്‍ നിന്നു കൂടുതല്‍ തോതില്‍ വെള്ളം തുറന്നുവിടേണ്ടി വരൂ എന്ന് യോഗം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി ഞായറാഴ്ച പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്തു. കേന്ദ്രത്തില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.
മഴക്കെടുതിയുടെ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ ആരംഭിച്ച സംസ്ഥാനതല ദുരന്തനിവാരണ കോ-ഓഡിനേഷന്‍ സെല്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ആര്‍മി, നേവി, എയര്‍ഫോഴ്—സ്, എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ്, പോലിസ്, മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഡിഫന്‍സ് സര്‍വീസ് കോര്‍പ്—സ്, ദുരന്ത നിവാരണ വകുപ്പിലെ വിദഗ്ധര്‍ എന്നിവരടങ്ങിയ സംഘമാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss